ഇലോൺ മസ്ക് വാർത്തകളിൽ ഇടം നേടാത്ത ഒരുദിവസം പോലുമില്ല എന്ന് പറയാം. ആസ്തിയുടെ കാര്യത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനത്തുതന്നെ അദ്ദേഹമുണ്ട്. എന്നാൽ ആയിരക്കണക്കിന് കോടികൾ വിലമതിക്കുന്ന തന്റെ വസതികൾ വില്പന ചെയ്ത മസ്ക്, ഇന്ന് ജീവിക്കുന്നത് തികച്ചും സാധാരണക്കാർ കഴിയുന്നതുപോലെയുള്ള ഒരു വീട്ടിലാണ്. ടെക്സസിലെ ബോക ചിക്കയിൽ സ്ഥിതിചെയ്യുന്ന രണ്ട് കിടപ്പുമുറികൾ മാത്രമുള്ള ഒരു വീടാണ് ഇത്. രേഖകൾ പ്രകാരം 50000 ഡോളറിനടുത്ത് (41 ലക്ഷം രൂപ) മാത്രമാണ് വീട് സ്വന്തമാക്കാനായി മസ്ക് ചെലവിട്ടിരിക്കുന്നത്.
ആഡംബരം നിറഞ്ഞ തന്റെ അഞ്ച് ലക്ഷ്വറി വസതികൾ 2020-ലാണ് മസ്ക് കൈമാറ്റം ചെയ്തത്. പിന്നീടിങ്ങോട്ട് ബോക ചിക്കയിലെ വീട്ടിലാണ് അദ്ദേഹത്തിന്റെ താമസം. മസ്കിന്റെ ജീവചരിത്രം രചിക്കുന്ന വാൾട്ടർ ഐസക്സൺ എക്സിൽ ( ട്വിറ്ററിൽ) പങ്കുവച്ചതോടെയാണ് തികച്ചും ലളിതമായ ഈ വീടിന്റെ ചിത്രങ്ങൾ ജനശ്രദ്ധ നേടിയത്. 375 ചതുരശ്ര അടി മാത്രമാണ് വീടിന്റെ ആകെ വിസ്തീർണ്ണം. ലാസ് വേഗസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബോക്സബിൾ എന്ന കമ്പനിയാണ് മസ്കിന്റെ വീട് നിർമ്മിച്ചിരിക്കുന്നത്.
ബോക്സബിളിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം കിടപ്പുമുറി, ലിവിങ് ഏരിയ, വോക് ഇൻ ക്ലോസറ്റ്, ഫുൾ സൈസ് ഷവർ ഏരിയ, പൗഡർ റൂം, ഫയർ പ്ലേസ്, അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അടുക്കള എന്നിവയെല്ലാം ഈ ചെറിയ വീടിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. തീപിടുത്തത്തെയും ശക്തമായ കാറ്റിനെയും അതിജീവിക്കാൻ കരുത്തുള്ള വീട് പായലിനെ ചെറുത്തുനിൽക്കുന്നതുമാണ്. ആഡംബരങ്ങളില്ലാതെ തികച്ചും ലളിതമായ ഫർണിച്ചറുകളാണ് അകത്തളത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഔദ്യോഗിക ജോലികളിൽ നിന്നും വിട്ടുനിൽക്കുന്ന സമയം മുഴുവൻ ഈ വീട്ടിൽ തന്നെയാണ് ഇലോൺ മസ്ക് ചിലവിടുന്നത്. ഏറ്റവും ഭംഗിയായി തന്നെ വീട് സൂക്ഷിക്കാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ശതകോടീശ്വരനായ മസ്ക് പതിവായി താമസിക്കാൻ ഇത്രയും ലളിതവും ചെറുതുമായ ഒരു വീട് തിരഞ്ഞെടുത്തത് എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. അദ്ദേഹത്തിന്റെ ജീവചരിത്രത്തിലൂടെയാവും അക്കാര്യം വെളിപ്പെടുത്തുന്നത്.
ചിത്രങ്ങൾ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ ധാരാളം ആളുകൾ പ്രതികരണങ്ങളും അറിയിക്കുന്നുണ്ട്. 'ലോകത്തിലെ ഏറ്റവും സമ്പന്നനായ ഒരു വ്യക്തി താമസിക്കുന്ന വീടാണിതെന്ന് ചിന്തിക്കാനാവുന്നില്ല' എന്നാണ് ഭൂരിഭാഗം ആളുകളുടെയും പ്രതികരണം. ലളിതമാണെങ്കിലും അങ്ങേയറ്റം ഭംഗിയുള്ള വീടാണ് ഇതെന്നും ചിലർ കുറിക്കുന്നു. ഏതു വലിയ നിലയിലാണെങ്കിലും ഇത്തരം ഒരു ജീവിതരീതിയാണ് ഏറ്റവും സുഖപ്രദം എന്ന് പറയുന്നവരും കുറവല്ല.
English Summary- Elon Musk Living in a 2 bedroom house- Tweet Viral