138 കോടിയുടെ ബംഗ്ലാവ് വാങ്ങി; അബദ്ധം തിരിച്ചറിഞ്ഞു; പൊളിച്ചു നീക്കാനൊരുങ്ങി ഉടമ

bungalow
©SWNS
SHARE

കഠിനാധ്വാനത്തിലൂടെ തന്റെ റിക്രൂട്ട്മെന്റ് ബിസിനസിൽ വിജയം നേടിയതോടെയാണ് യുകെ സ്വദേശിയായ ടോം ഗ്ലാൻഡ്ഫീൽഡിന് സ്വന്തമായി ഒരു ആഡംബര ബംഗ്ലാവ് വേണമെന്ന് തോന്നിയത്. ഡോർസെറ്റിലെ സാൻഡ്ബാങ്ക്സ് എന്ന മനോഹരമായ പ്രദേശത്ത് അത്തരത്തിൽ ഒരു ബംഗ്ലാവ് ടോം കണ്ടെത്തുകയും ചെയ്തു.  അല്പം കാലപ്പഴക്കം ചെന്നതാണെങ്കിലും ബംഗ്ലാവ് കണ്ട് ഏറെ ഇഷ്ടപ്പെട്ട ടോം 13.5 മില്യൻ പൗണ്ട് (138.43 കോടി രൂപ) ചെലവഴിച്ച് ബംഗ്ലാവ് വാങ്ങി. പക്ഷേ ഇപ്പോൾ പൂർണ്ണമായി പൊളിച്ചു നീക്കാനൊരുങ്ങുകയാണ് ടോം.

തീരദേശത്തിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാവുന്ന ഇടത്ത് സ്ഥിതി ചെയ്യുന്ന ബംഗ്ലാവിന് സ്വിമ്മിങ് പൂൾ അടക്കമുള്ള ധാരാളം സൗകര്യങ്ങളുമുണ്ട്. ഒരു ചതുരശ്രഅടിക്ക്  4,640 പൗണ്ട് (4.75 ലക്ഷം രൂപ) വില നൽകാൻ ടോമിനു മടി തോന്നാഞ്ഞതും ഈ കാരണങ്ങൾ കൊണ്ടായിരുന്നു. അകലെ നിന്ന് നോക്കിയാൽ അല്പം നവീകരണ പ്രവർത്തനങ്ങൾ വേണ്ടിവരും എന്നു മാത്രമേ അദ്ദേഹം കരുതിയിരുന്നുള്ളൂ. എന്നാൽ താൻ പ്രതീക്ഷിച്ചതിനേക്കാളുപരി പ്രശ്നങ്ങളാണ് ഈ പഴയ ബംഗ്ലാവിനുള്ളത് എന്ന് ടോം പറയുന്നു.  ചോർന്നൊലിക്കുന്ന മേൽക്കൂരയും പൂപ്പൽ നിറഞ്ഞ ഭിത്തികളും പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലായ സ്വിമ്മിങ് പൂളുമെല്ലാം ടോമിന്റെ ഉറക്കം കെടുത്തിത്തുടങ്ങി.

bungalow-view
©SWNS

ഇക്കഴിഞ്ഞ മാർച്ചിലാണ് അദ്ദേഹം വീട് സ്വന്തമാക്കിയത്. എന്നാൽ വാസയോഗ്യമല്ല എന്ന് ഉറപ്പിച്ചതോടെ കോടികൾ മുടക്കി സ്വന്തമാക്കിയ ബംഗ്ലാവ് അപ്പാടെ ഇടിച്ചു നിരത്തി പുതിയതൊന്ന് നിർമ്മിക്കാൻ ഒരുങ്ങുകയാണ് ടോം. നിരവധി ആഡംബര ബംഗ്ലാവുകൾ സ്ഥിതി ചെയ്യുന്ന മേഖലയായതിനാൽ 'മില്യനേഴ്സ് റോ' എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. കാഴ്ചയിൽ അവയോട് ചേർന്ന് പോകുമെങ്കിലും ഇത് പൊളിച്ചു നീക്കുകയല്ലാതെ ടോമിനും കുടുംബത്തിനും ഇവിടെ താമസിക്കുക എന്നത് പ്രയോഗികമല്ല.

ബംഗ്ലാവിരിക്കുന്ന സ്ഥാനത്ത് സുസ്ഥിരത ഉറപ്പാക്കുന്ന ഒരു പ്രകൃതിസൗഹൃദ വീട് നിർമിക്കാനാണ് ടോമിന്റെ ഉദ്ദേശം. വേലിയേറ്റ സമയത്ത് കേടുപാടുകൾ വർധിക്കാനുള്ള സാധ്യതയും കൂടി പരിഗണിച്ചാണ് ബംഗ്ലാവ് പൊളിച്ചു നീക്കാനും സുരക്ഷ ഉറപ്പാക്കുന്ന മറ്റൊന്ന് നിർമ്മിക്കാനും അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.

bungalow-kitchen
©SWNS

സ്റ്റുഡന്റ് ലോൺ എടുത്ത് സുഹൃത്തിന്റെ വീടിന്റെ മച്ചിലാണ് ആദ്യമായി ടോം തന്റെ ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചത്. വർഷങ്ങളോളം ഇതേ ഓഫിസ് മുറി തന്നെ വീടായി ഉപയോഗിച്ചായിരുന്നു ടോമിന്റെ ജീവിതം. ജോലിക്കാർ വരും മുൻപ് സ്ലീപ്പിങ് ബാഗ് ഒളിപ്പിച്ചു വച്ചിരുന്ന കാലം തനിക്കുണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. ഇന്നിപ്പോൾ അമേരിക്കയിലും യൂറോപ്പിലുമെല്ലാം ശാഖകളുള്ള ടോമിന്റെ കമ്പനിയിൽ 450 ൽ പരം ആളുകൾ ജോലി ചെയ്യുന്നുമുണ്ട്.

കേരളത്തിലെ വേറിട്ട വീടുകൾ കാണാം!

English Summary- Man Purchased Old Bungalow forced to Demolish- News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA