നിർമാണവിസ്മയവും ലോകാത്ഭുതങ്ങളിലൊന്നുമായ ചൈനയിലെ വൻമതിലിന്റെ ഒരുഭാഗത്ത് പരിഹരിക്കാനാവാത്ത വിധം കേടുപാടുകൾ ഉണ്ടായതായി റിപ്പോർട്ട്. വൻമതിലിന്റെ ഒരു ഭാഗം എക്സകവേറ്റർ ഉപയോഗിച്ച് തകർത്തു എന്നാരോപിച്ച് രണ്ട് വ്യക്തികളെ ചൈനീസ് ഭരണകൂടം പിടികൂടിയതായാണ് വാർത്തകൾ പുറത്തുവരുന്നത്. മതിലിലൂടെ കുറുക്കുവഴി ഉണ്ടാക്കാനുള്ള ശ്രമത്തിനിടെയാണ് ഒരു ഭാഗത്തിന് തകരാർ സംഭവിച്ചത്.
ചരിത്ര പ്രാധാന്യമുള്ള നിർമിതികളിൽ ഒന്നായ വൻമതിലിൽ മനപ്പൂർവമായി ആരോ വിടവ് സൃഷ്ടിച്ചിരിക്കുന്നതായി ഓഗസ്റ്റ് മാസം അവസാനത്തോടെയാണ് പരാതികൾ ഉയർന്നത്. തുടർന്ന് പൊലീസ് ഊർജിതമായ അന്വേഷണവും നടത്തി. ഒടുവിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 38 കാരനായ ഒരു വ്യക്തിയെയും 55 കാരിയായ സ്ത്രീയെയും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വടക്കുകിഴക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലാണ് സംഭവം നടന്നത്.
വന്മതിലിനു സമീപത്തുള്ള കെട്ടിട നിർമാണ സൈറ്റിലേക്ക് എക്സ്കവേറ്റർ എത്തിക്കാനുള്ള എളുപ്പവഴി ഒരുക്കാനായിരുന്നു ഈ സാഹസം. മതിലിൽ ഉണ്ടായിരുന്ന ചെറിയ വാതിൽ എക്സ്കവേറ്റർ കടന്നുപോകത്തക്ക വലിപ്പത്തിൽ വിപുലമാക്കാനായിരുന്നു പദ്ധതി. നിലവിലുള്ള വഴിയിലൂടെ പോയാൽ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരും എന്നതാണ് ഇവരെ വന്മതിൽ പൊളിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ ഈ പ്രവൃത്തി മൂലം മതിൽ പഴയ അവസ്ഥയിൽ എത്തിക്കാനാവാത്ത വിധം കേടുപാടുകൾ സംഭവിച്ചതായി അധികൃതർ പറയുന്നു.
മതിൽ തകർക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ തന്നെയാണ് ഇക്കാര്യം അധികൃതിരെ അറിയിച്ചത്. നിലവിൽ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. രണ്ട് പ്രതികളും വന്മതിലിന് സമീപമുള്ള ഒരു നിർമാണ പ്രോജക്റ്റിൽ ജോലിക്ക് കരാർ എടുത്തിരിക്കുന്നവരാണ്. ഇവർ കുറ്റസമ്മതം നടത്തിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സാംസ്കാരിക പ്രാധാന്യമുള്ള നിർമിതി നശിപ്പിച്ചു എന്നതാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കാലാവസ്ഥാ വ്യതിയാനവും വിനോദ സഞ്ചാരികൾ ഉണ്ടാക്കുന്ന കേടുപാടുകളും മൂലം വൻമതിൽ തകർച്ചാഭീഷണി നേരിടുന്നതിനിടെയാണ് ഈ സംഭവം പുറത്തുവരുന്നത്.
English Summary- Parts of Great Wall of China- Architecture Marvel Damaged- News