ശൂന്യമായ വീടുകൾ; ഒരു കുടുംബം മാത്രം താമസിക്കുന്ന ഇന്ത്യൻ ഗ്രാമം

ghost-village
Representative Image Only: Photo credit:Umesh Negi/istock.com
SHARE

ജനസംഖ്യയുടെ കാര്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് ഇന്ത്യ. എന്നാൽ ഇതേ ഇന്ത്യയിൽ ഒരൊറ്റ കുടുംബം മാത്രം താമസിക്കുന്ന ഒരു ഗ്രാമം ഉണ്ട്. അസമിലെ നൽബാരി ജില്ലയിലാണ് വികസന പ്രശ്നങ്ങൾ ജനജീവിതത്തെ എത്രത്തോളം ബാധിക്കും എന്നതിന്റെ നേർചിത്രമായി തുടരുന്ന നമ്പർ 2 ബർദ്ധനാരാ എന്ന ഗ്രാമം. 2011ലെ സെൻസസ് പ്രകാരം 16 കുടുംബങ്ങൾ താമസിച്ചിരുന്ന ഈ ഗ്രാമത്തിൽ ഇന്ന് അവശേഷിക്കുന്നത് അഞ്ച് അംഗങ്ങൾ ഉൾപ്പെടുന്ന ഒരേയൊരു കുടുംബമാണ്.

ഗതാഗത സൗകര്യം ഇല്ലാത്തതാണ് ഈ ഗ്രാമത്തിന്റെ ശാപം. ജില്ലാതലസ്ഥാനത്തുനിന്നും വെറും 12 കിലോമീറ്റർ മാത്രം അകലെയാണ് നമ്പർ 2 ബർദ്ധനാര സ്ഥിതി ചെയ്യുന്നത്. വെള്ളക്കെട്ടുകൊണ്ട് മൂടപ്പെട്ടു കിടക്കുന്ന സ്ഥലമായതിനാൽ കുട്ടികൾക്ക് സ്കൂളിൽ പോകണമെങ്കിൽ കടത്തു കടക്കണം. അതുകൊണ്ടും തീർന്നില്ല. വെള്ളവും ചെളിയും നിറഞ്ഞ പാതയിലൂടെ രണ്ടു കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ മാത്രമേ വാഹനസഞ്ചാരയോഗ്യമായ റോഡിലേക്ക് എത്തു. അവിടെ നിന്നുവേണം വിദ്യാലയങ്ങളിലേക്ക് എത്താൻ. മഴക്കാലം എത്തിയാൽ സ്ഥിതിഗതികൾ അതീവ രൂക്ഷമാകും. ഗ്രാമത്തിലൂടെ നടക്കാനുള്ള പാതകൾ പോലും പൂർണമായും വെള്ളത്തിൽ മുങ്ങി പോകും. തികച്ചും ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ. ബിമൽ ദേക എന്ന വ്യക്തിയും ഭാര്യ അനിമയും മൂന്ന് മക്കളും മാത്രമാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്.

വൈദ്യുതി ലഭ്യമല്ല എന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. മണ്ണെണ്ണ വിളക്കിന് ചുവട്ടിലിരുന്നാണ് വിമലിന്റെ മക്കൾ പഠിക്കുന്നത്. 162 ഹെക്ടറാണ് ഗ്രാമത്തിന്റെ ആകെ വിസ്തൃതി. പതിറ്റാണ്ടുകൾക്ക് മുൻപ് അന്നത്തെ മുഖ്യമന്ത്രി നേരിട്ട് എത്തിയാണ് ഗ്രാമത്തിലേക്കുള്ള  റോഡ് ഉദ്ഘാടനം ചെയ്തിരുന്നത്. എന്നാൽ ഏതാണ്ട് ഒരു പതിറ്റാണ്ട് മുൻപ് അടിക്കടി വെള്ളപ്പൊക്കം ഉണ്ടായിത്തുടങ്ങിയതോടെ റോഡ് ആകെ നാശമാവുകയായിരുന്നു. റോഡ് നവീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാതെ വന്നതോടെ ഗ്രാമത്തിലേക്കുള്ള യാത്ര കഷ്ടതകൾ നിറഞ്ഞതായി.

ഒടുവിൽ സഹികെട്ട് ഗ്രാമവാസികൾ അവിടം വിട്ടൊഴിഞ്ഞു പോകാനും തുടങ്ങി. താമസിക്കാർ ഇല്ലാത്തതുമൂലം ഇപ്പോഴും ഭരണകൂടങ്ങൾ ഇവിടേക്കുള്ള റോഡുകൾ നവീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നില്ല. കൃഷിയും നാൽക്കാലി വളർത്തലുമായിരുന്നു ഗ്രാമത്തിലുള്ളവരുടെ പ്രധാന ജീവിതോപാധി. ആളുകൾ ഇവിടം വിട്ടുപോയതോടെ നിലവിൽ ഒരു സന്നദ്ധ സംഘടന ഗ്രാമത്തിൽ കൃഷി ഫാം ആരംഭിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളും ഗതാഗതയോഗ്യമായ ഒരു റോഡും നിർമ്മിച്ചു നൽകിയാൽ കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഈ ഗ്രാമത്തിൽ വീണ്ടും ആളുകൾ താമസത്തിന് എത്തുമെന്നും പഴയ പ്രതാപത്തിലേക്ക് അതിനെ മടക്കിക്കൊണ്ടുവരാനാവുമെന്നും ഫാമിന്റെ ചെയർമാനായ പ്രീതി ഭൂഷൻ പറയുന്നു.

വീട് വിഡിയോസ് കാണാം

English Summary- Village in India with Just One Family- News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS