ADVERTISEMENT

പ്രവാസജീവിതം അവസാനിപ്പിച്ച് 2018ല്‍ ദുബായിൽനിന്ന് മടങ്ങുമ്പോള്‍ തിരൂര്‍ സ്വദേശിയായ അബ്ദുറസാക്കിന് വലിയൊരു ആഗ്രഹം മനസ്സിലുണ്ടായിരുന്നു. പഴങ്ങളുണ്ടാവുന്ന മരങ്ങളുടെ ഒരു തോട്ടം വീട്ടില്‍ വേണം. ടെറസാണ് ഇതിനായി അബ്ദുറസാക്ക് കണ്ടുവച്ചിരുന്നതെങ്കിലും സ്ഥലം തികയില്ല എന്നതിനാല്‍ പോംവഴി ആലോചിച്ചു. ഗ്രോ ബാഗില്‍ വളര്‍ത്തുന്നത് ഇവയുടെ വളര്‍ച്ച മുരടിപ്പിക്കുകയും ഫലം നല്‍കുന്നത് കുറയ്ക്കുകയും ചെയ്യും എന്നതിനാല്‍ ആ ഐഡിയയോട് റസാക്കിന് വലിയ താല്പര്യമുണ്ടായിരുന്നില്ല. പക്ഷെ ഗ്രോബാഗുകള്‍ക്ക് പകരമായി കുറച്ചുകൂടി സൗകര്യപ്രദവും പ്രായോഗികവുമായി മരം നടാനൊരു മീഡിയം ഉണ്ടായാല്‍ ടെറസില്‍ തന്നെ തോട്ടമൊരുക്കാം എന്ന തോന്നല്‍ വഴിത്തിരിവായി. വ്യത്യസ്തമായൊരു മരം നടല്‍ രീതിക്ക് അബ്ദുറസാക്ക് തുടക്കം കുറിക്കുന്നതും  തന്റെ പഴത്തോട്ടത്തിലൂടെ അദ്ദേഹം ശ്രദ്ധ നേടുന്നതും ഇങ്ങനെയായിരുന്നു.


ഗ്രോ ബാഗുകള്‍ക്ക് പകരം പ്ലാസ്റ്റിക് ഡ്രമ്മുകളിലാണ് അബ്ദുറസാക്ക് മരങ്ങള്‍ നട്ടുപിടിപ്പത്. ഇപ്പോള്‍ 250-ഓളം മരങ്ങളുള്ള പഴത്തോട്ടത്തിനുടമയാണ് ഇദ്ദേഹം.  ദുബായില്‍ പഴങ്ങളുടെയും പച്ചക്കറികളുടെയും ഹോള്‍സെയില്‍ ബിസിനസ്സിലായിരുന്നു അബ്ദുറസാക്കിന് ജോലി. പഴങ്ങളുമായി മുപ്പത് വര്‍ഷത്തോളമുണ്ടായിരുന്ന പരിചയം നല്ലയിനം വിളകളെപ്പറ്റി അറിയാനും വിവിധ തരത്തിലുള്ള പഴങ്ങള്‍ വളര്‍ത്തുന്നതിന്റെ സാധ്യതകളെപ്പറ്റി മനസ്സിലാക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഫാമുകളുമായി ഇടപെഴകാനും അദ്ദേഹത്തിന് അവസരമൊരുക്കി.. ഡ്രമ്മുകളില്‍ മരം വളര്‍ത്താമെന്ന ഐഡിയ കിട്ടുന്നത് ഇത്തരത്തിലാണ്.

fruit-terrace-garden-view

ദുബായില്‍ ജോലി ചെയ്യുന്ന സമയത്ത് സ്ഥിരമായി പഴങ്ങളെത്തിച്ചിരുന്ന തായ്‌ലന്‍ഡിലെ ഒരു ഫ്രൂട്ട് ഫാം ഈ കൃഷിരീതിയാണ് പിന്തുടരുന്നത് എന്ന്  റസാക്ക്  മനസ്സിലാക്കിയിരുന്നു. ഇങ്ങനെ ആയിരത്തോളം മരങ്ങളാണ് അവര്‍ ഡ്രമ്മുകളില്‍ നട്ട് പിടിപ്പിച്ചിരുന്നത്. നിലത്തെ മണ്ണില്‍ മരങ്ങള്‍ നടുമ്പോള്‍ 75 ശതമാനത്തോളം വളം വെള്ളത്തിനൊപ്പം നഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ ഡ്രമ്മുകളിലാണെങ്കില്‍ ഈ പ്രശ്‌നമില്ല.


ആക്രിക്കടകളില്‍ നിന്ന് 700 രൂപയ്ക്കാണ് റസാക്ക്  ഡ്രമ്മുകള്‍ വാങ്ങുന്നത്. ഉപയോഗിക്കാത്തതോ പുതിയതോ ആയ ഡ്രമ്മുകള്‍ക്ക് വില കൂടും. അതുകൊണ്ട് തന്നെ അത്രയധികം താല്പര്യമുള്ളവര്‍ മാത്രമേ ഇതിനിറങ്ങാവൂ എന്ന് പറയും റസാക്ക്. തന്നെയുമല്ല വാണിജ്യപരമായ ലാഭം പ്രതീക്ഷിച്ച് ഈ കൃഷിരീതി പിന്തുടര്‍ന്നാല്‍ നിരാശയാവും ഫലമെന്നും വീട്ടിലേക്കാവശ്യമായ പഴങ്ങള്‍ മാത്രമാവും ഇത്തരത്തില്‍ ലഭിക്കുക എന്നും റസാക്ക് ഓര്‍മിപ്പിക്കുന്നു.


നിലവില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തായ്‌ലന്‍ഡ്, പാക്കിസ്താന്‍, ബ്രസീല്‍ ഓസ്‌ട്രേലിയ തുടങ്ങളിയ മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള പഴമരങ്ങളുടെ വെറൈറ്റികള്‍ റസാക്കിന്റെ തോട്ടത്തിലുണ്ട്. ഓണ്‍ലൈനിലൂടെയാണ് പ്രധാനമായും തൈകള്‍ വാങ്ങുന്നത്. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയില്‍ നിന്ന് വിവിധ തരത്തിലുള്ള മാവിന്‍ തൈകളും വാങ്ങും. എഴുപതിലധികം മാമ്പഴവെറൈറ്റികളും വിവിധ തരത്തിലുള്ള പേരയ്ക്കയും ചക്കയുമെല്ലാം റസാക്ക് നട്ടുപിടിപ്പിച്ചിട്ടുണ്ട്.


ഡ്രമ്മില്‍ വളരുന്ന മരങ്ങള്‍ സാധാരണ മരങ്ങളേക്കാള്‍ വേഗത്തില്‍ ഫലങ്ങള്‍ നല്‍കുമെങ്കിലും ഇവ എണ്ണത്തില്‍ കുറവായിരിക്കുമെന്നാണ് റസാക്ക് അറിയിക്കുന്നത്. സാധാരണ മാവ് നൂറ് മാങ്ങ തരുമെങ്കില്‍ ഡ്രമ്മില്‍ ഇതിന്റെ കണക്ക് 25-50 എന്നിങ്ങനെ ആയിരിക്കും. അതുകൊണ്ടുതന്നെ വര്‍ഷം മുഴുവന്‍ കായ്ക്കുന്ന മരങ്ങള്‍ നടുന്നതാവും നല്ലത് എന്ന് റസാക്ക് കൂട്ടിച്ചേര്‍ക്കുന്നു. ഇതുകൂടാതെ ഡ്രമ്മില്‍ മരങ്ങള്‍ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളുമുണ്ട്. സാദാ മണ്ണില്‍ വളരുന്ന മരങ്ങള്‍ക്ക് എപ്പോഴും വെള്ളമൊഴിക്കേണ്ട ആവശ്യമില്ല, എന്നാല്‍ ഡ്രമ്മിലായിരിക്കുമ്പോള്‍ ഇതിന് ദിവസത്തില്‍ രണ്ട് തവണയെങ്കിലും വെള്ളമൊഴിക്കണം. ടെറസില്‍ നിന്ന് നേരിട്ട് സൂര്യപ്രകാശമടിക്കും എന്നതിനാലാണിത്. ചാണകം, ആര്യവേപ്പ്, ശര്‍ക്കര, ശീമക്കൊന്ന എന്നിവയടങ്ങിയ വെള്ളം തളിക്കുകയാണ്‌ ചെയ്യുക. ആവശ്യസമയത്ത് പ്രൂണിങ് നടത്തേണ്ടതും ഇവയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. 7-8 അടിവരെ വെട്ടിയൊതുക്കി നിര്‍ത്തുന്നതാണ് എപ്പോഴും നല്ലത്.

English Summary- Ex-NRI Built Fruit Garden in Terrace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com