സ്വന്തമായി ഒരു വീടുണ്ടാക്കുമ്പോൾ അതിനെക്കുറിച്ച് വ്യത്യസ്തമായ സ്വപ്നങ്ങളാവും ഓരോരുത്തർക്കും ഉണ്ടാവുക. ചിലർ വീടിന്റെ വലുപ്പത്തിനും മറ്റു ചിലർ അകത്തളത്തിലെ സൗകര്യങ്ങൾക്കുമൊക്കെ മുൻതൂക്കം നൽകും. എന്നാൽ മറ്റാർക്കുമില്ലാത്ത വിധത്തിൽ വ്യത്യസ്തമായ ഒരു വീട് എന്ന സ്വപ്നം കാത്തുസൂക്ഷിക്കുന്നവർ ചുരുക്കമായിരിക്കും. അക്കൂട്ടത്തിൽ ഒരാളാണ് പശ്ചിമ ബംഗാൾ സ്വദേശിയായ മിന്റു റോയ് എന്ന കർഷകൻ. കപ്പലിന്റെ ആകൃതിയിലുള്ള ഒരു വീട് എന്ന സ്വപ്നം പൂർത്തിയാക്കാൻ ഒരു പതിറ്റാണ്ടായി ശ്രമിക്കുകയാണ് ഈ 52 കാരൻ.
ഹെലൻഷാ ജില്ലയിലെ സിലിഗുരി എന്ന സ്ഥലത്താണ് മിന്റുവിന്റെ കപ്പൽ വീട് ഒരുങ്ങുന്നത്. ഇങ്ങനെയൊരു ആഗ്രഹം തോന്നിയപ്പോൾ തന്നെ പല എൻജിനീയർമാരെയും അദ്ദേഹം സമീപിച്ചിരുന്നു. എന്നാൽ ഈ ആകൃതിയിൽ ഒരു വീട് യാഥാർത്ഥ്യമാക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ഏവരും കയ്യൊഴിഞ്ഞു. ഒടുവിൽ മറ്റു നിവൃത്തിയില്ലാതെ വന്നതോടെ സ്വന്തമായിതന്നെ വീട് നിർമ്മിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. വീടിന്റെ രൂപകല്പന പൂർണ്ണമായും മിന്റു തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.
അങ്ങനെ കോൺട്രാക്ടർമാരുടെ സഹായം തേടാതെ സ്വന്തമായി 2010 ൽ വീടിന്റെ നിർമ്മാണവും ആരംഭിച്ചു. 39 അടി നീളത്തിലും 13 അടി വീതിയിലും ഒരുങ്ങുന്ന വീടിന് 30 അടി ഉയരവുമുണ്ട്. കൃഷിയിൽ നിന്നും നേടുന്ന വരുമാനത്തിന്റെ ലാഭം സൂക്ഷിച്ചുവച്ചാണ് അദ്ദേഹം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അടിക്കടി ഉണ്ടാകുന്ന സമയത്തെല്ലാം നിർമ്മാണം ഇടയ്ക്കുവച്ച് ഉപേക്ഷിക്കേണ്ടിയുംവന്നു. ഒടുവിൽ തന്റെ വരുമാനംകൊണ്ട് മേസ്തിരിമാർക്ക് പണം നൽകാനാവില്ലെന്ന് മനസ്സിലാക്കിയതോടെ കെട്ടിടനിർമ്മാണം പഠിക്കാനായി അദ്ദേഹം ഇറങ്ങിത്തിരിച്ചു.
അങ്ങനെ നേപ്പാളിൽ എത്തി മൂന്നു വർഷം സമയമെടുത്ത് കെട്ടിടനിർമ്മാണത്തിൽ പരിശീലനം നേടി. നിലവിൽ വീടിന്റെ അടിസ്ഥാന രൂപം പൂർത്തിയായെങ്കിലും ഇനിയും ഏറെ പണികൾ ബാക്കിയുണ്ട്. മൂന്നുനിലകളുള്ള വീട് ഒറ്റനോട്ടത്തിൽ കപ്പലിന്റെ അതേ ആകൃതിയിലാണുള്ളത്. കപ്പലിന്റേതു പോലെയുള്ള പുകക്കുഴലും കൺട്രോൾ റൂമും എല്ലാം ഇവിടെ ഒരുങ്ങുന്നുണ്ട്. അകത്തളത്തിൽ വുഡ് വർക്ക് ചെയ്തു പ്രൗഢമാക്കാനാണ് ശ്രമം. ടൈറ്റാനിക്കിനുള്ളിലേതുപോലെയള്ള വിശാലമായ സ്റ്റെയർകെയ്സും ഒരുക്കും. നിർമ്മാണം പൂർത്തിയായിട്ടില്ലെങ്കിലും ഇപ്പോൾ ഈ പ്രദേശത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് മിന്റുവിന്റെ വീട്.
എങ്ങനെയും ഒരു വർഷത്തിനുള്ളിൽ വീടിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്ന് അദ്ദേഹം പറയുന്നു. പല നിലകളിലായി ഒരുങ്ങുന്ന വീടിന്റെ ഏറ്റവും മുകളിലത്തെ നില റസ്റ്ററന്റായി മാറ്റാനാണ് തീരുമാനം. ഇതുവരെ 15 ലക്ഷത്തോളം രൂപ വീടിന്റെ നിർമ്മാണത്തിനായി മിന്റു ചെലവാക്കികഴിഞ്ഞു. വീട് നിർമ്മാണത്തിൽ പരമ്പരാഗത രീതികളിൽ നിന്നും വ്യത്യസ്തമായി അനന്തസാധ്യതകൾ ഉണ്ടെന്ന് തിരിച്ചറിയാൻ തന്റെ നിർമിതി സഹായകമാകും എന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
English Summary- West Bangal Man Build House look like a ship- News