ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി ഹബ്ബായ ബെംഗളൂരുവിൽ ജോലിയോ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷനോ ലഭിക്കുന്നതിലും ബുദ്ധിമുട്ട്, തങ്ങാൻ ഒരു ഇടം കണ്ടെത്താനാണ്. അത്തരത്തിൽ വാടകയ്ക്ക് വീട്/ഫ്ലാറ്റ് തേടിയിറങ്ങി ഇന്നോളം കേട്ടുകേൾവിയില്ലാത്ത പല അനുഭവങ്ങളും നേരിട്ടവർ അവയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന കുറിപ്പുകൾ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ ബെംഗളൂരുവിൽ ഒരു ഫ്ലാറ്റ് വാടകയ്ക്ക് എടുക്കാനായി നൽകേണ്ടിവരുന്ന സെക്യൂരിറ്റി തുകയെക്കുറിച്ചുള്ള പോസ്റ്റാണ് സൈബർ ലോകം ചർച്ചചെയ്യുന്നത്. 25 ലക്ഷം രൂപയാണ് സെക്യൂരിറ്റിയായി ഉടമ ആവശ്യപ്പെട്ടിരിക്കുന്നത്.

തേജസ്വി ശ്രീവാസ്തവ എന്ന വ്യക്തിയാണ് സെക്യൂരിറ്റി തുക ആവശ്യപ്പെട്ടുകൊണ്ട് ഒരു വീട്ടുടമ പ്രസിദ്ധീകരിച്ച പരസ്യം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. മറ്റുള്ളവരെപോലെ തങ്ങാനായി യോജിച്ച ഒരു ഫ്ലാറ്റ് അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് തേജസ്വി ഈ പരസ്യം കണ്ടത്. HSR ലേയൗട്ടിൽ സ്ഥിതിചെയ്യുന്ന ഒരു ഫ്‌ളാറ്റിനെക്കുറിച്ചാണ് പരസ്യത്തിൽ പരാമർശിച്ചിരിക്കുന്നത്. ഒരു 4 BHK ഫ്ലാറ്റാണ് ഇത്. നാട്ടിൽ ഒരു സാധാരണ വീട് വയ്ക്കാനുള്ള തുക സെക്യൂരിറ്റിയായി ആവശ്യപ്പെട്ടത് കണ്ടതോടെ പോസ്റ്റ് വൈറലായി.

സെക്യൂരിറ്റിയായി നൽകേണ്ട 25 ലക്ഷം രൂപയ്ക്കായി ലോണിന് അപേക്ഷിക്കാനുള്ള ഓപ്ഷനും പരസ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിന് പുറമേ 'കിഡ്നി ദാനം ചെയ്യാനായി അപേക്ഷിക്കാനുള്ള മറ്റൊരു ഓപ്ഷൻ കൂടി ഉൾപ്പെടുത്തേണ്ടതായിരുന്നു' എന്ന കുറിപ്പോടെയാണ്  തേജസ്വി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. സെക്യൂരിറ്റി തുക കണ്ട് വിശ്വസിക്കാനാവാതെയാണ് പലരും പോസ്റ്റിന് പ്രതികരണങ്ങൾ അറിയിക്കുന്നത്. സാധാരണഗതിയിൽ 10 മാസത്തെയോ ഒരു വർഷത്തെയോ വാടക തുകയാണ് സെക്യൂരിറ്റിയായി വാങ്ങുന്നത്. ആ കണക്കുവച്ച് നോക്കുമ്പോൾ ഈ ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുന്നവർ പ്രതിമാസം രണ്ടര ലക്ഷം രൂപ പ്രതിമാസം വാടക നൽകേണ്ടി വരുമോ എന്നാണ് പലരുടെയും സംശയം.

പരസ്യം പ്രസിദ്ധീകരിച്ച സൈറ്റ് അവസാനത്തെ പൂജ്യത്തിനു മുന്നിൽ പോയിന്റിടാൻ മറന്നുപോയതാവാം എന്ന തരത്തിൽ രസകരമായ കമന്റുകളുമുണ്ട്. വാടകയ്ക്ക് ഒരു വീടെടുത്ത് അതിന് ഡെപ്പോസിറ്റ് നൽകാനായി ലോണെടുത്ത് ഇഎംഐ അടക്കേണ്ടിവരുന്ന അവസ്ഥ എത്ര ഭീകരമാണെന്നാണ് മറ്റു ചിലർ ചിന്തിക്കുന്നത്.

സെക്യൂരിറ്റി തുക വൈറലായതോടെ ഫ്ലാറ്റിന്റെ ഉടമയും പ്രതികരണവുമായി രംഗത്തെത്തി. പരസ്യപ്പെടുത്തിയിരിക്കുന്ന ഫ്ലാറ്റ് 5915 ചതുരശ്രഅടി വിസ്തീർണ്ണമുള്ളതാണെന്നും ഒരു പോഷ് ഏരിയയിൽ സ്ഥിതിചെയ്യുന്ന ബംഗ്ലാവിന് സമമായ ഈ ഫ്ലാറ്റ് വാടകയ്ക്കെടുക്കാൻ അത്തരം ഒന്ന് ആവശ്യമുള്ളവർ മാത്രമേ ശ്രമിക്കുകയുള്ളൂ എന്നുമാണ് ഉടമയുടെ വാദം. ഇതിനെ പിന്തുണയ്ക്കുന്ന രീതിയിൽ ആ ഫ്ലാറ്റിന്റെ യഥാർഥ വില കണക്കിലെടുക്കുമ്പോൾ വാടകയും സെക്യൂരിറ്റി തുകയും അധികമായി കണക്കാക്കേണ്ടതില്ല എന്ന് പ്രതികരിക്കുന്നവരുമുണ്ട്.

English Summary- Owner Demands 25 Lakhs as Security Deposit for flat in Bengaluru- Real Estate News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com