വീട് വില്പനയ്ക്കിടെ നേരിട്ടേക്കാവുന്ന പ്രശ്നങ്ങൾ നിരവധിയാണ്. വിലയും വീടിന്റെ അവസ്ഥയുമെല്ലാം ചിലപ്പോൾ ഇടനിലക്കാർക്ക് തീരാതലവേദനയായെന്ന് വരാം. എന്നാൽ അമേരിക്കയിലെ മൊണ്ടാനയിൽ റിയൽ എസ്റ്റേറ്റ് ഏജന്റായി പ്രവർത്തിക്കുന്ന അലീസ വെബ് എന്ന യുവതിക്ക് ഉണ്ടായപോലെ ഒരുഅനുഭവം അധികമാർക്കും ഉണ്ടാവാനിടയില്ല. വില്പനയ്ക്കു വച്ച വീട്ടിൽ അത് വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചവർക്കായി വിർച്വൽ ടൂർ നടത്തുന്നതിനിടെ ഒരു അജ്ഞാതനെ കണ്ടെത്തുകയായിരുന്നു അലീസ.
വീടിന്റെ വ്യത്യസ്ത ഭാഗങ്ങൾ കാണിച്ചു കൊടുക്കുന്നതിനിടെ ഗരാജിന്റെ ഭാഗത്ത് എത്തിയപ്പോഴാണ് സംഭവം. റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ അലീസ തന്നെ സമൂഹമാധ്യമ പേജുകളിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഓരോ മുറികളെയും പറ്റി വിശദീകരിച്ചുകൊണ്ട് ഗരാജിന് മുന്നിലെത്തി വാതിൽ തുറന്ന സമയത്ത് സിഗരറ്റിന്റെ ഗന്ധം അനുഭവപ്പെട്ടു. ഗന്ധത്തിന്റെ ഉറവിടം കണ്ടെത്താനായി മറ്റൊരു ഭാഗത്തേക്ക് നോക്കിയപ്പോഴാണ് ഒരു വ്യക്തി അവിടെ നിൽക്കുന്നത് കണ്ടത്. അടച്ചിട്ട വീടിനുള്ളിൽ ഇത്തരം ഒരു കാഴ്ച പ്രതീക്ഷിക്കാതിരുന്ന അലീസ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് വാതിൽ വലിച്ചടച്ച് പുറത്തേക്ക് ഓടുകയായിരുന്നു.
വീടിനുള്ളിൽ ഒറ്റയ്ക്കായിരുന്നതിനാൽ അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന പരിഭ്രാന്തിയിലായിപ്പോയി താനെന്ന് യുവതി പറയുന്നു. അയാൾ ആക്രമിക്കുമോ എന്ന ഭയത്തിലാണ് ഇറങ്ങി ഓടിയത്. അഞ്ചുവർഷമായി റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന അലീസ ഇത്തരമൊരു അനുഭവം ആദ്യമാണെന്നും പറയുന്നുണ്ട്. വീട് വില്പനയ്ക്ക് എന്ന് കാണിക്കുന്ന പരസ്യം വീട്ടിനുമുന്നിൽ തന്നെ സ്ഥാപിച്ചിരുന്നു. ഇതു കണ്ട് ആൾത്താമസമില്ലാത്ത വീടാണെന്ന് മനസ്സിലാക്കിയാവാം അജ്ഞാതൻ അതിനുള്ളിൽ കയറിക്കൂടിയത് എന്നാണ് അലീസയുടെ നിഗമനം. എന്നാൽ ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും അജ്ഞാതൻ കടന്നു കളഞ്ഞിരുന്നു.
വീടുകളുടെയും വാങ്ങാൻ എത്തുന്നവരുടെയും സുരക്ഷ കണക്കിലെടുത്ത് വീട് കൈമാറ്റം ചെയ്യാൻ ആഗ്രഹിക്കുന്നവർ വില്പന ബോർഡ് സ്ഥാപിക്കരുതെന്നാണ് അലിസ നൽകുന്ന മുന്നറിയിപ്പ്.
English Summary- Real Estate Agent Locate Squatter during Home Tour