വാടകയ്ക്ക് വീട് വിട്ടുനൽകുന്നതിന് പലരും പല നിബന്ധനകളും വയ്ക്കാറുണ്ട്. വളർത്തുമൃഗങ്ങളെ ഒപ്പം കൂട്ടരുത് എന്നും വീടിനു കേടുപാടുകൾ ഉണ്ടാക്കരുത് എന്നുമെല്ലാം നിബന്ധനകൾ നീളും. ഉടമസ്ഥരുടെ നിബന്ധനകൾക്ക് ചേരാത്തതായി എന്തെങ്കിലും കാര്യമുണ്ടെങ്കിൽ അധിക തുക വാടകയിനത്തിൽ ഈടാക്കുന്നവരുമുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരേയൊരു നിബന്ധനയുമായി ചേർന്നു പോകുന്നവർക്ക് സൗജന്യമായി താമസസൗകര്യം നൽകാം എന്ന ഓഫറുമായാണ് അയർലണ്ടിലെ ഗോൾവേയിൽ അഞ്ചു കിടപ്പുമുറികളുള്ള ഒരു വീട് പരസ്യപ്പെടുത്തിയിരിക്കുന്നത്. നിബന്ധനയും ഏറെ ലളിതമാണ്. കുട്ടികളുള്ള കുടുംബമായിരിക്കണം എന്നത് മാത്രമാണ് ഉടമസ്ഥർ ആവശ്യപ്പെടുന്നത്.
ഈ വിചിത്രമായ പരസ്യത്തിന് പിന്നിൽ ഒരു ലക്ഷ്യമുണ്ട്. ഗോൾവേയിലെ ഒരു സ്കൂളാണ് കുട്ടികളുള്ളവർക്ക് സൗജന്യമായി വീട് വിട്ടുനിൽക്കുന്നത്. അടച്ചുപൂട്ടലിന്റെ വക്കിൽ നിൽക്കുന്ന സ്കൂളിലെ കുട്ടികളുടെ എണ്ണം നിലനിർത്താനുള അവസാന ശ്രമമാണ് ഈ വമ്പൻ ഓഫർ. ഗോൾവേയിലെ കൊന്നെമാര ഗെയ്ൽടാക്ടിലാണ് വീട് സ്ഥിതി ചെയ്യുന്നത്. നൗം പാട്രേഗ് എന്ന സ്കൂളിൽ നിന്നും രണ്ട് മിനിറ്റ് ഡ്രൈവ് ചെയ്താൽ ഇവിടെയെത്താം.
1965 ൽ ആരംഭിച്ച സ്കൂളാണിത്. രണ്ട് അധ്യാപകരും ഒരു സപ്പോർട്ട് ടീച്ചറും ഇവിടെയുണ്ട്. എന്നാൽ അടുത്തകാലങ്ങളിലായി സ്കൂളിൽ കുട്ടികളുടെ എണ്ണം നന്നേ കുറവാണ്. നിലവിൽ ഏറ്റവും ചുരുങ്ങിയത് 12 കുട്ടികളെങ്കിലും ഇല്ലാത്തപക്ഷം സ്കൂളിൽ നിന്നും ഒരു അധ്യാപകനെ പിരിച്ചുവിടേണ്ടി വരുമെന്ന അവസ്ഥയിലാണ് അധികൃതർ. എന്നാൽ സ്കൂളിനോട് ചേർന്ന പ്രദേശത്താവട്ടെ ഈ പ്രായത്തിലുള്ള കുട്ടികൾ അധികമില്ല താനും. സ്കൂൾ നിലനിർത്താൻ മറ്റൊരു മാർഗ്ഗവുമില്ല എന്ന് ഉറപ്പിച്ചതോടെയാണ് ഇവിടെ പഠിക്കാനാവുന്ന പ്രായത്തിലുള്ള കുട്ടികളുള്ള മാതാപിതാക്കൾക്ക് വമ്പൻ ഓഫർ നൽകാൻ അധികൃതർ തീരുമാനിച്ചത്.
അതായത് സ്കൂൾ വിട്ടുനൽകുന്ന വീട്ടിൽ താമസമാക്കുന്നവർക്ക് സൗജന്യ താമസത്തിനൊപ്പം മികച്ച ഒരു സ്കൂളിൽ കുട്ടികൾ പഠിക്കുന്നതിന്റെ സംതൃപ്തിയും ലഭിക്കുമെന്ന് ചുരുക്കം. വീട്ടിൽ നിന്നും ബെല്ലിന എന്ന നഗരത്തിലേക്ക് 25 കിലോമീറ്റർ ദൂരം മാത്രം സഞ്ചരിച്ചാൽ മതിയാകും. നഗരത്തിന്റെ തിരക്കുകളില്ലാതെ പ്രകൃതി സുന്ദരമായ സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നു എന്നതാണ് മറ്റൊരു ആകർഷണം.
എന്തായാലും കുട്ടികളെ തേടിയുള്ള ഈ പരസ്യം ഫലം കണ്ടു എന്ന് വേണം പറയാൻ. കാരണം 1600 അപേക്ഷകളാണ് ഇതിനോടകം ലഭിച്ചത്. ഏറ്റവും അനുയോജ്യരായ കുടുംബത്തെ കണ്ടെത്തി താമസ സൗകര്യം നൽകാനും സ്കൂൾ നിലനിർത്താനുമാകും എന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതർ.
English Summary- Home offered free for an year- News