എത്ര ശമ്പളം കിട്ടുന്ന ജോലിയാണെങ്കിലും ആഗ്രഹത്തിനൊത്ത് സമയം ചിലവിടാൻ സാധിച്ചില്ലെങ്കിൽ ജീവിതത്തിൽ സന്തോഷം ഉണ്ടാവില്ല. ഇത് തിരിച്ചറിഞ്ഞ നിമിഷം എടുത്ത ധീരമായ തീരുമാനത്തെ തുടർന്ന് ഇന്ന് ഓരോ ദിനവും സന്തോഷവും സംതൃപ്തിയും അറിഞ്ഞ് ജീവിക്കുകയാണ് ഇംഗ്ലണ്ട് സ്വദേശികളായ ഗയ് എർലാഷർ എന്ന യുവാവും ഭാര്യ വിക്കിയും. പരിമിതമായ സൗകര്യങ്ങളിൽ പരിസ്ഥിതിയോടിണങ്ങി കൂട്ടുചേർന്നുള്ള ജീവിതമാണ് ഇരുവരും തിരഞ്ഞെടുത്തത്. ഇന്ന് മറ്റ് ഏഴു കുടുംബങ്ങൾക്കൊപ്പം എല്ലാ ഉത്തരവാദിത്വങ്ങളും പങ്കിട്ട് മാതൃകാപരമായി ജീവിതം നയിക്കുകയാണ് ഇവർ.

നഗരജീവിതം മടുത്ത് ജീവിതത്തിന് വ്യത്യസ്ത വേണമെന്ന് തോന്നിയപ്പോൾ തന്നെ ഇരുവരും നഗരത്തിലെ ജോലി ഉപേക്ഷിച്ച് പുതിയ ജീവിതമാർഗം കണ്ടെത്തുകയായിരുന്നു. അങ്ങനെയാണ് ഇവർ 44 ഏക്കറിൽ കൃഷി ചെയ്ത് കൂട്ടമായി ജീവിക്കുന്ന സമൂഹത്തിന് അരികിലെത്തിയത്. വളരെ വേഗത്തിൽ തന്നെ അവർ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ട് ആ സമൂഹത്തിന്റെ ഭാഗമായി തീർന്നു. കൂട്ടായ്മയിലെ അംഗങ്ങളുടെ സഹായത്തോടെ പ്രാദേശികമായി ലഭ്യമാകുന്ന തടി ഉപയോഗിച്ച് ഒരു വുഡൻ ക്യാബിനാണ് ഇവർ താമസത്തിനായി ഒരുക്കിയത്. 30000 പൗണ്ട് (30 ലക്ഷം രൂപ) ഇതിനായി സമ്പാദ്യത്തിൽ നിന്നും നീക്കിവച്ചു
പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് സുസ്ഥിരതയോടെയുള്ള ജീവിതം എന്നതുതന്നെയാണ് തങ്ങളെ ഇതിലേയ്ക്ക് ആകർഷിച്ചത് എന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു. ഈ കൂട്ടായ്മയുടെ പ്രാധാന്യം ഇരുവരും ശരിക്കും തിരിച്ചറിഞ്ഞത് ആറുമാസങ്ങൾക്ക് മുൻപ് മകൻ ലിയോൺ ജനിച്ചതോടെയാണ്. കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാനായി ധാരാളം ആളുകൾ എപ്പോഴും ചുറ്റുമുണ്ട്. പ്രകൃതിയുടെ പാഠങ്ങൾ അനുഭവിച്ചറിഞ്ഞാണ് ലിയോൺ വളരുന്നത്.

ആഴ്ചയിൽ മൂന്ന് ദിവസം ഗയ്യും നിക്കിയും പുറത്ത് ജോലിക്ക് പോകുന്നു. ശേഷിക്കുന്ന ദിവസങ്ങളത്രയും കൂട്ടായ്മയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൃഷി ചെയ്തും പരിസരം വൃത്തിയാക്കിയുമെല്ലാമാണ് ഇവർ സമയം ചിലവഴിക്കുന്നത്. വെറുതെയിരിക്കാൻ സമയമില്ലെങ്കിലും ഏറെ മാനസികോല്ലാസം അനുഭവിക്കുന്നുണ്ട് എന്നതാണ് ഈ ജീവിതരീതിയുടെ പ്രത്യേകത. കുടിവെള്ളത്തിനായി കുഴൽ കിണറിനെയും വീട്ടാവശ്യങ്ങൾക്കായി മഴവെള്ള സംഭരണിയെയുമാണ് ഇവർ ആശ്രയിക്കുന്നത്. ടോയ്‌ലറ്റ് മാലിന്യങ്ങളാവട്ടെ കമ്പോസ്റ്റ് രൂപത്തിലാക്കി നിർമാർജനം ചെയ്യുകയും ചെയ്യുന്നു.
താമസസ്ഥലത്തെ പൊതുവിടങ്ങൾ വൃത്തിയാക്കുന്നതും വിറക് ശേഖരിക്കുന്നതുമെല്ലാം ഓരോ ആഴ്ചയും ഓരോ കുടുംബത്തിന്റെ ഉത്തരവാദിത്തമാണ്. പരിസ്ഥിതി സൗഹൃദമായി ജീവിക്കണമെന്ന ദൃഢനിശ്ചയത്തിലാണ് ഇവിടെ ഓരോ കുടുംബങ്ങളും കഴിയുന്നത്. തിരക്കുകൾ ഒരുകാലത്ത് മനസ്സ് മടുപ്പിച്ചിരുന്നെങ്കിൽ ഇന്ന് സന്തോഷത്തോടെ ജോലികളിൽ വ്യാപൃതരാകാൻ സാധിക്കുന്നുണ്ട് എന്നതാണ് പുതിയ ജീവിതത്തിൽ നിന്നും ഇവരുണ്ടാക്കിയ നേട്ടം. ഇത്തരമൊരു ഇടത്ത് എല്ലാ സന്തോഷങ്ങളും അറിഞ്ഞ് മകനെ വളർത്താനാവുന്നതിന്റെ സമാധാനം വേറെയും.
English Summary- Couple Quit Rat Race Life to Peacefull Sustainable Living