ADVERTISEMENT

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ജനിച്ചുവളർന്ന ചെന്നൈയിലെ വീടിന്റെയും സ്ഥലത്തിന്റെയും വിൽപന നടന്നു. തമിഴ് ചലച്ചിത്രതാരവും നിർമ്മാതാവുമായ സി മണികണ്ഠനാണ് സ്ഥലത്തിന്റെ പുതിയ ഉടമ. ചെന്നൈയിലെ അശോക് വിഹാറിലാണ് ഈ വീട് സ്ഥിതി ചെയ്തിരുന്നത്.

വിൽപനയ്ക്ക് വച്ചിരിക്കുന്ന സ്ഥലം സുന്ദർ പിച്ചൈയുടെ കുടുംബത്തിന്റേതാണെന്ന് അറിഞ്ഞ നിമിഷത്തിൽ തന്നെ അത് സ്വന്തമാക്കണമെന്ന് തീരുമാനിച്ചതായി മണികണ്ഠൻ പറയുന്നു. എന്നാൽ സ്ഥലം കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയാക്കാൻ നാലുമാസം വേണ്ടിവന്നിരുന്നു. ചെല്ലപ്പാസ് ബിൽഡേഴ്സ് എന്ന പേരിലുള്ള തന്റെ കെട്ടിടനിർമ്മാണ കമ്പനിയിലൂടെ ഇതിനോടകം 300-ലേറെ വീടുകൾ മണികണ്ഠൻ നിർമ്മിച്ചിട്ടുണ്ട്. എന്നാൽ സുന്ദർ പിച്ചൈയുടെ കുടുംബത്തിന്റെ സ്ഥലം സ്വന്തമാക്കി എന്നതിലുപരി അദ്ദേഹത്തിന്റെ മാതാപിതാക്കളോട് അടുത്തിടപഴകാനായതാണ് തന്റെ ഏറ്റവും വലിയ സന്തോഷം എന്നും മണികണ്ഠൻ പറയുന്നു.

വിൽപന കാര്യത്തിൽ തീരുമാനമായെങ്കിലും ആ സമയത്ത് ആർഎസ് പിച്ചൈ അമേരിക്കയിലായതിനാലാണ് നടപടികൾ വൈകിയത്. ആദ്യ കൂടികാഴ്ചയിൽ തന്നെ അങ്ങേയറ്റം ആതിഥ്യ മര്യാദയോടെയാണ് പിച്ചൈയുടെ മാതാപിതാക്കൾ പെരുമാറിയത്. ഭൂമി കൈമാറ്റം ചെയ്യാനും രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാനുമായി ഒരിക്കലും സുന്ദർ പിച്ചൈയുടെ സ്വാധീനമോ പേരോ ഉപയോഗിക്കരുതെന്ന് അദ്ദേഹത്തിന്റെ അച്ഛന് നിർബന്ധം ഉണ്ടായിരുന്നു. ഈ കാരണങ്ങൾകൊണ്ട് തന്നെയാണ് അദ്ദേഹം നാട്ടിലെത്തുന്നത് വരെ നടപടികൾ പൂർത്തീകരിക്കാനായി കാത്തിരുന്നത്.

രജിസ്ട്രേഷൻ നടക്കുന്ന സമയത്താകട്ടെ മണിക്കൂറുകളോളം രജിസ്ട്രേഷൻ ഓഫീസിൽ ആർ എസ് പിച്ചൈ കാത്തിരിക്കുകയും രേഖകൾ കൈമാറും മുൻപായി നികുതികൾ എല്ലാം അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തുവെന്നും മണികണ്ഠൻ അറിയിച്ചു. ആർ.എസ് പിച്ചൈ സ്വന്തമായി വാങ്ങിയ ആദ്യ സ്ഥലമായിരുന്നു ഇത്. അതിനാൽ രേഖകൾ മണികണ്ഠന് കൈമാറുന്ന സമയത്ത് വികാരാധിക്യത്താൽ അദ്ദേഹം വിതുമ്പി പോയിരുന്നു. ഉപരിപഠനത്തിനായി നഗരത്തിലേക്ക് താമസം മാറുന്നതിനു മുൻപുള്ള കാലത്ത് സുന്ദർ പിച്ചൈ ഈ കുടുംബവീട്ടിലാണ് താമസിച്ചിരുന്നത്. ഏറ്റവും ഒടുവിൽ ചെന്നൈയിലെ വീട്ടിലെത്തിയ സമയത്ത് അവിടുത്തെ സുരക്ഷാ ജീവനക്കാർക്ക് വീട്ടിലെ ഗൃഹോപകരണങ്ങളും പണവും അദ്ദേഹം നൽകിയിരുന്നു. 

പുതിയ വില്ല പണിയുന്നതിനായാണ് സ്ഥലം മണികണ്ഠൻ സ്വന്തമാക്കിയത്. കൈമാറ്റം ചെയ്യും മുൻപായി സ്വന്തം ചെലവിൽ തന്നെ ആർ എസ്. പിച്ചൈ വീട് പൊളിച്ചു നീക്കുകയും ചെയ്തിരുന്നു.  ഈ സ്ഥലത്ത് ഒന്നരവർഷത്തിനുള്ളിൽ പുതിയ വില്ല നിർമിക്കാനാണ് മണികണ്ഠന്റെ തീരുമാനം.

English Summary- Google CEO Sundar Pichais' Chennai Ancestral House Sold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com