പതിറ്റാണ്ടുകളിലായി മെച്ചപ്പെട്ട തൊഴിൽസാധ്യതകൾ തേടി ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിലേക്ക് ചേക്കേറുന്നുണ്ടെങ്കിലും തൊഴിൽ മേഖല എന്നതിനപ്പുറം സ്ഥിരതാമസത്തിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ദുബായിലെ പുതിയ പരിഷ്‌കാരങ്ങളോടെ കാര്യങ്ങൾ അടിമുടി മാറുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
വിദേശികൾക്കും പല എമിറേറ്റുകളിലും വീട് വാങ്ങാനും ദീർഘകാലം താമസിക്കാനുമുള്ള അവസരം ഒരുക്കുന്ന തരത്തിൽ നിയമങ്ങളിൽ മാറ്റം വന്നതോടെ നാടുവിട്ട് ഗൾഫ് രാജ്യങ്ങളിലേക്ക് സ്വയം പറിച്ചുനടുകയാണ് ഇന്ത്യക്കാർ. ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ദുബായിൽ വീട് സ്വന്തമാക്കുന്നവരിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാർക്കാണ്.
2022ൽ ദുബായിൽ വീട് സ്വന്തമാക്കാനായി മാത്രം ഇന്ത്യക്കാർ ആകെ 35500 കോടി ചെലവഴിച്ചിട്ടുണ്ട് എന്നാണ് കണക്ക്. 2021ലെ കണക്കുകളുടെ ഏതാണ്ട് ഇരട്ടിയാണ് ഈ തുക എന്നത് മാറുന്ന ട്രെൻഡിന്റെ വ്യക്തമായ ചിത്രം നൽകുന്നു. കൃത്യമായി പറഞ്ഞാൽ ദുബായിൽ വീട് വാങ്ങിയ പുറംരാജ്യക്കാരിൽ 40 ശതമാനവും ഇന്ത്യക്കാർ തന്നെയാണ്. 3.6 കോടി മുതൽ 3.8 കോടി വരെയാണ് ഇന്ത്യക്കാർ വാങ്ങിയ വീടുകളുടെ ശരാശരി വില. വീടുകൾ വാങ്ങിയവരിൽ ഏറിയപങ്കും ഡൽഹി, അഹമ്മദാബാദ്, സൂറത്ത്, ഹൈദരാബാദ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ദുബായിലെ ഏറ്റവും വിലമതിപ്പുള്ള സ്വകാര്യ വസതി സാക്ഷാൽ മുകേഷ് അംബാനി വാങ്ങിയത് അടുത്തിടെ വലിയ വാർത്തയായിരുന്നു.

ദുബായിലേക്ക് സമ്പന്നരായ ഇന്ത്യക്കാരെ ആകർഷിക്കുന്ന ഘടകങ്ങൾ ഏറെയാണ്. സാമൂഹിക സ്ഥിതി നോക്കിയാൽ ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളാണ് അവയിൽ എടുത്തു പറയേണ്ടത്. രാജ്യാന്തര തരത്തിലുള്ള സ്കൂളുകളുടെ സാന്നിധ്യവും താൽക്കാലികമായും സ്ഥിരമായും ദുബായിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണവും എല്ലാം ഇതിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ തന്നെയാണ്. ഇന്ത്യയിലെ മെട്രോ സിറ്റികളെ വരെ പിന്തള്ളിക്കൊണ്ട് ദുബായിലെ വൻകിട അപ്പാർട്ട്മെന്റുകൾ വാടകയ്ക്കെടുക്കാൻ ഇന്ത്യക്കാർ തയ്യാറാകുന്നുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.
വിദേശരാജ്യക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങളോടെ യുഎഇയിൽ ദീർഘകാലം ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2022 ൽ വിപുലമാക്കിയതും ഇന്ത്യക്കാരെ ദുബായിലേക്ക് കൂടുതൽ ആകർഷിക്കുന്നുണ്ട്. ആഗോള സാമ്പത്തിക കേന്ദ്രം എന്ന നിലയിൽ ദുബായിയുടെ വളർച്ചയും ഇന്ത്യയിലേയ്ക്കുള്ള യാത്ര സൗകര്യങ്ങളുമാണ് മറ്റു കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ത്യയ്ക്കു പിന്നാലെ റഷ്യ, ചൈന, പാക്കിസ്ഥാൻ, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും ദുബായിൽ വീട് സ്വന്തമാക്കിയ വിദേശരാജ്യക്കാരുടെ പട്ടികയിലുണ്ട്.
കേരളീയരുടെ കാര്യമെടുത്താൽ വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനും തൊഴിലിനുമായി പോകുന്നവരുടെ എണ്ണം കഴിഞ്ഞ ഏതാനും വർഷങ്ങളായി കുതിച്ചുയരുകയാണ്. അക്കൂട്ടത്തിൽ തന്നെ ദുബായിൽ ജോലി തേടിപ്പോയ മലയാളികളിൽ ഏറെയും അവിടെത്തന്നെ വീട് വാങ്ങി സ്ഥിരതാമസമാക്കി കുട്ടികളെ വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനയയ്ക്കാൻ താല്പര്യപ്പെടുന്നുണ്ട്. കുട്ടികൾക്കൊപ്പം വിദേശരാജ്യങ്ങളിലേക്ക് തന്നെ പോകാനും അല്ലാത്തപക്ഷം റിട്ടയർമെന്റ് കാലവും ദുബായിൽ തന്നെ ചെലവിടാനും ഇവർ തയ്യാറാകുന്നു.
കേരളത്തിലെയും ഇന്ത്യയിലെയും ആകെ കണക്കെടുത്താൽ ഇത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. രാജ്യത്തേക്ക് ഏറ്റവും അധികം പണം എത്തുന്നത് യുഎഇയിൽ നിന്നാണെന്നിരിക്കെ ഇന്ത്യക്കാർ അവിടെ സ്ഥിരതാമസമാക്കുന്നതോടെ പണത്തിന്റെ ഒഴുക്കിൽ കാര്യമായ കുറവ് വരുമെന്ന് ഉറപ്പ്.
English Summary- Indians Top in Buying Homes, Investing Real Estate in Dubai- News