ടെറസിൽ വാഴ, മൽസ്യം വളർത്തൽ; ഹരിതമയമാണ് ഈ വീട്

Mail This Article
തൃശ്ശൂരുകാരനായ ജോൺ വർഗീസിന്റെ വീടിനു മുൻപിലെത്തുന്നവരെല്ലാം ഇപ്പോൾ അൽപനേരം കൗതുകത്തോടെ നോക്കിനിന്നിട്ടേ പോവുകയുള്ളൂ. കാരണം നാട്ടിലെ പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി ടെറസിൽ ഒരുക്കിയിരിക്കുന ഉഗ്രൻ വാഴക്കൃഷിയാണ് ഇവിടുത്തെ കാഴ്ച. ടെറസിൽ അടുക്കളത്തോട്ടം ഒരുക്കുന്നവർ ഏറെയാണെങ്കിലും അതിൽ വാഴ ഉൾപ്പെടുത്തുന്നവർ അധികമുണ്ടാവില്ല. എന്നാൽ ഇതുകൊണ്ടും തീരുന്നില്ല ജോൺ വർഗീസിന്റെ കൃഷി വിശേഷങ്ങൾ. അക്വാപോണിക്സ് കൃഷിരീതി അവലംബിച്ച് വിജയം കൊയ്താണ് ഈ 30-കാരൻ ടെറസ് കൃഷിരീതികൾ ഇഷ്ടപ്പെടുന്നവർക്ക് മാതൃകയാവുന്നത്.
ശുദ്ധമായ പച്ചക്കറികൾ കഴിക്കണമെന്ന ആഗ്രഹത്തെ തുടർന്ന് അഞ്ചുവർഷം മുൻപാണ് ടെറസിൽ അടുക്കളത്തോട്ടം ഒരുക്കി തുടങ്ങിയത്. വിഷമില്ലാത്ത തക്കാളിയും വഴുതനയുമൊക്കെ അതോടെ വീട്ടിൽ സുലഭമായി തുടങ്ങി. രണ്ടു വർഷത്തിന് ശേഷമാണ് മത്സ്യകൃഷിയും പച്ചക്കറി കൃഷിയും സംയോജിതമായി നടത്താവുന്ന അക്വാപോണിക്സിനെക്കുറിച്ച് മനസ്സിലാക്കിയത്. വളങ്ങളും കീടനാശിനികളും ഇല്ലാതെ പച്ചക്കറികൾ വളർത്താം എന്നതിനാൽ അക്വാപോണിക്സ് പരീക്ഷിക്കാൻ തന്നെ ജോൺ വർഗീസ് തീരുമാനിക്കുകയായിരുന്നു.
അങ്ങനെ ടെറസിലെ അടുക്കളത്തോട്ടത്തിൽ അക്വാപോണിക്സിനായി പ്രത്യേക സജ്ജീകരണങ്ങൾ നടത്തി. ഫാബ്രിക് കോട്ടിങ് ഉള്ള പിവിസി ഉപയോഗിച്ച് 800 ലിറ്ററിന്റെ ഗ്രോ ബെഡ് സുഹൃത്തിന്റെ സഹായത്തോടെ ഉണ്ടാക്കിയെടുത്തു. ഇതിൽ വെള്ളം വാർന്നു പോകുന്നതിനുള്ള ചെറുസുഷിരങ്ങളും മെഷ് ഫിൽറ്ററുകളും പൈപ്പുകൾ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളും ഒരുക്കി. തൈകൾ നടുന്ന മണ്ണ് ശുദ്ധവും രാസപദാർത്ഥങ്ങൾ അടങ്ങാത്തതും ആവണം എന്നത് അക്വാപോണിക്സ് രീതിയിൽ നിർബന്ധമാണ്. അതിനാൽ ക്വാർട്സ് സിലിക്ക സാൻഡ് ഹൈദരാബാദിൽ നിന്നും വരുത്തിയാണ് ഗ്രോ ബെഡിൽ നിറച്ചത്.

അതിനുശേഷം 500 ലിറ്ററിന്റെ ഫിഷ് ടാങ്ക് വാങ്ങി താഴത്തെ നിലയിൽ സ്ഥാപിച്ച് തിലാപ്പിയ കൃഷി ആരംഭിച്ചു. കൂടുതലായി മാലിന്യങ്ങൾ പുറന്തള്ളുന്നവയാണ് തിലാപ്പിയ മത്സ്യങ്ങൾ. ഇവ കലർന്ന വെള്ളം ചെടികൾക്ക് കൂടുതൽ പ്രയോജനകരമായതിനാലാണ് തിലാപ്പിയ തന്നെ വളർത്താനായി തിരഞ്ഞെടുത്തത്. ഫിഷ് ടാങ്കിൽ നിന്നുള്ള മലിനജലം ഗ്രോ ബെഡിന്റെ ഒരു ഭാഗത്തേക്ക് എത്തുന്നതിനും അരിച്ചെടുക്കപെട്ട ശുദ്ധജലം മറ്റൊരു ഭാഗത്ത് കൂടി തിരികെ ടാങ്കിലേക്ക് എത്തിക്കുന്നതിനും രണ്ട് പൈപ്പുകളാണ് സ്ഥാപിച്ചിട്ടുള്ളത്. വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഖരമാലിന്യങ്ങൾ ഗ്രോ ബെഡിൽ തന്നെ അവശേഷിക്കും. മെഷ് ഫിൽട്ടറിലൂടെ വെള്ളത്തിലെ മണൽതരികൾ അരിച്ചെടുക്കപ്പെട്ട ശേഷമാണ് വെള്ളം തിരികെ ഫിഷ് ടാങ്കിലേക്ക് എത്തുന്നത്. ദിവസം മൂന്നു നേരം അരമണിക്കൂർ വീതം ഇത്തരത്തിൽ ടാങ്കിലെ വെള്ളം ശുദ്ധീകരിച്ചെടുക്കുന്നതിനായി പ്രത്യേക മോട്ടോർ സ്ഥാപിച്ചിട്ടുണ്ട്.
തുടക്കത്തിൽ ഇലച്ചെടികളും പച്ചക്കറികളും മാത്രമാണ് അക്വാപോണിക്സ് രീതിയിൽ കൃഷിചെയ്തിരുന്നത്. പിന്നീട് പരീക്ഷണാടിസ്ഥാനത്തിൽ ഗ്രോ ബെഡിൽ വാഴ നട്ടുപിടിപ്പിച്ചു. എന്നാൽ ജോൺ വർഗീസിനെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വാഴകൃഷിയും വിജയകരമായി മാറുകയായിരുന്നു. അധിക പോഷകങ്ങളും ജൈവവളങ്ങളുമൊന്നും കൃഷിക്കായി ഉപയോഗിക്കാറില്ല എന്ന് ജോൺ കൂട്ടിച്ചേർക്കുന്നു. വാഴകൃഷിയും വിജയകരമായതോടെ പപ്പായയും വച്ചുപിടിപ്പിച്ചിട്ടുണ്ട്. അക്വാപോണിക്സ് കൃഷിരീതിയെ കുറച്ചുകൂടി ആഴത്തിൽ മനസ്സിലാക്കിയ ശേഷം സ്ഥലപരിമിതിക്കുള്ളിൽ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവരെ അക്വാപോണിക്സ് ഫാം ഉണ്ടാക്കാൻ സഹായിക്കണമെന്ന ആഗ്രഹമാണ് ജോൺ പങ്കുവയ്ക്കുന്നത്.
English Summary- Terrace Farming; Youth converted home to Green Farm