വീട്ടിൽ ഇനി അനായാസം സൂപ്പർ ഗാർഡൻ ഒരുക്കാം; ഹിറ്റായി ഈ ടെക്നിക്ക്!

Mail This Article
ചെറിയ സ്ഥലത്ത് വീടുള്ളവർക്കും ഫ്ലാറ്റ്‌വാസികളുമൊക്കെ വീടലങ്കരിക്കാൻ വെർട്ടിക്കൽ ഗാർഡൻ ആണല്ലോ ഇന്ന് സാധാരണയായി ഉപയോഗിക്കുക. കാണുവാൻ ഭംഗി ഉണ്ടെങ്കിലും വെർട്ടിക്കൽ ഗാർഡന്റെ പരിപാലനം ശ്രമകരമാണ്. ചെടികൾ കുത്തിനിറച്ചുള്ള ഇത്തരം സംവിധാനത്തിൽ നന ഒന്ന് കുറഞ്ഞാലോ കൂടിയാലോ അല്ലെങ്കിൽ വെയിൽ അധികമായാലോ ചെടികൾ നശിച്ചു പോകും. ഇതിനു പകരമായി ലളിതമായ പരിചരണം മതിയാകുന്നതും എന്നാൽ എന്നും ഒരുപോലെ ഭംഗി നിൽക്കുന്നതുമായ, ഭിത്തിയിൽ ഒരുക്കാവുന്ന മെറ്റൽ ആർട്ട് ഇന്ന് പ്രചാരത്തിലായി വരുന്നു.
ഇരുമ്പു കമ്പിയും തകിടുമെല്ലാം ഉപയോഗിച്ച് തയാറാക്കുന്ന മെറ്റൽ ആർട്ടിനൊപ്പം തിരഞ്ഞെടുത്ത ഏതാനും ചെടികളും കൂടി ഉൾപ്പെടുത്തി ഭിത്തി മോടിയാക്കുന്ന ഈ കലാസൃഷ്ടി ഇപ്പോൾ പതിയ ഹിറ്റായി വരികയാണ്. ഇവിടെ ചെടികൾക്കും മെറ്റൽ ആർട്ടിനും പ്രാധാന്യം ഒരുപോലെയാണ്. ഈ സംവിധാനത്തിൽ ചെടികൾ അധികമായി ഉൾപ്പെടുത്താറില്ല. അതുകൊണ്ടു തന്നെ പരിപാലനവും ലളിതമാണ്.

വീടിന്റെ പുറംഭിത്തിയിലോ അല്ലെങ്കിൽ ബാൽക്കണിയുടെയോ വരാന്തയുടെയോ ചുമരിലെല്ലാം ഇത്തരം സംവിധാനം ഒരുക്കുവാൻ സാധിക്കും. നിലത്തു ചട്ടികൾ നിരത്താൻ സ്ഥല സൗകര്യമില്ലാത്തവർക്കു ഭിത്തിയിൽ ഇത്തരം കുഞ്ഞൻ ഉദ്യാനം നിർമ്മിച്ചെടുക്കാം. മതിലിന്റെ ഭിത്തിയിൽ ഉറപ്പിച്ച വളയങ്ങളിൽ ചട്ടിയിൽ നട്ട ചെടികൾ നിരത്തുന്ന രീതി നമ്മുടെ നാട്ടിൽ കാണാറുണ്ട്. ഇതിൽ നിന്നും ഏറെ വ്യത്യസ്തമാണ് മെറ്റൽ ആർട്ടിനൊപ്പം ചെടികൾ കൂടി ഉൾപ്പെടുത്തുന്നത്. തിരഞ്ഞെടുത്ത ഭിത്തിക്ക് യോജിക്കുന്ന ഒരു രേഖാചിത്രം തയ്യാറാക്കി, ചെടികൾ നടാനുള്ള സംവിധാനം കൂടി ഉൾപ്പെടുത്തി, ഇരുമ്പു ഫ്രെയിം നിർമ്മിക്കുന്ന വിദഗ്ദ്ധന്റെ സഹായത്തോടെ ഇഷ്ട്ടപെട്ട കലാരൂപം ഒരുക്കിയെടുക്കുവാൻ സാധിക്കും.
ചുവർചിത്രം പോലെ ഫ്രേമിനുള്ളിൽ നിർമ്മിച്ചെടുത്ത ആർട് വർക്കിന്റെ ഭാഗമായും ചെടികൾ ഉൾപ്പെടുത്താം. ചട്ടിയിൽ നട്ട ചെടികൾക്ക് നല്ല ഭാരം ഉള്ളതുകൊണ്ട് മെറ്റൽ ആര്ട്ട് ചുവരിലേക്കു ബലമായിട്ടു വേണം ഉറപ്പിക്കുവാൻ. ഭിത്തി അലങ്കരിക്കുവാൻ മെറ്റൽ ആർട്ട് ചെയ്ത കലാരൂപങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

മെറ്റൽ ആർട്ടിന്റെ ഭംഗിക്ക് ഒട്ടും കോട്ടം തട്ടാത്തവിധത്തിലായിരിക്കണം ചെടികൾ ആവശ്യാനുസരണം അതിൽ ഉൾപ്പെടുത്തുവാൻ. സെക്കന്റ് ഹാൻഡ് ഇരുമ്പു സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്നും ചിലപ്പോൾ ഈ ആവശ്യത്തിനായി ഉപയോഗിക്കുവാൻ പറ്റിയവ ലഭിക്കുവാൻ സാധ്യതയുണ്ട്. ഇവ വൃത്തിയാക്കി, നന്നായി പെയിന്റ് ചെയ്തു ചെടിച്ചട്ടി തൂക്കുവാനുള്ള വളയങ്ങളും പിടിപ്പിച്ചു ഉപയോഗിക്കുവാൻ സാധിക്കും. കലാ രൂപത്തിന് ചേരുന്ന വിധത്തിലുള്ള ചട്ടികളും ചെടികളും തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണം. കറപ്പ് നിറമുള്ള ആര്ട്ട് വർക്കിന് കറുത്ത ചട്ടികളും ഇളം നിറത്തിൽ ഇലകളും പൂക്കളും ഉള്ള ചെടികളുമാണ് യോജിച്ചത്.
ലേഖകൻ: പ്രഫ. ജേക്കബ് വർഗീസ് കുന്തറ,
റിട്ട. അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി, ഭാരതമാതാ കോളജ്, തൃക്കാക്കര
English Summary- New Metal Art Garden Trend Kerala; Garden Tour Malayalam