ADVERTISEMENT

മനസ്സിനിണങ്ങിയ ഒരു വീട് കണ്ടെത്തുക എന്നത് പലരുടെയും ജീവിതാഭിലാഷമാണ്. അങ്ങനെയൊരു വീട് വാങ്ങാനോ നിർമ്മിക്കാനോ സാധിക്കാതെ വന്നാൽ അങ്ങേയറ്റം നിരാശയും ഉണ്ടാകും. എന്നാൽ സ്വപ്നഭവനം കൈപ്പിടിയിലെത്തിയിട്ടും നഷ്ടമാകുന്ന അവസ്ഥ അതിലുമൊക്കെ വിഷമകരമാണ്. ഈ വിഷമം താങ്ങാനാവാതെയാണ് യുകെയിലെ കോൺവോൾ സ്വദേശിയായ റോബർട്ട് മിൻഷൽ എന്ന നാവികോദ്യോഗസ്ഥൻ സ്വന്തം ജീവനെടുത്തത്. യുദ്ധങ്ങളിൽ പങ്കെടുത്ത സൈനികനായിരുന്നിട്ടു കൂടി താൻ ഏറെ ആഗ്രഹിച്ച വീട് നഷ്ടപ്പെട്ടതിന്റെ വേദന അദ്ദേഹത്തിന് സഹിക്കാനായിരുന്നില്ല. കഴിഞ്ഞ വർഷമാണ് റോബർട്ട് ദുഃഖം താങ്ങാനാവാതെ ജീവനൊടുക്കിയത്.

കോൺവാളിലെ ഹെൽസ്ടണിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു വീട് വാങ്ങാൻ ഏതാണ്ട് ഒന്നരവർഷം മുൻപാണ് റോബർട്ടും ഭാര്യ കെറിയും തീരുമാനിച്ചത്. 3,75,000 പൗണ്ടിന് (3.81 കോടി രൂപ) വീട് വാങ്ങാനായിരുന്നു ഡെവലപ്പറുമായി ധാരണയിൽ എത്തിയത്. വീട് കണ്ട് അത് സ്വന്തമാക്കണമെന്ന് റോബർട്ട് അതിയായി ആഗ്രഹിച്ചിരുന്നതായി കെറി പറയുന്നു. വില്പന സംബന്ധിച്ച് തീരുമാനമായ ശേഷം ഫർണിച്ചറുകൾ, വാർഡ്രോബുകൾ, ബ്ലൈൻഡുകൾ തുടങ്ങിയവ വാങ്ങുന്നതിനും നടപടിക്രമങ്ങൾക്കുമായി 10,000 പൗണ്ട് (10 ലക്ഷം രൂപ) ഇവർ ചെലവിടുകയും ചെയ്തു. എന്നാൽ നിർമ്മാണം പുരോഗമിക്കുന്നതിനിടെയാണ് ചുറ്റുമുള്ള വീടുകളുടെ മതിലുകളെ അപേക്ഷിച്ചു തങ്ങളുടെ വീടിന്റെ വേലിക്കെട്ടിന് ഉയരം കുറവാണെന്ന് ഇവർ തിരിച്ചറിഞ്ഞത്.

house-dispute1
©SWNS

ആറടി ഉയരത്തിൽ നിർമ്മിക്കേണ്ടതിനു പകരം ചുറ്റുമതിലിന് നാലടി ഉയരം മാത്രമാണ് ഉണ്ടായിരുന്നത്. റോബർട്ട് ഇത് ചോദ്യം ചെയ്തു. രണ്ട് പെൺമക്കളുള്ള കുടുംബത്തിന് വേണ്ടത്ര സുരക്ഷ ലഭിക്കില്ല എന്ന  കാരണം ചൂണ്ടിക്കാട്ടിയെങ്കിലും നിർമ്മാതാക്കൾ ഇത് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ഇതേത്തുടർന്ന് വിൽപന റദ്ദാക്കിയ ശേഷം 75,000 പൗണ്ട് (76 ലക്ഷം രൂപ) അധികമായി ആവശ്യപ്പെട്ടുകൊണ്ട് വീട് വീണ്ടും വില്പനയ്ക്ക് പരസ്യപ്പെടുത്തുകയും ചെയ്തു. നിവൃത്തിയില്ലാതെ കുടുംബം സമീപത്തു തന്നെയുള്ള മറ്റൊരു വീട് കണ്ടെത്തി. 

എന്നാൽ ഈ വീട്ടിൽ റോബർട്ട് അത്ര തൃപ്തനായിരുന്നില്ല എന്ന് കെറി പറയുന്നു. ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ എന്നിവയ്ക്ക് പുറമേ മദ്യപാന ശീലവും അദ്ദേഹം തുടങ്ങി. വീട് നഷ്ടപ്പെട്ടതിന്റെ നിരാശയിൽനിന്നും തിരിച്ചുകയറാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. മാനസിക സമ്മർദ്ദം ചെറുത്തുനിൽക്കാനാവാതെ വന്നതോടെ നേവി ഡോക്ടർമാരെ സമീപിച്ച് ആന്റി- ഡിപ്രസൻഡുകളും അദ്ദേഹം കഴിച്ചു തുടങ്ങിയിരുന്നു. ബജറ്റിനൊത്ത് ലഭിച്ച സ്വപ്ന വീട് നഷ്ടപ്പെട്ടതിനൊപ്പം ജീവിത ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തെക്കുറിച്ചുള്ള ചിന്തയാണ് അദ്ദേഹത്തെ വലിയ മാനസിക പ്രശ്നങ്ങളിലേക്ക് തള്ളിയിട്ടത്. ഒടുവിൽ കഴിഞ്ഞവർഷം ഒക്ടോബറിൽ താമസിച്ചിരുന്ന വീടിന്റെ ഗരാജിൽ തന്നെ അദ്ദേഹം തൂങ്ങിമരിക്കുകയായിരുന്നു.

വീട് നഷ്ടപ്പെട്ടതാണ് റോബർട്ടിന്റെ മരണകാരണം എന്നത് വാർത്തയായതോടെ ഇത്തരം ഒരു സാഹചര്യമുണ്ടായതിന് തങ്ങൾ കുറ്റക്കാരല്ല എന്നാണ് നിർമ്മാതാക്കളുടെ പക്ഷം. വീടിന്റെ വില ഉയർത്തിയത് ബിസിനസിന്റെ ഭാഗമായി മാത്രമാണെന്ന് നിർമ്മാണ കമ്പനിയുടെ ഉടമയായ ഡേവിഡ് മാർട്ടിൻ പറയുന്നു. ഇക്കാര്യത്തിൽ താൻ തെറ്റായി എന്തെങ്കിലും ചെയ്തതായി തോന്നുന്നില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 20 വീടുകളാണ് ഇതേ സ്ഥലത്ത് നിർമ്മിച്ചിട്ടുള്ളത്. അവ വാങ്ങിയ മറ്റാരുമായും ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. എന്നാൽ സമയത്തിന് അനുസൃതമായി മാത്രമാണ് വില വർദ്ധിപ്പിച്ചതെന്നും ഡേവിഡ് പറയുന്നു.

English Summary- Lost Dreamhome Navy Person commit suicide- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com