ADVERTISEMENT

നഗരത്തിലെ വീടുകളിൽ കൃഷി എന്നത് ടെറസിലും ബാൽക്കണിയിലുമൊക്കെയായി വീട്ടാവശ്യത്തിനുവേണ്ടിയുള്ള പച്ചക്കറികൾ വളർത്തുന്ന ചെറിയ അടുക്കളത്തോട്ടങ്ങളിൽ ഒതുങ്ങുകയാണ് പതിവ്. എന്നാൽ താമസിക്കുന്ന വീടിനെ തന്നെ ഫാമാക്കി മാറ്റി അത്ഭുതപ്പെടുകയാണ് ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ രാംവീർ സിങ്. ഹൈഡ്രോപോണിക്സ് കൃഷി രീതിയിലൂടെ പതിനായിരത്തിൽപരം പച്ചക്കറിതൈകളാണ് ഇദ്ദേഹം വീട്ടിൽ വളർത്തുന്നത്. 

2009ൽ ഒരു സുഹൃത്തിന്റെ ബന്ധുവിന് ക്യാൻസർ ബാധിച്ച വിവരം അറിഞ്ഞതായിരുന്നു രാംവീറിന്റെ ജീവിതത്തിലെ വഴിത്തിരിവ്.  വിഷമയമായ പച്ചക്കറിയാണ് വില്ലൻ എന്ന് തിരിച്ചറിഞ്ഞതോടെ സ്വന്തമായി കൃഷി ചെയ്ത് പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ തീരുമാനിച്ചു. മാധ്യമപ്രവർത്തകനായിരുന്ന രാംവീർ ജോലി ഉപേക്ഷിച്ച് കുടുംബപരമായി കൈമാറ്റം ചെയ്തു കിട്ടിയ ഭൂമിയിൽ വലിയ തോതിൽ പച്ചക്കറി കൃഷി ആരംഭിച്ചു. പച്ചക്കറി വിൽപനയിലൂടെയും പണം സമ്പാദിച്ച് തുടങ്ങി. 

2017 - 18 കാലഘട്ടത്തിൽ കൃഷിയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി ദുബായിൽ എത്തിയപ്പോഴാണ് ഹൈഡ്രോപോണിക്സ് ഫാമിങ് രീതിയെക്കുറിച്ച് രാംവീർ മനസ്സിലാക്കിയത്. മണ്ണിന്റെ ആവശ്യമില്ലാതെ വെള്ളം മാത്രം ഉപയോഗിച്ച്  കൃഷിചെയ്യുന്ന രീതിയുടെ കൂടുതൽ ഗുണഫലങ്ങൾ  മനസ്സിലാക്കിയശേഷം ഇത് വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കുകയായിരുന്നു. ഇന്നിപ്പോൾ വഴിയാത്രക്കാർക്ക് പോലും കൗതുകമാകുന്ന തരത്തിൽ മൂന്നു നിലകളുള്ള വീട് ആകെ പച്ചക്കറികൾകൊണ്ട് നിറഞ്ഞ നിലയിലാണ്. വീടിന്റെ ബാൽക്കണിയിലും തുറസായ സ്ഥലങ്ങളിലും പൈപ്പുകളും അനുബന്ധ സാമഗ്രികളും ഘടിപ്പിച്ച് കൃഷി ചെയ്തു തുടങ്ങി. നിലവിൽ 750 ചതുരശ്രമീറ്ററാണ് ഫാമിന്റെ വിസ്തൃതി. 

green-farm-home-view

വെണ്ട, പച്ചമുളക്, ക്യാപ്സിക്കം, ചുരയ്ക്ക, തക്കാളി, കോളിഫ്ലവർ, ചീര, കാബേജ്, ഗ്രീൻപീസ് എന്തിനേറെ സ്ട്രോബറിവരെ രാംവീറിന്റെ  ഹോം ഫാമിലുണ്ട്. ചെടികൾ നട്ടിരിക്കുന്ന പൈപ്പിലെ വെള്ളത്തിലൂടെ മഗ്നീഷ്യം, കോപ്പർ, ഫോസ്ഫറസ്, നൈട്രജൻ തുടങ്ങിയ 16 പോഷകങ്ങൾ പച്ചക്കറികൾക്ക് ലഭിക്കുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. 

ബറേലിയിലെ വീട്ടിലുള്ള ഹൈഡ്രോപോണിക്സ് ഫാം കണ്ട് അത്തരമൊന്ന് ആരംഭിക്കുന്നതിനായി ധാരാളം ആളുകൾ അന്വേഷിച്ച് എത്തിത്തുടങ്ങി. പലരേയും ഹൈഡ്രോപോണിക്സ് ഫാമിംഗ് സംവിധാനം ഒരുക്കുന്നതിന്  സഹായിക്കുകയും ചെയ്തു. ഈ സാധ്യത മനസ്സിലാക്കി വിംപ ഓർഗാനിക് ആൻഡ് ഹൈഡ്രോപോണിക്സ് കമ്പനി എന്നൊരു സ്ഥാപനവും രാംവീർ ആരംഭിച്ചു. ഇന്ന് കമ്പനിയിൽ നിന്നും പ്രതിവർഷം 70 ലക്ഷം രൂപ വരുമാനമായി ഇദ്ദേഹം നേടുന്നുണ്ട്. 

വിഷമില്ലാത്ത പച്ചക്കറി  ഉത്പാദിപ്പിച്ചെടുക്കാനും അതെക്കുറിച്ച് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാനും വരുമാനം നേടാനും സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് രാംവീർ.

English Summary- Aquaponics in Three Storeyed House; Sustainable Model

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com