ADVERTISEMENT

സ്വന്തമായി ഒരു വീട് വാങ്ങാൻ ആഗ്രഹിച്ചു കാത്തിരുന്നപ്പോഴാണ് മാർട്ടിൻ -സാറ ദമ്പതികൾ ഇംഗ്ലണ്ടിലെ കോൺവാളിൽ സ്ഥിതിചെയ്യുന്ന അതിമനോഹരമായ ഒരു ബംഗ്ലാവിന്റെ പരസ്യം കണ്ടത്. ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന ബോക്കിം മാനർ സ്വന്തമാക്കാനുള്ള അവസരം പാഴാക്കരുതെന്ന് ഇരുവരും തീരുമാനിക്കുകയും ചെയ്തു. അങ്ങനെ 2014 ൽ 10 കിടപ്പുമുറികളും രഹസ്യഇടനാഴികളും ചിത്രപ്പണികളുള്ള ജനാലകളും നിറഞ്ഞ, ഗോഥിക് റിവൈറൽ മാതൃകയിലുള്ള ബംഗ്ലാവ് 1.5 മില്യൺ പൗണ്ട് (15.82 കോടി രൂപ) മുടക്കി ഇവർ വാങ്ങി. 

എന്നാൽ വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി ബംഗ്ലാവിനുള്ളിലേക്ക് കാലെടുത്തുവച്ച ഇവർക്ക് അകത്തളത്തിന്റെ ആദ്യ കാഴ്ച തന്നെ ഇരുട്ടടിയേറ്റത് പോലെയായിരുന്നു. അകത്തളം മനോഹരമാക്കുന്ന എല്ലാ ഭാഗങ്ങളും നീക്കം ചെയ്ത് താറുമാറായ നിലയിൽ വെറും ഭിത്തികളും തറയും മാത്രമായി അവശേഷിക്കുന്ന നിലയിലായിരുന്നു ബംഗ്ലാവ്. പരസ്യത്തിൽ ഉൾപ്പെടുത്തിയിരുന്ന ചിത്രങ്ങളിലുണ്ടായിരുന്ന കൊട്ടാരസമാനമായ അലങ്കാരങ്ങളൊന്നും ഇല്ലെന്നു മാത്രമല്ല നൽകിയ തുകയുടെ പകുതി പോലും വിലമതിപ്പില്ലാത്ത നിലയിൽ കെട്ടിടം നാശമാക്കപ്പെടുകയും ചെയ്തിരുന്നു.

അധികം വൈകാതെ മുൻ ഉടമ തങ്ങളോട് ചെയ്ത കൊടും ചതിയാണിതെന്ന് ഇവർ മനസ്സിലാക്കി. വീട് കൈമാറുന്നതിനു മുൻപായി അതിലെ മനോഹരമായതും വിലപിടിപ്പുള്ളതുമായ എല്ലാ വസ്തുക്കളും മുൻഉടമയായ മാർക്ക് പെയിൻ നീക്കം ചെയ്യുകയായിരുന്നു. അകത്തളത്തിലെ വാതിലുകളും ജനാലകളും ഫയർ പ്ലെയ്സും തറയും എന്തിനേറെ ഇലക്ട്രിക്കൽ -പ്ലമിങ് വർക്കുകൾ വരെ അടർത്തി മാറ്റിയ ശേഷമാണ് മാർക്ക് വീട് ഇവർക്ക് നൽകിയത്. 

ചിത്രപ്പണികളോടു കൂടിയ ജനാല ചില്ലുകൾ, ലൈബ്രറി മുറിയിലെ പാനലിങ്, എസ്റ്റേറ്റിലെ ക്ലോക്ക് ടവറിലേക്കുള്ള സ്റ്റെയർകെയ്സ് എന്നിവയെല്ലാം നീക്കം ചെയ്യപ്പെട്ടിരുന്നു. 'കൊടുങ്കാറ്റിൽ തകർന്ന കെട്ടിടത്തിന്റെ അവസ്ഥയിലാണ്' തങ്ങൾക്ക് വീട് ലഭിച്ചത് എന്ന് മാർട്ടിൻ പറയുന്നു. വീട് വാങ്ങും മുൻപ് നേരിട്ട് കാണാനായി തങ്ങൾ പലവട്ടം ശ്രമിച്ചെങ്കിലും മാർക്ക് ഓരോ വഴി കണ്ടെത്തി തങ്ങളെ പിന്തിരിപ്പിച്ചതിന്റെ കാരണം അപ്പോൾ മാത്രമാണ് മാർട്ടിനും സാറയ്ക്കും മനസ്സിലായത്. യാതൊരു മുൻപരിചയവുമില്ലാത്ത തങ്ങളോട് എന്തിനാണ് ഇത്തരത്തിൽ മാർക്ക് പെരുമാറിയത് എന്ന് മനസ്സിലാകുന്നില്ല എന്നും ഇവർ പറയുന്നു. ചിത്രങ്ങളിൽ കണ്ടതുമായി ഏകദേശ സാമ്യം വരുന്ന രീതിയിൽ ബംഗ്ലാവ് മാറ്റിയെടുക്കണമെങ്കിൽ പോലും 1.5 മില്യൺ പൗണ്ട് അധികം മുടക്കേണ്ട അവസ്ഥ.

എന്തായാലും ഈ ചതി വെറുതെ വിടാൻ ഉദ്ദേശമില്ലാതിരുന്നതിനാൽ ഇവർ നിയമസഹായം തേടി. കൈമാറ്റം ചെയ്യുന്നതിനു മുൻപ് കെട്ടിടങ്ങളിലെ യാതൊരുവിധ വസ്തുക്കളും നീക്കം ചെയ്യാൻ പഴയ ഉടമയ്ക്ക് അവകാശം ഇല്ല എന്ന് കണ്ടെത്തുകയും ചെയ്തു. ചരിത്ര പ്രാധാന്യമുള്ള കെട്ടിടത്തിലെ ഫിക്സ്ചറുകൾ നീക്കം ചെയ്യാൻ അനുമതി തേടിയിട്ടില്ല എന്നുകൂടി കണ്ടെത്തിയതോടെ മാർക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ മാർക്കാണ് ഈ ചെയ്തികൾക്ക് പിന്നില്ലെന്ന് തെളിയിക്കാൻ സാധിക്കാതെ വരുമോ എന്ന ആശങ്കയിൽ കൗൺസിൽ കേസ് തള്ളിക്കളഞ്ഞു. 

പിന്നീടിങ്ങോട്ട് ഒൻപത് വർഷക്കാലം നീതി കിട്ടാനായി മാർട്ടിനും കുടുംബവും നിയമ യുദ്ധത്തിലായിരുന്നു. പലയാവർത്തി പരാതി ഉയർത്തിയെങ്കിലും നടപടിയെടുക്കാൻ കൗൺസിൽ കൂട്ടാക്കിയില്ല. ഒടുവിൽ ഏതാനും മാസങ്ങൾക്കു മുൻപാണ് കുടുംബത്തിന് അനുകൂലമായ വിധി ഉണ്ടായത്. തന്റെ ചെയ്തിയെ സാധൂകരിക്കാൻ മാർക്കിന് സാധിക്കാതെ വന്നതോടെ നീക്കം ചെയ്യപ്പെട്ട എല്ലാ വസ്തുക്കളും മാർട്ടിനു തിരികെ നൽകണമെന്നായിരുന്നു വിധി. അനുകൂലമായ വിധി നേടിയെടുക്കാനായെങ്കിലും വൻതുക മുടക്കി സ്വന്തമാക്കിയ സ്വപ്നഭവനത്തിൽ സ്വസ്ഥമായി താമസിക്കാൻ ഒരു പതിറ്റാണ്ടോളം സഹിക്കേണ്ടിവന്ന കഷ്ടതകൾ ചില്ലറയല്ല എന്ന് മാർട്ടിനും സാറയും പറയുന്നു.

English Summary- Couples Purchased Dream Home became a Nightmare- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com