ADVERTISEMENT

ജനന നിരക്ക് കുറയുകയും അവിടെയുള്ള 'ക്രീം ജനവിഭാഗം' പഠന-തൊഴിൽ അവസരങ്ങൾ തേടി മറ്റിടങ്ങളിലേക്ക് പോവുകയും ചെയ്യുന്നതോടെ വിജനമാകുന്ന പ്രദേശങ്ങൾ ലോകത്ത് പലയിടത്തുമുള്ള സ്ഥിതിവിശേഷമാണ്. ഇത്തരമൊരു ഘട്ടത്തിലൂടെയാണ് ജപ്പാൻ കടന്നുപോകുന്നത്. 2008 നുശേഷം ജപ്പാനിൽ ജനന നിരക്ക് കുത്തനെ കുറയുന്ന പ്രവണതയുണ്ട്. കഴിഞ്ഞവർഷമാകട്ടെ ജനന നിരക്ക് റെക്കോർഡ് നിലയിൽ കുറഞ്ഞതായി കണ്ടെത്തുകയും ചെയ്തിരുന്നു. ജനസംഖ്യയിൽ ഉണ്ടാകുന്ന ഈ വൻ ഇടിവ് ജപ്പാനിലെ റിയൽ എസ്റ്റേറ്റ് മേഖലയെയും സാരമായി തന്നെ ബാധിച്ചു കഴിഞ്ഞു. പല പ്രദേശങ്ങളിലും ചുരുങ്ങിയത് ഏഴ് വീടുകളിൽ ഒന്ന് ആൾപ്പാർപ്പില്ലാതെ ഉപേക്ഷിക്കപ്പെട്ട് കിടക്കുകയാണ് എന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.   

ഈ അവസ്ഥ പരമാവധി ഉപയോഗപ്പെടുത്താൻ വിദേശികളും മുന്നിട്ടിറങ്ങി കഴിഞ്ഞു. ഹോട്ടലുകൾ നടത്താനോ വാടകയ്ക്ക് വിട്ടു നൽകാനോ ആയി കുറഞ്ഞ വിലയിൽ ജപ്പാനിലെ പഴയതും ഉപേക്ഷിക്കപ്പെട്ടതുമായ വീടുകൾ സ്വന്തമാക്കുകയാണ് വിദേശരാജ്യക്കാർ.  ജപ്പാനിൽ ആൾപാർപ്പില്ലാതെ കിടക്കുന്ന വീടുകൾ 'അകിയ' എന്നാണ് അറിയപ്പെടുന്നത്. ജനസംഖ്യ കുറയുന്നതിനനുസരിച്ച് അകിയകളുടെ എണ്ണവും വളരെ വേഗത്തിൽ വർദ്ധിച്ചു വരികയാണ് എന്നാണ് വിവരം. ജപ്പാനിലെ സ്ഥലങ്ങളും സംസ്കാരവും ഏറെ ഇഷ്ടപ്പെടുന്ന വിദേശികൾക്ക് ഇത് വലിയ അവസരമാണ് തുറന്നു വയ്ക്കുന്നത്.

സ്വന്തം നാട്ടിൽ ഒരു വീടു വാങ്ങാൻ മുടക്കുന്നതിന്റെ ചെറിയൊരു അംശം മാത്രം മുടക്കിയാൽ ജപ്പാനിൽ സുന്ദരമായ ഒരു വീട് സ്വന്തമാക്കാം എന്നതാണ് ഇവരെ ആകർഷിക്കുന്നത്. നാരാ പ്രിഫെക്ചറില്‍ 33000 ഡോളർ  (27.41 ലക്ഷം രൂപ) മാത്രം മുതൽ മുടക്കി ഒരു വീട് സ്വന്തമാക്കിയ ഫ്രാൻസ് സ്വദേശിയായ കോളിൻ അഗുരയുടെ കാര്യം തന്നെ ഉദാഹരണമായി എടുക്കാം. ഫ്രാൻസിൽ സ്വന്തമായി ഒരു ചെറിയ ഗാരിജ് വാങ്ങണമെങ്കിൽ പോലും ലക്ഷങ്ങൾ ചെലവിടേണ്ടി വരും എന്ന് കോളിൻ പറയുന്നു. അതിന്റെ പകുതി പോലും മുടക്കാതെ ഒരു വീട് സ്വന്തമാക്കാനുള്ള അവസരം പാഴാക്കാൻ കോളിന് തോന്നിയില്ല.

സ്വന്തമാക്കിയ വീട്ടിൽ ഏറെ നവീകരണ പ്രവർത്തനങ്ങൾ ആവശ്യമായി വരും. അതിനായി ഇനി എത്രയൊക്കെ പണം ചെലവിടേണ്ടി വന്നാലും ഫ്രാൻസിൽ ഒരു വീട് സ്വന്തമാക്കുന്നതിന്റെ പകുതി പോലും വരില്ല എന്നും അവർ പറയുന്നു. ഇതുതന്നെയാണ് ജപ്പാനിൽ വീട് സ്വന്തമാക്കുന്ന വിദേശികളുടെ എല്ലാം മനഃസ്ഥിതി. വേനൽക്കാല വസതികളായി എയർബിഎൻബി വഴി കൈമാറ്റം ചെയ്യാൻ ഉദ്ദേശിച്ചാണ് ഇവർ ഇത്തരത്തിൽ വീട് വാങ്ങുന്നത്. അവധിക്കാലത്ത് തങ്ങാൻ ജപ്പാനിൽ സ്വന്തമായി ഇടം ഒരുക്കാനും അതിലൂടെ പണം സമ്പാദിക്കാനുമുള്ള അവസരം ആരും പാഴാക്കുന്നില്ല.

2018ലെ കണക്കുകൾ പ്രകാരം ജപ്പാനിൽ ആൾതാമസം ഇല്ലാത്ത 8.49 ദശലക്ഷം വീടുകളാണ് ഉണ്ടായിരുന്നത്. 1998 ലെ കണക്കുകളെ അപേക്ഷിച്ച്  ഒന്നരമടങ്ങ് അധികമായിരുന്നു ഇത് എന്ന് ആഭ്യന്തരകാര്യ മന്ത്രാലയം തന്നെ വ്യക്തമാക്കുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വന്നില്ലെങ്കിൽ 2038 ആകുമ്പോഴേക്കും 23 ദശലക്ഷം വീടുകളെങ്കിലും ഉപേക്ഷിക്കപ്പെട്ട നിലയിലാകുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് ജപ്പാനിലെ ആകെയുള്ള വീടുകളുടെ 31 ശതമാനം വരും. അതായത് അഞ്ചുവർഷത്തിനുള്ളിൽ ജപ്പാനിലെ മൂന്നിൽ ഒരു വീട് താമസിക്കാൻ ആളില്ലാതെ ഒഴിഞ്ഞു കിടക്കും.

ഇതങ്ങ് ജപ്പാനിൽ നടക്കുന്ന കാര്യമാണെന്ന് കരുതി സമാധാനിക്കേണ്ട സാഹചര്യം കേരളത്തിലുമില്ല. കേരളത്തിലെ പല പ്രദേശങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന വീടുകൾ ഇന്ന് പുതുമയുള്ള കാഴ്ചയല്ല. ജോലി ആവശ്യങ്ങൾക്കും പഠനത്തിനുമായി നാടുവിട്ടു പോകുന്നവർ മാതാപിതാക്കളെയും ഒപ്പം കൂട്ടുകയോ റിട്ടയർമെന്റ് ഹോമുകളിൽ ഇടം തേടുകയോ ചെയ്തു തുടങ്ങിയതോടെ പല ഗ്രാമങ്ങളിലും ജനസംഖ്യ കുത്തനെ കുറയുന്ന സാഹചര്യമുണ്ട്. മറ്റ് സ്ഥലങ്ങളിൽ ജോലിചെയ്യുന്നവർ സ്വന്തം നാട്ടിൽ വലിയ വീടുകൾ നിർമിക്കുന്നുണ്ടെങ്കിലും താമസിക്കാൻ ആളില്ലാത്തതുമൂലം അവ വർഷങ്ങളോളം പൂട്ടിയിട്ട നിലയിൽ തന്നെ തുടരുകയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ജപ്പാനിൽ വേനൽകാല വസതികൾ എന്ന നിലയിൽ വിദേശികൾ വീട് സ്വന്തമാക്കുന്നത് പോലെതന്നെ കേരളത്തിൽനിന്നും വിദേശരാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നവർ അവധിക്കാലത്ത് തങ്ങാനായി മാത്രം നാട്ടിൽ വീട് നിർമിച്ച് അത് ഉപയോഗശൂന്യമായി ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയാണ്.

വിവരങ്ങൾക്ക് കടപ്പാട്- wionews

English Summary- Abandoned Houses in Japan- Future of Kerala Houses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com