ADVERTISEMENT

പ്രശസ്തരായ ഇന്ത്യൻ കോടീശ്വരന്മാർ അഞ്ചും പത്തും നിലകളുള്ള വമ്പൻ ബംഗ്ലാവുകൾ പണിയുന്നത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാൽ ആഡംബരത്തോടും പ്രൗഢിയോടുമുള്ള തന്റെ  ഇഷ്ടംകൊണ്ട് മനസ്സിൽ തോന്നിയവിധം 14 നിലകളുള്ള ഒരു വീട് നിർമിച്ചുകൊണ്ടിരിക്കുകയാണ് ഉത്തർപ്രദേശിലെ മിർസാപൂർ സ്വദേശിയായ സിയാറം പട്ടേൽ എന്ന വ്യക്തി. എന്നാൽ രാജകീയ ജീവിതം ആഗ്രഹിച്ച സിയാറാമിന് ഈ വീട് ഇനിയും പൂർത്തിയാക്കാനായിട്ടില്ല.

ആരോഗ്യരംഗത്ത് ജോലി ചെയ്യുന്ന സിയാറാം രാജാക്കന്മാരുടെതു പോലെയുള്ള ഒരു ജീവിതമാണ് ആഗ്രഹിക്കുന്നതും പിന്തുടരുന്നതും. ഈ ജീവിതരീതി മൂലം അദ്ദേഹം നാലു തവണ വിവാഹം ചെയ്തു. ഇവയിലെല്ലാമായി ആറു മക്കളും സിയാറാമിനുണ്ട്. കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ച ശേഷമാണ് സിയാറം നാലാമത്തെ വിവാഹത്തിന് തയ്യാറെടുത്തത്. ഇതോടെ സിയാറാമിന്റെ ഒരു മകൾ അച്ഛനെതിരെ പരാതിയുമായി രംഗത്തെത്തി. തങ്ങൾക്ക് ജീവിക്കാൻ വേണ്ട സാമ്പത്തിക സഹായം നൽകാതെ സിയാറം കെട്ടിടം നിർമിക്കുന്നതിനാൽ വീട് അടച്ചുപൂട്ടി സീൽ വയ്ക്കണമെന്നായിരുന്നു മകളുടെ ആവശ്യം.

അതേസമയം അസാധാരണമാം വിധം കൊട്ടാരം പോലെയുള്ള കെട്ടിടം നിർമ്മിച്ച് പ്രശസ്തിനേടാനാണ് സിയാറാം ആഗ്രഹിച്ചത് എന്നും കെട്ടിടത്തിന് ഉയരം കൂടുന്നതനുസരിച്ച് സമീപത്തുള്ളവർ പരാതി ഉന്നയിച്ചിരുന്നു എന്നും  ഗ്രാമവാസികളും പറയുന്നുണ്ട്. എന്തായാലും ഈ രണ്ടു പരാതികളിലും കഴമ്പുണ്ടെന്ന് തിരിച്ചറിഞ്ഞ ഭരണകൂടം വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു. കൃത്യമായ അനുമതികൾ ഇല്ലാതെയാണ് സിയാറാം കെട്ടിട നിർമാണവുമായി മുന്നോട്ടുപോയത് എന്നും പ്രദേശവാസികൾ പറയുന്നുണ്ട്. ശക്തമായ കാറ്റോ മഴയോ ഉണ്ടാകുന്ന സാഹചര്യത്തിൽ വീട് ഇടിഞ്ഞുവീണ് സമീപവാസികൾക്ക് അപകടം പറ്റുമോ എന്നതായിരുന്നു ഇവരുടെ ആശങ്ക.

ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്ത് ഇത്തരത്തിൽ ഒരു വീടുകണ്ട് ഇതുവഴി പോകുന്നവരുടെ ശ്രദ്ധ തെറ്റിയത് മൂലം പല അപകടങ്ങളും വീടിനുമുന്നിൽ ഉണ്ടായിട്ടുണ്ട്. കുടുംബത്തിൽ നിന്നും ഗ്രാമത്തിൽ നിന്നുമെല്ലാം തിരിച്ചടികൾ നേരിട്ടെങ്കിലും സിയാറം ആഗ്രഹിച്ചത് പോലെ വീടും അദ്ദേഹവും അടുത്തുള്ള ജില്ലകളിൽ പോലും പ്രശസ്തമായി. ഇപ്പോൾ ഈ വീട് കാണാനായി മാത്രം ധാരാളം ആളുകൾ ഇവിടേക്ക്  എത്തുന്നുണ്ട്.

English Summary- Man Building 14 Storeyed House- News

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com