ആഡംബരവീട്ടിൽ കൃത്രിമ തടാകം നിർമ്മിച്ചു: ഫുട്‍ബോൾ താരം നെയ്മറിന് 28 കോടി പിഴ

neymar
© instagram @neymarjr
SHARE

പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചു എന്ന കുറ്റമാരോപിച്ച് ബ്രസീലിയൻ ഫുട്ബോൾ സൂപ്പർതാരം നെയ്മറിന് 28 കോടി രൂപ പിഴ ചുമത്തി അധികൃതർ. റിയോ ഡി ജനീറോയിൽ സ്ഥിതി ചെയ്യുന്ന നെയ്മറിന്റെ ബംഗ്ലാവിൽ കൃത്രിമ തടാകം നിർമിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം പ്രാദേശിക ഭരണകൂടം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

മംഗരാതിബ എന്ന പ്രദേശത്താണ് നെയ്മറിന്റെ കോടികൾ വിലമതിക്കുന്ന ആഡംബര കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഹെലിപാഡ്, ജിം, സ്പാ തുടങ്ങി അത്യാഡംബര സൗകര്യങ്ങൾ എല്ലാം ഇവിടെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ പട്ടികയിൽ ഒടുവിലത്തേതായാണ് കൃത്രിമ തടാകത്തിന്റെ നിർമാണം നടന്നത്. പദ്ധതിക്കായി ശുദ്ധജലസ്രോതസ്സും പാറയും മണ്ണും അനധികൃതമായി ഉപയോഗിക്കുകയും നീക്കം ചെയ്യുകയും ചെയ്തതിലൂടെ നിയമങ്ങൾ ലംഘിക്കപ്പെട്ടു എന്നാണ് അധികൃതർ ചൂണ്ടിക്കാട്ടിയത്.

നിയമലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞമാസം തന്നെ തടാകത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ നിർത്തിവയ്പ്പിക്കുകയും ഉപരോധിക്കുകയും ചെയ്തിരുന്നു. അതേസമയം നിർമാണം നിരോധിച്ചതുമായി ബന്ധപ്പെട്ട് നെയ്മറിന്റെ പിതാവ് മുൻപ് ഉദ്യോഗസ്ഥരുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. തടാകത്തിന്റെ നിർമാണം വനനശീകരണത്തിനും സ്വാഭാവിക നദിയുടെ ഗതി മാറ്റുന്നതിനും പാറകൾ നശിപ്പിക്കപ്പെടുന്നതിനുമെല്ലാം കാരണമാകുന്നു എന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

ഈ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഭരണകൂടത്തിന് മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. പിഴ ചുമത്തിയതിനു പുറമേ പ്രാദേശിക അറ്റോർണി ജനറലിന്റെ ഓഫീസ്, പോലീസ് സേന, പരിസ്ഥിതി സംരക്ഷണ ഓഫീസ് തുടങ്ങിയവ സംഭവത്തിൽ അന്വേഷണവും നടത്തും. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ നെയ്മറിന്റെ വക്താവ് തയ്യാറായിട്ടില്ല. പിഴ ചുമത്തിയതിനു മേൽ അപ്പീൽ നൽകാൻ 20 ദിവസം സമയമാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. 

റിപ്പോർട്ടുകൾ പ്രകാരം 1000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് തടാകം നിർമിക്കാൻ പദ്ധതിയിട്ടിരുന്നത്. രണ്ടര ഏക്കറിൽ സ്ഥിതി ചെയ്യുന്ന നെയ്മറിന്റെ വില്ലയിൽ  ആറ് കിടപ്പുമുറികളാണുള്ളത്. 2016 ലാണ് നെയ്മർ ഈ വസതി സ്വന്തമാക്കിയത്. ടെന്നീസ് കോർട്ട്, മസാജ് റൂം, ഇൻഡോർ -ഔട്ട്ഡോർ പൂളുകൾ തുടങ്ങി ഇവിടുത്തെ സൗകര്യങ്ങളുടെ പട്ടിക നീളും.

വീട് വിഡിയോസ് കാണാം..

English Summary- Neymar Fined for Illegal Construction at Home

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS