ADVERTISEMENT

150 മില്യനിലേറെ സബ്സ്ക്രൈബേഴ്‌സുമായി യൂട്യൂബിലെ ഏറ്റവും അധികം ആരാധകരുള്ള വ്യക്തികളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് മിസ്റ്റർ ബീസ്റ്റ് എന്നറിയപ്പെടുന്ന ജിമ്മി ഡൊണാൾഡ്സൺ. യൂട്യൂബ് വിഡിയോകളിലൂടെ നേടിയ വരുമാനം കൊണ്ട് മിസ്റ്റർ ബീസ്റ്റ് അമേരിക്കയിൽ നിരവധി വീടുകൾ സ്വന്തമാക്കിയതായാണ് വിവരം. സ്വന്തമായി താമസിക്കുന്നതിനും കുടുംബത്തിനുവേണ്ടിയും തനിക്ക് കീഴിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടിയും എല്ലാം ഇദ്ദേഹം വീടുകൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്.

നോർത്ത് കരോളിനയിലെ ഗ്രീൻവില്ലിലാണ് ഈ വീടുകൾ സ്ഥിതിചെയ്യുന്നത്. 25 കാരനായ ജിമ്മിക്ക് ഇതിനോടകം 54 മില്യൻ ഡോളറിന്റെ (443 കോടി രൂപ) ആസ്തിയുണ്ട്. 40 ബില്യനിലധികം കാഴ്ചക്കാരാണ് മിസ്റ്റർ ബീസ്റ്റിന്റെ വിഡിയോകൾക്കുള്ളത്. താരതമ്യേന ലളിതമായ ശൈലിയിലുള്ള അഞ്ച് വീടുകളാണ് ഒരേപ്രദേശത്തുതന്നെ ഇദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. 2018 ലാണ് ഇവയിൽ ആദ്യത്തെ വീട്  വാങ്ങിയത്. 320,000 ഡോളർ (2.62 കോടി രൂപ) ആയിരുന്നു ഇതിന്റെ വില.

youtuber
Jimmy Donaldson ∙ Image credits : Mr Beast / Instagram

3000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ ഇരുനില വീടിന് നാല് കിടപ്പുമുറികളും നാല് ബാത്റൂമുകളും ഉണ്ട്. 2020 ലാണ് മിസ്റ്റർ ബീസ്റ്റ് രണ്ടാമത്തെ വീട് വാങ്ങുന്നത്. 263000 ഡോളറാണ് (2.15 കോടി രൂപ) ഈ വീടിനായി അദ്ദേഹം ചിലവിട്ടത്. പിന്നീടിങ്ങോട്ട് ഈ വീടുകൾക്ക് ചുറ്റുമുള്ള മറ്റു മൂന്നു വീടുകൾ കൂടി വിപണിമൂല്യത്തെക്കാൾ ഉയർന്ന വിലയ്ക്ക് ജിമ്മി വാങ്ങി കൂട്ടുകയായിരുന്നു. ഇവയ്ക്കെല്ലാം ചേർത്ത് 1.45 മില്യൻ ഡോളറാണ് (11.89 കോടി രൂപ) ജിമ്മി ചെലവിട്ടത്.

നിലവിൽ ഈ തെരുവിലെ ഒരേയൊരു വീട് മാത്രമാണ് ജിമ്മിയുടെ ഉടമസ്ഥതയിൽ അല്ലാതെ അവശേഷിക്കുന്നത്. തനിക്ക് ഒരിക്കൽ ഇലോൺ മസ്കിനെ പോലെ ആയിത്തീരണമെന്ന ആഗ്രഹം 2020 ൽ ട്വിറ്റർ പോസ്റ്റിലൂടെ ജിമ്മി പങ്കുവെച്ചിട്ടുണ്ട്. അടുത്തയിടെ ബധിരരായ ആയിരം വ്യക്തികൾക്ക് ശ്രവണ സഹായികൾ ഇദ്ദേഹം കൈമാറിയിരുന്നു. മൂന്നു മില്യൻ ഡോളർ (24 കോടി രൂപ )ആയിരുന്നു പദ്ധതിയുടെ മുതൽമുടക്ക്. എന്നാൽ ഈ നീക്കം ഏറെ വിമർശനങ്ങളിലേക്കും വഴിവച്ചു. പ്രശസ്തിക്കുവേണ്ടി ജിമ്മി നടത്തിയ 'ഷോ' എന്ന നിലയിലായിരുന്നു വിമർശനങ്ങൾ. എന്നാൽ നല്ലത് ചെയ്യുന്നതിന് വിമർശിക്കരുതെന്ന് പറഞ്ഞുകൊണ്ട് ജിമ്മിക്ക് പിന്തുണയേകി ഇലോൺ മസ്ക് തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

English Summary- Most Subscribed Individual In Youtube Life- Real Estate Assets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com