ദുബായിൽ ഒരുങ്ങുന്നത് ലോകത്തിലെ ആദ്യത്തെ 3D പ്രിന്റഡ് മസ്ജിദ്!

dubai-masjid
©ICON
SHARE

കെട്ടിട നിർമാണ മേഖലയിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് 3ഡി പ്രിന്റിങ് നിർമാണ രീതി ലോകത്തിനു മുന്നിൽ അവതരിപ്പിക്കപ്പെട്ടത്.  ബഹുനില കെട്ടിടങ്ങളും പാലങ്ങളുമൊക്കെ 3 ഡി പ്രിന്റിങ്ങിലൂടെ നിർമിക്കപ്പെട്ടത് ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടാണ്. ഇപ്പോഴിതാ നിർമാണ മേഖലയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കുന്ന ദുബായിൽ ലോകത്തിലെ ആദ്യത്തെ 3 ഡി പ്രിന്റഡ് മസ്ജിദ് ഒരുങ്ങുന്ന വിവരമാണ് പുറത്തുവരുന്നത്.

ഒരേസമയം 600 പേർക്ക് പ്രാർഥിക്കാനുള്ള സൗകര്യങ്ങളോടെയാണ് പള്ളി ഒരുങ്ങുന്നത്. രണ്ടു നിലകളിലായി ഒരുങ്ങുന്ന പള്ളിക്ക് 2000 ചതുരശ്ര മീറ്റർ വിസ്തൃതി ഉണ്ടാവുമെന്ന് ദുബായ് സർക്കാരിലെ ഇസ്‌ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റിന്റെ തലവനായ അലി മുഹമ്മദ് അൽഹല്യാൻ അറിയിക്കുന്നു. കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഈ വർഷത്തിന്റെ അവസാനത്തോടെ ആരംഭിച്ച് 2025 ന്റെ തുടക്കത്തിൽ പൂർത്തിയാക്കാനാണ് പദ്ധതി.

പരമ്പരാഗത നിർമാണ രീതിയുമായി താരതമ്യപ്പെടുത്തുമ്പോൾ സമയ ലാഭവും നിർമാണ സാമഗ്രികൾ പരമാവധി പാഴാകാതിരിക്കുമെന്ന മേന്മയും കണക്കിലെടുത്താണ് 3 ഡി പ്രിന്റഡ് നിർമാണ രീതി അവലംബിക്കാൻ തീരുമാനിച്ചത് എന്ന് അൽഹല്യാൻ അറിയിച്ചു. അതേസമയം നിർമാണ ചുമതല ഏറ്റെടുത്ത കമ്പനിയുടെ പേരു വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഡിസൈൻ വിവരങ്ങൾ ഉപയോഗിച്ച് പ്രോഗ്രാം ചെയ്ത വലിയ പ്രിന്റിങ് മെഷീനുകളുടെ സഹായത്തോടെയാണ് നിർമാണം. 3 ഡി പ്രിന്റഡ് നിർമാണ രീതിയിൽ പ്രധാനമായും കോൺക്രീറ്റാണ് ഉപയോഗിക്കുന്നതെങ്കിലും കളിമണ്ണ് പോലെയുള്ള വസ്തുക്കളും ഉപയോഗിക്കാം എന്നതാണ് മേന്മ. 

3d-majid-dubai
©ICON

ലോകത്തിന്റെ 3 ഡി പ്രിന്റിങ് തലസ്ഥാനമായി മാറുക എന്ന ലക്ഷ്യത്തോടെയാണ് ദുബായുടെ മുന്നേറ്റം. 2030നകം എമിറേറ്റിൽ നിർമിക്കപ്പെടുന്ന പുതിയ കെട്ടിടങ്ങളിൽ 25 ശതമാനവും 3ഡി പ്രിന്റിങ് രീതി അവലംബിച്ചു കൊണ്ടാകണമെന്ന തീരുമാനവും ഭരണകൂടം എടുത്തിട്ടുണ്ട്. 2019 ൽ 9.5 മീറ്റർ ഉയരവും 640 ചതുരശ്ര മീറ്റർ വിസ്തൃതിയുമുള്ള ദുബായ് മുനിസിപ്പാലിറ്റി കെട്ടിടം നിർമിച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ 3ഡി പ്രിന്റഡ് കെട്ടിടം എന്ന റെക്കോർഡും ദുബായ് സൃഷ്ടിച്ചിരുന്നു. ഇതിനു പുറമേ ലോകത്തിലെ ആദ്യത്തെ 3 ഡി പ്രിന്റഡ് ഓഫിസ്,  3 ഡി പ്രിന്റഡ് ഡ്രോൺ റിസർച്ച് ലബോറട്ടറി എന്നിവയും എമിറേറ്റിന് സ്വന്തമാണ്.

3d-printer
©ICON

സാങ്കേതിക വിദ്യയുടെ മികവിന്റെ പിൻബലത്തിൽ നിർമിക്കപ്പെടുന്നതിനാൽ നിർമാണ ചെലവ് കുറയ്ക്കാനും നിർമാണ തകരാറുകൾ ഉണ്ടാവാതെ ശ്രദ്ധിക്കാനുമാകും എന്നതാണ് 3 ഡി പ്രിന്റിങ് നിർമാണ രീതിയുടെ എടുത്തു പറയേണ്ട സവിശേഷത എന്ന് നെതര്‍ലൻഡ്സിലെ ഐന്ദ്ഹോവൻ സാങ്കേതിക സർവകലാശാലയുടെ തലവനായ തിയോ സാലറ്റ് പറയുന്നു. പരിശീലനം നേടിയ നിർമാണ തൊഴിലാളികളുടെ ലഭ്യതക്കുറവ് നിർമാണ മേഖലയെ ബാധിക്കാതെ നോക്കാനും ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും. ദുബായിൽ ഉയരുന്ന 3 ഡി പ്രിന്റഡ് മസ്ജിദ് സാങ്കേതികവിദ്യയുടെ അടുത്ത ഘട്ടത്തിന് തുടക്കം കുറിക്കുന്ന ഒന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary- World first 3D Printed Mosque to built in Dubai- News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA