ADVERTISEMENT

ഷാറുഖ് ഖാന്റെ 'സ്വദേശ്' എന്ന സിനിമ കണ്ടവരുടെ മനസ്സിൽനിന്നും നായകൻ തന്റെ പരിശ്രമത്തിലൂടെ ഒരു നാടിന് വെളിച്ചം പകർന്ന ആ രംഗം ഒരിക്കലും മായാനിടയില്ല. യഥാർഥ ജീവിതത്തിൽ അത്തരം ഒരു നിമിഷം അനുഭവിച്ചറിയാനായതിന്റെ സന്തോഷത്തിലാണ് ഐപിഎസ് ഉദ്യോഗസ്ഥയായ അനുകൃതി ശർമ്മയും സംഘവും. നിർധനയായ 70കാരിയുടെ ജീവിതത്തിലും വീട്ടിലുമാണ് അനുകൃതിയുടെയും സംഘത്തിന്റെയും പരിശ്രമഫലമായി വെളിച്ചം എത്തിയത്.

യുപിയിലെ ബുലന്ദ്ഷഹർ സ്വദേശിയായ നൂർജഹാൻ ഭർത്താവിന്റെ മരണത്തെ തുടർന്ന് തനിച്ചാണ് താമസം. ഏകമകളെ വിവാഹം ചെയ്തയച്ചു. സമീപത്തെ വീടുകളിലെല്ലാം വൈദ്യുതി കണക്‌ഷൻ എത്തിയിട്ടും നൂർജഹാന്റെ വീട്ടിൽ വെളിച്ചമുണ്ടായിരുന്നില്ല. അങ്ങനെയിരിക്കയാണ് അഗൗത പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശത്തെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും മിഷൻ ശക്തി അഭിയാന് കീഴിൽ സർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥർ അവബോധം നൽകിയത്. പരിപാടിക്കിടയിൽ വച്ച് തനിക്ക് വൈദ്യുതി കണക്‌ഷൻ ഇതുവരെ ലഭിച്ചിട്ടില്ല എന്ന കാര്യം നൂർജഹാൻ അനുകൃതി ശർമ്മയെ ധരിപ്പിക്കുകയായിരുന്നു.

പിന്നെ വൈകിയില്ല. തൊട്ടടുത്ത ദിവസംതന്നെ അനുകൃതി നൂർജഹാന്റെ ഗ്രാമത്തിലെത്തി. പ്രദേശത്തെ ഇലക്ട്രിസിറ്റി ഓഫീസുമായി ബന്ധപ്പെട്ട ശേഷം ഉടനടി നൂർജഹാന്റെ വീട്ടിലേക്ക് വൈദ്യുതി കണക്‌ഷൻ നൽകുകയായിരുന്നു. ഇതിനുപുറമേ ഒരു പെഡസ്റ്റൽ ഫാനും വയോധികയ്ക്ക് നൽകി. വൈദ്യുതി കണക്‌ഷൻ നൽകുന്നതിന്റെയും അതീവസന്തോഷത്തോടെ നൂർജഹാൻ എൽഇഡി ബൾബ് പ്രകാശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഐപിഎസ് ഉദ്യോഗസ്ഥ തന്നെയാണ് തന്റെ സമൂഹമാധ്യമ പേജുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്. പൊലീസ് ഫണ്ടിൽ നിന്നുമാണ് ഫാനും ബൾബും വാങ്ങി നൽകിയത്.

കാത്തിരുന്ന് ഒടുവിൽ ആദ്യമായി വീട്ടിൽ വൈദ്യുതി എത്തിയതിന്റെ നിർവൃതി നൂർജഹാന്റെ മുഖത്ത് പ്രകടമാണ്. അതീവ സന്തോഷത്തോടെ അവർ അനുകൃതിയെ ആശ്ലേഷിക്കുന്നതും വിഡിയോയിൽ കാണാം. നൂർജഹാന്റെ വീട്ടിലേക്ക് വൈദ്യുതി കണക്‌ഷൻ നൽകിയത് അക്ഷരാർത്ഥത്തിൽ അവരുടെ ജീവിതത്തിൽ വെളിച്ചം പകരുന്നതുപോലെയുള്ള അനുഭവമായിരുന്നുവെന്ന് പോസ്റ്റിനൊപ്പം പങ്കുവച്ച കുറിപ്പിൽ അനുകൃതി പറയുന്നു. ഇത്രയും വേഗത്തിൽ വൈദ്യുതി കണക്‌ഷൻ നൽകാൻ തനിക്കൊപ്പം നിന്ന എല്ലാ ഉദ്യോഗസ്ഥർക്കും നന്ദി പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ വിഡിയോ വളരെ വേഗത്തിൽ ശ്രദ്ധ നേടുകയായിരുന്നു. വയോധികയുടെ ആവശ്യം അറിഞ്ഞ ഉടൻ തന്നെ കൃത്യമായി നടപടിയെടുത്ത ഉദ്യോഗസ്ഥയെയും സംഘത്തിനെയും അഭിനന്ദിച്ചു കൊണ്ടാണ് ആളുകൾ കമന്റ് ബോക്സിൽ പ്രതികരണങ്ങൾ അറിയിക്കുന്നത്. പൊതുജനങ്ങളെ സേവിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ എങ്ങനെയായിരിക്കണം എന്നത് തന്റെ പ്രവൃത്തിയിലൂടെ കാണിച്ചു തന്നിരിക്കുകയാണ് അനുകൃതി എന്നും അഭിപ്രായങ്ങളുണ്ട്.

English Summary- IPS Officer Helps in getting Electricity Connection to Womans' House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com