ADVERTISEMENT

ഉമ്മൻ ചാണ്ടി എന്ന ജനസേവകന്റെ കരുതൽ അനുഭവിച്ച അനേകം സാധാരണക്കാരുണ്ട്. അതിലൊരാളാണ് അമൽ. താമസിക്കാൻ നല്ലൊരു കിടപ്പാടമില്ലാതിരുന്ന അമലിന് ശിവാനിയെന്ന കൊച്ചുകൂട്ടുകാരിയുടെ വലിയ മനസ്സും ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയ നേതാവിന്റെ കരുതലും മറ്റുള്ളവരുടെ സഹകരണവും ചേർന്നപ്പോൾ ലഭിച്ചത് സ്വപ്നവീടും ജീവിതവുമാണ്.

‘ഉമ്മൻ ചാണ്ടീ...’ എന്ന ശിവാനിയുടെ നീട്ടിയുള്ള ഒരു വിളിയിലാണ് സകല നന്മകളുടെയും തുടക്കം. മുഖ്യമന്ത്രിയായിരിക്കെ നടക്കാവ് ഗവ. ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ കെട്ടിടത്തിനു തറക്കല്ലിടാൻ എത്തിയപ്പോഴാണ് ഉമ്മൻ ചാണ്ടിയെ ശിവാനി പേരെടുത്തു വിളിച്ചത്. വേദിയിലേക്കു നടക്കുകയായിരുന്ന ഉമ്മൻ ചാണ്ടി ശിവാനിയുടെ വിളികേട്ട് നിന്നു. തിരികെയെത്തി ആ രണ്ടാം ക്ലാസുകാരിയുടെ നിവേദനത്തിനു കാതോർത്തു. സഹപാഠി അമൽ കൃഷ്ണയ്ക്കു വീടില്ലെന്നും വീടുവേണമെന്നുമായിരുന്നു ശിവാനിയുടെ ആവശ്യം. ആവശ്യം അംഗീകരിച്ച ഉമ്മൻ ചാണ്ടി സർക്കാരിൽ നിന്ന് മൂന്നു ലക്ഷം രൂപയും അനുവദിച്ചു. എന്നാൽ, സർക്കാർ മാറിയതോടെ അനുവദിച്ച പണം ലഭിച്ചില്ല. ഇതറിഞ്ഞ ഉമ്മൻ ചാണ്ടി സ്വന്തം നിലയിൽ മൂന്നു ലക്ഷം രൂപ സ്വരൂപിച്ചു നൽകി. പിന്നെയെല്ലാം അതിവേഗമായിരുന്നു. നാലര മാസം കൊണ്ട് അമലിനായി വീടൊരുങ്ങി. 

കുണ്ടൂപ്പറമ്പ് സ്കൂളിനു സമീപം ‘നന്മ’ എന്നു പേരിട്ട വീടിന്റെ ഗൃഹപ്രവേശന ചടങ്ങുകൾക്ക് അന്ന് തിരിതെളിച്ചതും വീടിന്റെ താക്കോൽ അമലിന്റെ കൈകളിൽ ഏൽപിച്ചതും ഉമ്മൻചാണ്ടിയാണ്. നാലു കിടപ്പുമുറികളും അടുക്കളയും ഹാളും ശുചിമുറിയുമെല്ലാമുള്ള ഇരുനില വീടിന്റെ മുകൾനില വാടകയ്ക്ക് നൽകാൻ പാകത്തിലൊരുക്കിയതോടെ അമലിന്റെ കുടുംബത്തിനു വരുമാന മാർഗവും തുറന്നുകിട്ടി.

അമലിന്റെയും കുടുംബത്തിന്റെയും സ്വപ്നങ്ങളിൽ അകലെയെങ്ങോ ആയിരുന്നു ചോർന്നൊലിക്കാത്ത സ്വന്തം വീട്. ആ സ്വപ്നത്തിനു യാഥാർഥ്യത്തിന്റെ മേൽക്കൂടു പണിതത് ഉമ്മൻ ചാണ്ടിയുടെ കരുതലായിരുന്നു. ഇതുപോലെ എത്രയെത്രെ അനുഭവങ്ങൾ ഉമ്മൻ ചാണ്ടിയെക്കുറിച്ച് സാധാരണക്കാർക്ക് പറയാനുണ്ടാകും. ആ സ്നേഹമാണ് അദ്ദേഹത്തിന് കേരളം നൽകുന്ന യാത്രയയപ്പിൽ പ്രതിഫലിക്കുന്നതും.

English Summary- Oommen Chandys effort give dreamhome to Amal- Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com