ലോകത്ത് എല്ലാ മേഖലയിലും കാതലായ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് കോവിഡ് പിടിമുറുക്കിയത്. തൊഴിൽ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും എന്തിനേറെ വീട് വൃത്തിയാക്കുന്ന കാര്യത്തിൽവരെ കോവിഡ് കാലത്ത് കാര്യമായ മാറ്റങ്ങൾ വന്നു. വൃത്തിയാക്കലിനെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറിയതും മൂക്കും മൂലയും അങ്ങേയറ്റം വൃത്തിയായിരിക്കേണ്ടത് അത്യാവശ്യമായതും എല്ലാം ഈ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. കോവിഡ് ബാധിച്ച വ്യക്തികൾ താമസിച്ച വീടുകൾ അസുഖകാലയളവിന് ശേഷം സാനിറ്റൈസ് ചെയ്ത് അണുവിമുക്തമാക്കാനായി ക്ലീനിങ് ഏജൻസികളെ ആശ്രയിക്കാൻ തുടങ്ങിയതോടെ ഹൗസ് ക്ലീനിങ് സർവീസുകൾ ലോകത്ത് എല്ലായിടത്തും എന്നതുപോലെ കേരളത്തിലും പുതുമയല്ലതായി തീരുകയായിരുന്നു.
കോവിഡിന്റെ ഗൗരവം കുറഞ്ഞെങ്കിലും ക്ലീനിങ് സർവീസുകൾ അവശ്യസർവീസായി മാറിക്കഴിഞ്ഞു എന്നുതന്നെ പറയാം. വൻകിട നഗരങ്ങളിൽ എന്നതുപോലെ കേരളത്തിലെ ഉൾപ്രദേശങ്ങളിൽ വരെ ഇപ്പോൾ ഹൗസ് ക്ലീനിങ് ഏജൻസികൾ സജീവമാണ്. പ്രൊഫഷണൽ ക്ലീനിങ് സർവീസുകളെ ആശ്രയിച്ച് വീടുകൾ വൃത്തിയാക്കുന്നവരുടെ എണ്ണം വർധിക്കുകയാണെന്നാണ് പഠനങ്ങളും സൂചിപ്പിക്കുന്നത്. വീട് വൃത്തിയാക്കാനായി മാത്രം ജോലിക്കാരെ വച്ചിരുന്ന പല കുടുംബങ്ങളും ഇന്ന് മാസത്തിൽ ഒന്നോ രണ്ടോ തവണ ക്ലീനിങ് ഏജൻസികളുടെ സഹായം തേടുന്ന രീതിയിലേയ്ക്ക് ചുവട് മാറ്റി കഴിഞ്ഞു.
കേരളത്തിൽ ക്ലീനിങ് സർവീസുകൾ പച്ചപിടിക്കുന്നതിന് ഒന്നിലധികം കാരണങ്ങളുണ്ട്. ജീവിതത്തിരക്ക് തന്നെയാണ് അതിൽ പ്രധാനം. ജോലിക്കിടയിൽ വീട് എങ്ങനെ വൃത്തിയാക്കും എന്നോർത്ത് തലപുകയ്ക്കാതെ ക്ലീനിങ് ഏജൻസിയെ ഏൽപ്പിച്ചാൽ വീടാകെ ഒറ്റദിവസം കൊണ്ട് സൂപ്പർ ക്ലീൻ. ജോലികഴിഞ്ഞ് സ്വസ്ഥമായി വിശ്രമിക്കാനോ യാത്ര പോകാനോ ഒക്കെ വീട് വൃത്തിയാക്കൽ തടസ്സമാവില്ല എന്ന സമാധാനം വേറെയും. വീട്ടുജോലിക്ക് പഴയതുപോലെ ആളുകളെ കിട്ടാതായതും ഇത്തരം ഏജൻസികൾ തളിർക്കാൻ ഒരുകാരണമാണ്. പുറംരാജ്യങ്ങളിലേയ്ക്ക് പഠനത്തിനും ജോലിക്കുമായി പോകുന്നവരുടെ എണ്ണം കൂടുന്നതാണ് മറ്റൊരു കാരണം. വിശ്വസിക്കാവുന്ന ഏതെങ്കിലും ക്ലീനിങ് ഏജൻസിയെ വീട് വൃത്തിയാക്കാനുള്ള ചുമതല ഏൽപ്പിച്ചാൽ പിന്നെ സ്വസ്ഥമായി വീടും പൂട്ടി നാടുവിടാം.
വ്യത്യസ്ത തരത്തിലാണ് ഏജൻസികൾ ക്ലീനിങ് സർവീസുകൾ നൽകുന്നത്. ഡീപ് ക്ലീനിങ്ങാണ് അവയിൽ പ്രധാനം. ഇലക്ട്രിക്കൽ ഫിറ്റിങ്ങുകളും കിച്ചൻ കബോർഡും ജനവാതിലുകളും സീലിങ്ങും തറയുമടക്കം വീട്ടിലെ സകല സാധനങ്ങളും വൃത്തിയാക്കുന്നതാണ് ഡീപ് ക്ലീനിങ്. ഇതിനുപുറമേ ബേസിക് ക്ലീനിങ് സർവീസുകളും ഉണ്ട്. എല്ലാത്തരം വൃത്തിയാക്കലിനും മെഷീനുകളാണ് ഏജൻസികൾ ഉപയോഗിക്കുന്നത്.
സോഫകളും കാർപെറ്റുകളും വൃത്തിയാക്കാനായി വാക്വം ക്ലീനറുകളെ മാത്രമാണ് പലരും ആശ്രയിക്കാറ്. എന്നാൽ ക്ലീനിങ് ഏജൻസികൾ ഷാംപു വാഷിങ്ങിലൂടെ ഇവയെല്ലാം വൃത്തിയായി കഴുകി നൽകും. ഇതിന് പുറമേ ടാപ്പുകളും വാതിൽ പിടികളും എല്ലാം പുതുപുത്തൻ പോലെയാക്കി തരുന്ന പ്രത്യേക ക്ലീനിങ് സർവീസുകളും ഇവർ നൽകുന്നുണ്ട്.
അടുക്കള വൃത്തിയാക്കുന്നതാണ് മറ്റൊരു പ്രധാന മേഖല. റഫ്രിജറേറ്ററുകൾ, ഗ്യാസ് സ്റ്റവുകൾ എന്നിവയെല്ലാം വൃത്തിയാക്കാനുള്ള ബുദ്ധിമുട്ടാണ് കിച്ചൻ ക്ലീനിങ് സർവീസിന്റെ പ്രാധാന്യം വർധിക്കാനുള്ള കാരണം. ചതുരശ്ര അടി കണക്കിലാണ് മിക്ക ക്ലീനിങ് ഏജൻസികളും സർവീസിന് ചാർജ് ചെയ്യുന്നത്. വൃത്തിയാക്കലിന്റെ രീതിയനുസരിച്ച് ഒരു ചതുരശ്ര അടിക്ക് രണ്ടു മുതൽ എട്ട് രൂപ വരെയുള്ള നിരക്കുകൾ നിലവിലുണ്ട്. അകത്തളം വൃത്തിയാക്കുന്നതിനു പുറമേ മുറ്റവും പൂന്തോട്ടവും എല്ലാം വൃത്തിയാക്കുന്ന സർവീസും പല ഏജൻസികളും നൽകുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
- ക്ലീനിങ് ഏജൻസികളെ ആശ്രയിക്കുമ്പോൾ അവർ ഏതുതരം മെഷീനുകളും കെമിക്കലുകളുമാണ് വൃത്തിയാക്കലിനായി ഉപയോഗിക്കുന്നത് എന്ന് മുൻകൂട്ടി അറിയണം. ഗുണനിലവാരത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച അരുത്.
- ആസിഡ് വാഷുകൾ പ്രോത്സാഹിപ്പിക്കാതിരിക്കുകയാണ് ഉത്തമം. ടൈലുകളുടെയും വാഷ്ബേസിന്‍റെയും ഒക്കെ നിറം വേഗത്തിൽ മങ്ങാൻ ആസിഡ് വാഷുകൾ കാരണമായേക്കാം.
- വീട്ടുപകരണങ്ങളുടെ കാലപ്പഴക്കത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും വൃത്തിയാക്കാൻ എത്തുന്നവർക്ക് മുൻകൂട്ടി ധാരണ നൽകുന്നത് ക്ലീനിങ്ങിനിടെ അവയ്ക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ഉപകരിക്കും.