ADVERTISEMENT

ജോലിയിൽ നിന്ന് കിട്ടുന്ന മാസശമ്പളത്തിന് പുറമേ എന്തെങ്കിലും അധികമായി പണം സമ്പാദിക്കാൻ നെട്ടോട്ടമോടുന്ന ധാരാളം ആളുകളുണ്ട്. ഓവർടൈം ജോലി ചെയ്തും താരതമ്യേന കുറഞ്ഞ ശമ്പളമുള്ള പാർട്ട് ടൈം ജോലികൾ തിരഞ്ഞെടുത്തുമൊക്കെയാണ് അധിക പണം ഇവർ സമ്പാദിക്കുന്നത്. അത്തരത്തിൽ ലണ്ടനിലേക്കുള്ള തന്റെ സ്വപ്നയാത്രയ്ക്കായി അല്പം പണം സമ്പാദിക്കാൻ ഇറങ്ങിത്തിരിച്ച എമിലി ബ്രോഗൻ എന്ന യുവതിയുടെ കഥ ഇവരിൽ നിന്നൊക്കെ അല്പം വ്യത്യസ്തമാണ്. പതിവ് ജോലിയിൽ നിന്നും ലഭിക്കുന്ന മാസശമ്പളത്തിനേക്കാൾ വലിയ തുകയാണ് തന്റെ സൈഡ് ബിസിനസിലൂടെ എമിലി നേടുന്നത്. എമിലിയുടെ ഈ സ്‌പെഷൽ  ജോലി എന്താണെന്നല്ലേ? ധനികരായ വ്യക്തികളുടെ വീട് അടുക്കിപ്പെറുക്കി വയ്ക്കുക എന്നതുതന്നെ. 

ബ്രിസ്ബേൻ ലോക്കൽ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് തന്റെ സേവനങ്ങൾ എമിലി പരസ്യപ്പെടുത്തിയത്. കളർ-കോഡിങ്  അലമാരകൾ, ലിനൻ അലമാരകൾ, വാർഡ്രോബുകൾ, പാൻട്രികൾ എന്നിവ വൃത്തിയായി അടുക്കി വയ്ക്കുന്നതിന് തന്നെ സമീപിക്കാം എന്നായിരുന്നു പരസ്യം. തനിക്ക് ഒബ്സസീവ് കംപൾസീവ് ഡിസോർഡർ ഉണ്ടെന്നും വസ്തുക്കൾ കൃത്യമായ ക്രമത്തിൽ വയ്ക്കുക എന്നത് തന്റെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യമാണെന്നും സമൂഹമാധ്യമങ്ങളിലൂടെ എമിലി വെളിപ്പെടുത്തിയിരുന്നു. ലണ്ടനിലേക്ക് പോകാനാണ് ആഗ്രഹമെന്നും സഹായിക്കാൻ താല്പര്യമുള്ളവർ മണിക്കൂറിന് 50 ഡോളർ (4000 രൂപ) തന്നാൽ തന്റെ സേവനം ലഭിക്കുമെന്നും പരസ്യപ്പെടുത്തിയതോടെ സഹായം തേടി നിരവധി ആളുകളുടെ പ്രതികരണവും എത്തി.

ആവശ്യപ്പെടുന്നത് താരതമ്യേന വലിയ തുകയായതിനാൽ ധനികർ വസിക്കുന്ന മേഖലകളിൽ തന്നെയാണ് പ്രധാനമായും എമിലി ലക്ഷ്യമാക്കിയത്. ഇത്തരം ജോലികൾക്ക് ഓസ്ട്രേലിയയിൽ ലഭിക്കുന്നത് 20 മുതൽ 30 ഡോളർ വരെയാണെന്നിരിക്കെ (1600 രൂപ മുതൽ 2400 രൂപ വരെ) ഒരിക്കലും ആളുകൾ തന്റെ സേവനം തേടി വരുമെന്ന് കരുതിയിരുന്നില്ല എന്നും എമിലി പറയുന്നുണ്ട്. എന്നാൽ ഈ തോന്നലുകളെല്ലാം തകിടം മറിച്ചു കൊണ്ട് ധനികരായ ധാരാളം സ്ത്രീകൾ സഹായം തേടി എമിലിയെ വിളിച്ചു തുടങ്ങി. ഒടുവിൽ ആഴ്ചയിൽ 12 മണിക്കൂർ വരെ അടുക്കിപ്പെറുക്കൽ ജോലിക്കായി ഇറങ്ങേണ്ട നിലയിൽ കാര്യങ്ങൾ എത്തി. 

ആഴ്ചയിൽ 30 മണിക്കൂർ ചെയ്യേണ്ട പതിവ് ജോലിക്ക് പുറമെയാണ് ഇത്രയും സമയം അടുക്കിപ്പെറുക്കാനായി എമിലി നീക്കിവച്ചത്. അങ്ങനെ ആഴ്ചയിൽ ചുരുങ്ങിയത് 600 ഡോളർ  (49000 രൂപ)അധിക വരുമാനം എമിലിയുടെ പോക്കറ്റിലെത്തി. അലമാരകൾ വൃത്തിയാക്കുന്നതിനും അടുക്കുന്നതിനും പുറമേ ആഭരണങ്ങളുടെ കുരക്കഴിക്കുന്നത് വരെ തന്റെ ജോലിയിൽ ഉൾപ്പെടും എന്ന് ഇവർ പറയുന്നു. എമിലിയുടെ ലണ്ടൻ സ്വപ്നം അറിഞ്ഞ പല ധനിക സ്ത്രീകളും യുവതിയെ സഹായിക്കാനായി സേവനം ആവശ്യപ്പെടുകയായിരുന്നു. എന്തായാലും ബുദ്ധിപരമായ ഈ ഐഡിയയിലൂടെ വളരെ വേഗത്തിൽ വിദേശയാത്രയ്ക്കുള്ള പണം  സ്വരുക്കൂട്ടാനും എമിലിക്ക് സാധിച്ചു.

തന്നെപ്പോലെ ഇത്തരം കാര്യങ്ങളിൽ താല്പര്യമുള്ളവർ അധികവരുമാനത്തിനായി മറ്റൊരു മേഖല തേടി ബുദ്ധിമുട്ടേണ്ടതില്ല എന്ന് ഓർമിപ്പിക്കുകയാണ് എമിലി. ജോലി എന്നതിലുപരി ഇഷ്ടപ്പെട്ട കാര്യം ചെയ്തതിലുള്ള സംതൃപ്തി ലഭിക്കുന്നു എന്നതും പ്രധാനമാണെന്നും യുവതി പറയുന്നു.

English Summary- Woman Earn Extra Income by Arranging Rich House Interiors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com