ADVERTISEMENT

തിരുവനന്തപുരത്ത് വീട്ടിലെ ഫ്രിജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. ഫ്രിജിന്റെ കംപ്രസര്‍ യൂണിറ്റ് പൊട്ടിത്തെറിച്ചാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞവർഷം ചെന്നൈയിൽ സമാന അപകടത്തിൽ മൂന്ന് സഹോദരങ്ങൾ കൊല്ലപ്പെട്ടിരുന്നു. ദീർഘകാലം അടച്ചിട്ട വീട്ടിൽ തിരിച്ചെത്തി ഫ്രിജ് പ്രവർത്തിച്ചപ്പോഴായിരുന്നു ചെന്നൈയിലെ ദുരന്തം.

പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവവും കഴിഞ്ഞ വർഷം കേരളത്തിലുണ്ടായി. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുള്ള അപകടങ്ങളും ഇടയ്ക്ക് സംഭവിക്കാറുണ്ട്. അതുകൊണ്ട് അടുക്കളയിലെ സുരക്ഷ വീണ്ടും പ്രസക്തമാവുകയാണ്. ഒരിക്കൽ ഗൃഹോപകരണങ്ങൾ കൊണ്ടുവച്ചാൽ അതിന്റെ കാലാനുസൃതമായ പരിശോധനയ്ക്കും റിപ്പയറിങ്ങിനും പലരും പ്രാധാന്യം കൊടുക്കാറില്ല. ഗൃഹോപകരണങ്ങൾ കൃത്യമായ കാലാവധിയിൽ പരിശോധന നടത്തി പ്രവർത്തനക്ഷമമാണെന്ന് ഉറപ്പിക്കേണ്ടത് ആവശ്യമാണ്.

fridge

കേരളത്തിൽ പൂട്ടിക്കിടക്കുന്ന ധാരാളം വീടുകളുണ്ട്. അതിനാൽ ഇത് വളരെയേറെ ശ്രദ്ധിക്കേണ്ട വിഷയമാണ്. പ്രവാസികൾ നീണ്ട ഇടവേളയ്ക്കുശേഷം വീട്ടിൽ തിരിച്ചെത്തുമ്പോൾ ഇലക്ട്രിക്കൽ ഉപകരണങ്ങൾ സ്വയം പ്രവർത്തിപ്പിക്കും മുൻപ് ഒരു ഇലക്ട്രീഷ്യനെ കൊണ്ട് പരിശോധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്.

റഫ്രിജറേറ്റർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

fridge

∙ ദീർഘകാലത്തേക്ക് താമസം മാറി പോകുന്നവർ മടങ്ങിയെത്തുമ്പോൾ റഫ്രിജറേറ്ററും എയർകണ്ടീഷനും ഉൾപ്പെടെയുള്ള വൈദ്യുത ഉപകരണങ്ങൾ പ്രവർത്തനസജ്ജമാണോ (ഷോർട് സർക്യൂട് ഉണ്ടോ, വയറുകൾ എലിയോ മറ്റോ മുറിച്ചുവച്ചിട്ടുണ്ടോ..) എന്ന് ഇലക്ട്രീഷ്യന്റെ സഹായത്തോടെ ഉറപ്പുവരുത്തണം. 

∙ റഫ്രിജറേറ്ററിനു ചുറ്റും വായുസഞ്ചാരം ഉറപ്പാക്കുക. ഇതിനായി ഭിത്തിയിൽ നിന്നും നാല് ഇഞ്ചെങ്കിലും അകലം ഉണ്ടായിരിക്കണം.

∙റഫ്രിജറേറ്ററിന്റെ വാതിൽ ഭദ്രമായി അടഞ്ഞിരിക്കണം. ഇതിനായി വാതിലിലുള്ള റബ്ബർ ബീഡിങ് കാലാകാലം പരിശോധിച്ച് പഴക്കം ചെന്നതാണെങ്കിൽ മാറ്റുക.

∙കാലാവസ്ഥ അനുസരിച്ചും ഉള്ളിലെ സാധനങ്ങളുടെ അളവ് അനുസരിച്ചും തെർമോസ്റ്റാറ്റ് ക്രമീകരിക്കണം.

∙റഫ്രിജറേറ്ററിൽ ആഹാര സാധനങ്ങൾ കുത്തിനിറച്ച് ഉപയോഗിക്കുന്നത് വൈദ്യുതി ചെലവു കൂട്ടും. മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് റഫ്രിജറേറ്ററിനകത്തെ സുഗമമായ തണുത്ത വായു സഞ്ചാരത്തിന് തടസ്സം ഉണ്ടാക്കുന്നതിനാൽ ആഹാരസാധനങ്ങൾ കേടാകുകയും ചെയ്യും.

English Summary- Fridge Exploding Incidents- Need to maintain Home Appliances

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com