വീടും സ്ഥലവുമല്ല, വെറുമൊരു മതിൽ: വില 41 ലക്ഷം രൂപ!

wall
© google maps
SHARE

ലോകത്ത് എവിടെയാണെങ്കിലും അതിർത്തികളും മതിലുകളുമൊക്കെ എന്നും തർക്കവിഷയം തന്നെയാണ്. ഇത് പലപ്പോഴും മതിൽ ആരുടെ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് എന്നതിനെ ചൊല്ലിയാവുമെന്ന് മാത്രം. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി അയൽക്കാരിയുമായുള്ള തർക്കത്തെ തുടർന്ന് ചെറിയ ഒരു മതിൽ വിൽപനയ്ക്കായി പരസ്യപ്പെടുത്തിയിരിക്കുകയാണ് അമേരിക്കയിലെ വാഷിങ്ടൺ സ്വദേശിയായ അലൻ ബർഗർ എന്ന വ്യക്തി. 50000 ഡോളറാണ് (41 ലക്ഷം രൂപ) ഈ മതിലിന് വിലയായി അലൻ നിശ്ചയിച്ചിരിക്കുന്നത്.

വിചിത്രമായ ഈ മതിൽ വില്പനയ്ക്ക് പിന്നിൽ ഒരു കാരണവുമുണ്ട്. സ്ഥലത്തിനും വീടിനുമൊക്കെ തൊട്ടാൽ പൊള്ളുന്ന വിലയുള്ള ഈ പ്രദേശത്ത് സ്വന്തമായി എന്തെങ്കിലും ഒന്ന് വിലയ്ക്ക് വാങ്ങണമെന്ന ആഗ്രഹത്തെ തുടർന്ന് അലന്റെ അച്ഛൻ മുൻപ് കൗതുകത്തിനായി  വാങ്ങിയതാണ് ഈ മതിൽ. 2019 ൽ ഡാനിയേല വാൾസ് എന്ന വനിത മതിലുമായി ബന്ധിപ്പിച്ചു നിർമ്മിച്ചിരിക്കുന്ന വീട് സ്വന്തമാക്കി. അങ്ങനെ മതിലിന്റെ അകത്തേയ്ക്കുള്ള 12 ഇഞ്ച് ഭാഗം ഡാനിയേലയുടെ ഉടമസ്ഥതയിലും പുറത്തേയ്ക്കുള്ള 12 ഇഞ്ച് ഭാഗം അലന്റെ ഉടമസ്ഥതയിലും ആവുകയായിരുന്നു. 

2020ൽ ഡാനിയേലയുടെ വീടിനുള്ളിൽ ചോർച്ച അനുഭവപ്പെട്ടതോടെയാണ് തർക്കം ഉടലെടുത്തത്. മതിലിൽ അലന്റെ ഉടമസ്ഥതയിലുള്ള ഭാഗത്തെ കേടുപാടുകളാണ് ചോർച്ചയ്ക്ക് കാരണമായത്. ഡാനിയേലയുടെ ഇൻഷുറൻസ് കമ്പനി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. മതിൽ ഇതേ രീതിയിൽ തുടർന്നാൽ ഡാനിയേലയുടെ വീടിന് സാരമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് കണ്ടെത്തി. എന്നാൽ മതിലിന്റെ കേടുപാടുകൾ പരിഹരിക്കാൻ അലൻ വിസമ്മതിക്കുകയും ചെയ്തു.

ഒടുവിൽ മറ്റു നിവൃത്തിയില്ലാതെ ഡാനിയേല നിയമവിദഗ്ധരെ സമീപിച്ച് മതിൽ വാങ്ങുന്നതിനായി ന്യായമായ വിലയും കണ്ടെത്തി. 600 ഡോളർ (50,000 രൂപയ്ക്ക് അടുത്ത്) നൽകാം എന്നായിരുന്നു ഡാനിയേലയുടെ ഓഫർ. എന്നാൽ അതിന് തയ്യാറല്ല എന്ന് അറിയിച്ച അലൻ 50,000 ഡോളർ ആവശ്യപ്പെട്ടുകൊണ്ട് മതിൽ വിൽപനയ്ക്ക് പരസ്യപ്പെടുത്തുകയും ചെയ്തു. നിർമ്മിതി വേണ്ടവിധം പരിപാലിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി അലനെതിരെ ബിൽഡിങ്‌ ഡിപ്പാർട്ട്മെന്റ് മുൻപ് രണ്ടുതവണ പിഴ ചുമത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമ തർക്കം തുടരുന്നതിനിടെയാണ് ഇപ്പോൾ അദ്ദേഹം മതിൽ അപ്പാടെ വില്പനയ്ക്ക് വച്ചിരിക്കുന്നത്.

പ്രത്യാഘാതം എന്തുതന്നെയായാലും അലൻ ആവശ്യപ്പെടുന്ന തുകയ്ക്ക് മതിൽ സ്വന്തമാക്കില്ല എന്ന് ഉറച്ച നിലപാടിൽ ഡാനിയേലയും എത്തിക്കഴിഞ്ഞു. ഇത്രയും ഉയർന്ന തുകയ്ക്ക് മതിൽ വാങ്ങിയശേഷം കേടുപാടുകൾ പരിഹരിക്കുക കൂടി ചെയ്താൽ തനിക്ക് അത് വലിയ ധനനഷ്ടമാകും എന്നാണ് ഇവരുടെ പക്ഷം. മതിൽ വാങ്ങാനായി പണയമോ ബാങ്ക് വായ്പയോ കിട്ടില്ല എന്നതാണ് മറ്റൊരു പ്രധാന കാര്യം.

പരസ്യം നൽകി ആഴ്ചകൾ പിന്നിട്ടെങ്കിലും ഇതുവരെ വിൽപന നടന്നിട്ടില്ല. പരസ്യം എഴുതാനോ മ്യൂറൽ പെയിന്റിങ്ങിനോ ഒക്കെയായി മതിൽ ഉപയോഗിക്കാം എന്ന് കരുതി ചിലർ തുടക്കത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതിന് പ്രത്യേക അനുമതി തേടേണ്ടി വരുമെന്ന് അറിഞ്ഞതോടെ അവർ പിൻവാങ്ങി. മറ്റൊരാളാകട്ടെ വാങ്ങാൻ തയ്യാറായി എത്തിയെങ്കിലും നേരിട്ടുകണ്ട് മതിലിന്റെ അവസ്ഥ ബോധ്യപ്പെട്ടതോടെ അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു.

വീട് വിഡിയോസ് കാണാം

English Summary- Owner Listed wall for 41 Lakhs- News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS