ADVERTISEMENT

തരക്കേടില്ലാത്ത ഒരു ഹോട്ടലിൽ കയറി ഒരു നേരത്തെ ആഹാരം കഴിക്കണമെങ്കിൽ പോലും ചുരുങ്ങിയത് 300 രൂപയെങ്കിലും കയ്യിൽ കരുതണം. എന്നാൽ അത്ര പോലും ചെലവില്ലാതെ സ്വന്തമായി വീട് വാങ്ങാൻ ആയാലോ? അതും ഒന്നും രണ്ടുമല്ല മൂന്ന് വീടുകൾ. സ്വപ്നത്തിൽ പോലും നടക്കാത്ത കാര്യമാണെന്ന് കരുതിയെങ്കിൽ റൂബിയ ഡാനിയൽസ് എന്ന വനിതയുടെ കഥ ഒന്നു കേൾക്കണം. കലിഫോർണിയയിൽ പ്രോജക്ട് മാനേജറായി ജോലി ചെയ്യുന്ന റൂബിയ ഇറ്റലിയിൽ മൂന്നു വീടുകൾ സ്വന്തമാക്കിയത് വെറും 270 ൽ താഴെ രൂപയ്ക്കാണ്.

ഇറ്റലിയിലെ സിസിലി ദ്വീപിലെ മുസോമെലി എന്ന സ്ഥലത്താണ് റൂബിയയുടെ മൂന്നു വീടുകളും സ്ഥിതി ചെയ്യുന്നത്. ഇറ്റലിയിലെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വീടുകൾ മെച്ചപ്പെട്ട നിലയിലാക്കുന്നതിനായി ഭരണകൂടം ആരംഭിച്ച 'വൺ യൂറോ ഹോം' പദ്ധതി പ്രകാരമാണ് റൂബിയ വീടുകൾ സ്വന്തമാക്കിയത്. പദ്ധതിയെക്കുറിച്ച് അറിഞ്ഞ റൂബിയയ്ക്ക് ഈ അവസരം പാഴാക്കരുത് എന്ന് തോന്നി. ഒരു വീട് വാങ്ങാൻ മാത്രമായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ മുസോമെലയിൽ എത്തി കേവലം ഒരു യൂറോയ്ക്ക് വീടുകൾ ലഭിക്കുമെന്ന് ഉറപ്പായപ്പോൾ ആകെ മൂന്ന് യൂറോ (268 രൂപ) ചെലവിട്ട് മൂന്നുവീടുകൾ റൂബിയ വാങ്ങുകയായിരുന്നു.

ഒരു വീട്ടിൽ നിന്നും അടുത്തതിലേക്ക് എത്താൻ 10 മിനിറ്റ് യാത്ര മാത്രമേ വേണ്ടു. നിലവിൽ വളരെ ശോചനീയമായ അവസ്ഥയിലാണ് വീടുകൾ ഉള്ളത്. അവയെ പഴയ പ്രൗഢിയിലേക്ക് എത്തിക്കാനായി ഇരുപതിനായിരം യൂറോയുടെ (17.8 ലക്ഷം രൂപ) നവീകരണ പ്രവർത്തനങ്ങൾ വേണ്ടിവരും. 2019ൽ തന്നെ വീടുകൾ റൂബിയയുടെ ഉടമസ്ഥതയിലായെങ്കിലും കൊറോണ വ്യാപനത്തോടെ നവീകരണ പ്രവർത്തനങ്ങൾക്ക് കാലതാമസം വന്നു. എന്നാൽ ഇപ്പോൾ രണ്ടു വീടുകളുടെ പുറംമിനുക്കുന്ന ജോലികൾ ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു.

ഈ വീടുകൾ എന്തുചെയ്യണമെന്നത് സംബന്ധിച്ചും കൃത്യമായ ധാരണ റൂബിയയ്ക്കുണ്ട്. വ്യത്യസ്ത സംസ്കാരങ്ങളെ സമന്വയിപ്പിക്കുന്നതും പ്രാദേശിക കലാസൃഷ്ടികളെ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ട് ഒരു വീട് ആർട്ട് ഗ്യാലറിയായി മാറ്റാനാണ് ഉദ്ദേശം. മുസോമെലിയിലെ ജനങ്ങളുമായി അടുത്ത ബന്ധം ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന റൂബിയ ഒരു വീട് തനിക്ക് താമസിക്കാനായി നീക്കിവയ്ക്കുന്നുണ്ട്. മൂന്നാമത്തെ വീടാകട്ടെ ഈ നാട്ടിലെ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ഒരു വെല്‍നസ് സെന്ററാക്കി മാറ്റാനാണ് പദ്ധതി.

മൂന്നു വീടുകളുടെയും തനത് രൂപത്തിന് കാര്യമായ മാറ്റങ്ങൾ വരുത്താതെയാവണം നവീകരണ പ്രവർത്തനങ്ങൾ എന്നതും റൂബിയയ്ക്ക് നിർബന്ധമുണ്ട്. ഈ പ്രദേശത്തിനോട് ചേർന്നുപോകുന്ന വിധത്തിൽ നിർമ്മിച്ചിരിക്കുന്ന മൂന്നു വീടുകൾക്കും കാലപ്പഴക്കം ചെന്നെങ്കിലും പാരിസ്ഥിതികപരമായ പ്രത്യേകതകളും പ്രാധാന്യവും ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. അതിനാൽ അവ അപ്പാടെ മാറ്റാൻ ഉദ്ദേശമില്ലെന്നും ഇവർ പറയുന്നു. നവീകരണ പ്രവർത്തനങ്ങൾ നടന്നുകഴിഞ്ഞാൽ ലക്ഷങ്ങൾ വിലയിട്ട് വീടുകൾ കൈമാറാനാവും. എന്നാൽ അങ്ങനെ ചെയ്യാൻ റൂബിയയ്ക്ക് ഉദ്ദേശമില്ല. അമേരിക്കയിലേക്ക് പോകേണ്ടിവരുന്ന സമയങ്ങളിൽ എയർ ബിഎൻബിയിലൂടെ വീട് വാടകയ്ക്ക് കൈമാറാനാണ് നിലവിലെ പദ്ധതി. റൂബിയയ്ക്ക്  പൂർണ്ണ പിന്തുണയുമായി ഭർത്താവും നാല് മക്കളും ഒപ്പമുണ്ട്.

English Summary- Women Bought 3 Houses for 3 Euros- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com