ADVERTISEMENT

ചെടികളും പച്ചക്കറികളുമൊക്കെ വീട്ടിൽ വളർത്തുന്നവർ എപ്പോഴും പ്രതിസന്ധിയിലാകുന്ന സമയമാണ് വീട്ടിൽനിന്നും മാറി നിൽക്കേണ്ടി വരുന്ന അവസരങ്ങൾ. നഗരപ്രദേശങ്ങളിലാണെങ്കിൽ ചെറിയതോതിൽ മട്ടുപ്പാവിലും അകത്തളങ്ങളിലും  ഒക്കെ കൃഷികളും ഗാർഡനുകളും ഒരുക്കുന്നവർ കുറച്ചു ദിവസത്തേക്ക് വീടുവിട്ടു നിന്നാൽ തിരികെ വരുമ്പോഴേക്കും ചെടികളിലേറെയും നശിച്ചു തുടങ്ങിയിട്ടുണ്ടാവും. എന്നാൽ എത്ര അകലത്തിലിരുന്നും വീട്ടിലെ കൃഷികൾ സംരക്ഷിക്കാനാവുന്ന ഒരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഗുജറാത്ത് സ്വദേശിയായ പാർഥ് ഷാ എന്ന അധ്യാപകൻ. മണ്ണിന്റെ നനവും അന്തരീക്ഷത്തിലെ ഈർപ്പവും  കൃത്യമായി അളക്കാൻ സഹായിക്കുന്ന സെൻസറാണ് ഇദ്ദേഹം വികസിപ്പിച്ചെടുത്തിരിക്കുന്നത്. 

കോവിഡ് കാലം ആയതോടെ ഫ്രഷായ പച്ചക്കറികൾ നഗരപ്രദേശങ്ങളിൽ കിട്ടാക്കനിയായി. ഇതോടെ കൂടുതൽ ആളുകളും ടെറസിലും വരാന്തകളിലും ഒക്കെ  കൃഷികളും ചെയ്തുതുടങ്ങി. എന്നാൽ വലിയ കൃഷിയിടങ്ങളിലേതുപോലെ  അവ പരിപാലിക്കാൻ നഗരങ്ങളിലുള്ളവർക്ക് കഴിയാതെ വരുന്നത് മനസ്സിലാക്കിയതിനെ തുടർന്നാണ് അത്തരക്കാർക്ക് സഹായകരമായ ഒരു സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാൻ പാർഥ് തീരുമാനിച്ചത്. 

plant-automation-view

മണ്ണിൽ സ്ഥാപിക്കാവുന്ന സെൻസറുകൾ  അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെയും മണ്ണിലെ നനവിന്റെയും കൃത്യമായ അളവ് കണ്ടെത്തും. ഈ സെൻസറുകൾ മൈക്രോകണ്ട്രോളർ യൂണിറ്റുള്ള ഒരു കൺട്രോൾ ബോർഡുമായി ബന്ധിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ഉപയോക്താക്കൾക്ക് മറ്റൊരു സ്ഥലത്ത് ഇരുന്നുകൊണ്ട് ഈ അളവുകൾ പരിശോധിക്കുന്നതിനായി ഒരു ആൻഡ്രോയിഡ് ആപ്ലിക്കേഷനും പാർഥ് രൂപം നൽകി. മണ്ണിലെ നനവ് 10 ശതമാനത്തിനും 45 ശതമാനത്തിനും ഇടയിലാവണം എന്നതാണ് ഏകദേശ കണക്ക്. 10 ശതമാനത്തിൽ താഴെ ആയാൽ സെൻസറുകൾ വഴി സ്മാർട്ട് ഫോണിലേക്ക് ജാഗ്രത സന്ദേശം ലഭിക്കും. 

ഇതിനുപുറമേ വാട്ടർ പമ്പ് സ്വയം ഓൺ ആവാനുള്ള സിഗ്നൽ നൽകാനും ഈ ആപ്ലിക്കേഷന് സാധിക്കും. ഇത്തരത്തിൽ മണ്ണിന്റെ നനവ് ചെടിയുടെ വളർച്ചയ്ക്ക് അനുയോജ്യമായ വിധത്തിൽ  നിലനിർത്താനാവും. ടെറസിൽ തുറസ്സായ കൃഷിയാണ് നടത്തുന്നതെങ്കിൽ മൂന്ന് മീറ്റർ ആഴത്തിൽ വരെ മണ്ണിന്റെ നനവ് പരിശോധിക്കാൻ ഒരു  സെൻസർ സ്ഥാപിച്ചാൽ മതിയാകും. അതേസമയം ചട്ടികളിലാണ് ചെടികളെങ്കിൽ ഓരോന്നിനും പ്രത്യേക സെൻസറുകൾ സ്ഥാപിക്കേണ്ടി വരും. കേവലം 1100 രൂപ മുതൽ മുടക്കിൽ 20 ദിവസം മാത്രം ചിലവിട്ടാണ് പാർഥ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.

വിവരങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം 

English Summary- Garden Watering Automation Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com