വായുവിൽ ഉയർന്നുനിൽക്കുന്ന വീടുകൾ : ഭവന ക്ഷാമത്തിന് പരിഹാരമാകുമോ ഈ എ ഐ മാജിക് ?

Mail This Article
ഭൂമിയുമായി ഒരു ബന്ധവുമില്ലാതെ വായുവിൽ ഉയർന്നുപൊങ്ങിക്കിടക്കുന്ന കൂറ്റൻ വീടുകൾ. സാങ്കേതികവിദ്യ വളരുന്നതനുസരിച്ച് ഒരുപക്ഷേ വരുംകാലത്ത് യാഥാർത്ഥ്യമായാലും അത്ഭുതപ്പെടാനില്ലാത്ത അത്തരം ഒരു കാഴ്ചയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇപ്പോൾ കാട്ടിത്തരുന്നത്. മുംബൈ നഗരത്തിന് മേലെ സ്വച്ഛമായി പറന്നു ഉയർന്നുനിൽക്കുന്ന കെട്ടിടങ്ങളുടെ ചിത്രങ്ങൾ യാഥാർത്ഥ്യമല്ലെന്ന് ചിന്തിക്കാൻ പോലും പ്രയാസം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തി നിർമ്മിച്ച ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വളരെ വേഗത്തിൽ പ്രചാരവും നേടി.
എന്നാൽ ഭൂമിയിൽ കാണുന്ന നിർമ്മിതികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് എ ഐയുടെ ഭാവന. മേൽക്കൂരയും തറയും എല്ലാം വളഞ്ഞ ആകൃതിയിലുള്ള വീടുകളും പൂർണ്ണമായി ഗ്ലാസിൽ നിർമ്മിച്ച പലനിലകളുള്ളവയുമൊക്കെ കാണാം. ഭവനക്ഷാമം രൂക്ഷമായിരിക്കുന്ന മുംബൈയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരിക്കലും യാഥാർത്ഥ്യമാകാൻ സാധ്യതയില്ലാത്ത ഒരു പരിഹാരം എന്ന നിലയിലാണ് ഈ ചിത്രങ്ങൾ പ്രചരിക്കുന്നത്. മുംബൈ സർറിയൽ എസ്റ്റേറ്റ് എന്ന അടിക്കുറിപ്പാണ് പ്രതീക് അറോറ എന്ന ആർട്ടിസ്റ്റ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നത്.
നിലം തൊട്ടു നിൽക്കുന്ന യഥാർത്ഥ കെട്ടിടങ്ങൾക്ക് മേലെ യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കത്തക്ക വിധത്തിൽ ഉയർന്നുനിൽക്കുന്ന വീടുകളുടെ ചിത്രങ്ങൾ കണ്ട് വിശ്വസിക്കാനാവാതെയാണ് പലരും കമന്റ് ബോക്സിൽ പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നത്. മേഘങ്ങൾക്കിടയിൽ ഇങ്ങനെ വീടുവയ്ക്കാനാകുന്നത് രസകരമായിരിക്കുമെന്ന് ചിന്തിക്കുന്നവരും കുറവല്ല. അതേസമയം മുംബൈയിലെ ഭവനപ്രതിസന്ധിയുടെ ഭീകരത ചിത്രങ്ങൾ കൃത്യമായി വരച്ചുകാട്ടുന്നു എന്നും മറ്റു ചിലർ അഭിപ്രായപ്പെടുന്നു. അതേസമയം ഈ വീടുകൾ സ്വന്തമാക്കാൻ ബ്രോക്കറേജ് ഫീ ഉണ്ടോയെന്നും ചുരുങ്ങിയത് രണ്ടുകോടി രൂപയെങ്കിലും വാടക നൽകേണ്ടി വരുമെന്നും രസകരമായ കമന്റുകളുമുണ്ട്.
വാടകയുടെ കാര്യത്തിൽ ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്താണ് മുംബൈ നഗരമുള്ളത്. ഈ പ്രശ്നത്തിന് ഒരു പരിഹാരമില്ലാത്ത വണ്ണം ഭവന വില കുതിച്ചുയർന്നുകൊണ്ടും ഇരിക്കുന്നു. സ്ഥലവിസ്തൃതി തീരെ ഇല്ലാത്ത നന്നേ ചെറിയ അപ്പാർട്ട്മെന്റുകളെയാണ് ഇവിടുത്തെ ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത്. ജോലിക്കായും ബിസിനസിനായും കൂടുതൽ കൂടുതൽ ആളുകൾ മുംബൈയിലേക്ക് എത്തുന്നതിനാൽ ഭവനക്ഷാമം പരിഹരിക്കുക എന്നത് അത്ര എളുപ്പമല്ല.
English Summary- Future Housing- AI House Images