ADVERTISEMENT

ഒരു പ്ലോട്ട് മേടിച്ച് ഗൃഹം നിർമിക്കുമ്പോഴും ഒരു ഭൂമിയെ തന്നെ നാലോ അഞ്ചോ പ്ലോട്ടുകളായി വേർതിരിച്ചു വില്ല പ്രോജക്ട് ചെയ്യുമ്പോഴും അതിന്റെ ദിശ ശ്രദ്ധിക്കണം എന്നുള്ളത് വാസ്തു ശാസ്ത്രത്തിൽ പ്രാധാന്യമർഹിക്കുന്നു.

വാസ്തുശാസ്ത്രത്തിനെ സംബന്ധിച്ചിടത്തോളം ഗൃഹങ്ങൾ കൃത്യമായ തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ് ദർശനമായിട്ടുവേണം രൂപകൽപന ചെയ്യേണ്ടത്. കൃത്യമായിട്ടുള്ള നാല് ദിശകൾ മാഗ്നെറ്റിക് നോർത്ത്, മാഗ്നെറ്റിക് ഈസ്റ്റ്, മാഗ്നെറ്റിക് സൗത്ത്, മാഗ്നെറ്റിക് വെസ്റ്റ് അഥവാ നാലു മഹാദിക്കുകൾ എന്നാണ് ശാസ്ത്രം പറയുന്നത്. ഒരു ഡിജിറ്റൽ കോംപസ് വച്ച് ദിശ പരിശോധിച്ചാൽ കൃത്യമായിട്ടുള്ള ഈസ്റ്റ് വെസ്റ്റ് ഡയറക്ഷനാണോ കൃത്യമായിട്ടുള്ള നോർത്ത് സൗത്ത് ഡയറക്ഷന് പാരലൽ ആണോ എന്നു മനസ്സിലാക്കാൻ സാധിക്കും. ഇത് വാസ്തു ശാസ്ത്രത്തിൽ പരമ പ്രധാനമായിട്ടുള്ള കാര്യമാണ്.

ചില ഭൂമികൾ വേർതിരിച്ചു കഴിയുമ്പോഴാണ്, അതിന്റെ അതിരുകളൊക്കെ കുറച്ച് ദിശ വ്യത്യാസത്തിലാണ് ഇരിക്കുന്നതെന്നു മനസിലാവുക. ആ പ്ലോട്ടിനകത്ത് വീട് കുറച്ച് ചരിച്ച് കൃത്യമായിട്ട് കിഴക്കോട്ടു മുഖമായി രൂപകൽപന ചെയ്യണം എന്ന് നിര്‍ദേശിക്കാറുണ്ട്. കാരണം ഗൃഹം കിഴക്കോട്ട് മുഖമായാൽ മാത്രമേ തെക്ക് കിഴക്കേ മൂലയിലോ വടക്കു കിഴക്കേ മൂലയിലോ അടുക്കള വേണമെന്നും കന്നിമൂലയിൽ കിടപ്പുമുറി വേണമെന്നും അങ്ങനെയുള്ള ഓരോ മുറിയുടെയും കിഴക്കോട്ട് തിരിഞ്ഞ് നിന്ന് ഭക്ഷണം പാകം ചെയ്യണമെന്നും ഒക്കെ നിർദേശിക്കാൻ കഴിയൂ.

എങ്ങോട്ട് ദർശനമായിട്ടുള്ള പ്ലോട്ടാണെങ്കിലും, ഭൂമിയുടെ നാലു കാന്തിക ദിശകളിൽനിന്നും 15 ഡിഗ്രിയിൽ കൂടുതൽ ചെരിവ് വരുന്നത് പൊതുവേ വാസ യോഗ്യമായ ഗൃഹത്തിന്റെ ലക്ഷണത്തിന് അത്ര ഉത്തമമല്ല എന്ന് വാസ്തു ശാസ്ത്രത്തിൽ വളരെ പ്രധാനമായിട്ട് എടുത്തു പറയുന്നുണ്ട്.

തെക്കോട്ട് ഗൃഹം പണിയാമോ?

തെക്കോട്ട് മുഖമായിട്ടുള്ള ഗൃഹങ്ങൾ ദോഷകരമാണെന്ന് വാസ്തുശാസ്ത്രം പറയുന്നില്ല. തെക്കോട്ട് അഭിമുഖമായി പണിയുകയാണെങ്കിൽ അത് കൃത്യമായ മാഗ്നെറ്റിക്ക് സൗത്ത് ആയിരിക്കണം എന്നുമാത്രമാണ് നിർദേശിക്കുന്നത്. കൃത്യമായ തെക്കാണോ എന്ന് പരിശോധിച്ച് ധൈര്യമായി തെക്കോട്ട് മുഖമായി ഗൃഹം നിർമ്മിക്കാം. വിശ്വാസമുള്ള ഒരു വാസ്തു ശാസ്ത്രജ്ഞനെക്കൊണ്ട് പരിശോധിപ്പിച്ച് മനസ്സിലാക്കാനും ശ്രദ്ധിക്കേണ്ടതാണ്.

കൃത്യമായ സ്ഥാനം ക്രമീകരിക്കുകയും ഗൃഹമധ്യ സൂത്രം തടസപ്പെടാതെ ഒഴിച്ചിടുകയും ചെയ്താൽ തെക്കോട്ട് മുഖമായിട്ടുള്ള ഗൃഹങ്ങളും ഉത്തമമായിട്ട് പണിചെയ്യാം എന്ന് ശാസ്ത്രത്തിൽ വളരെ വ്യക്തമായിട്ട് പറയുന്നുണ്ട്. അതു കൊണ്ട് അത് അന്ധവിശ്വാസമായിട്ട് ആരുടെയെങ്കിലും മനസ്സിലുണ്ട് എങ്കിൽ ഒഴിവാക്കാം.

ദിശയുടെ പ്രാധാന്യം?

വാസ്തുശാസ്ത്രത്തിൽ ദിശയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. നാല് പ്രധാനപ്പെട്ട ദിശകളിലേക്ക് തന്നെ മുഖമായി ഗൃഹം രൂപകൽപന ചെയ്യണം. നാല് കോൺ മൂലകൾക്ക് ശാസ്ത്രത്തിൽ തന്നെ ചില ദോഷവശങ്ങൾ പറയുന്നുണ്ട്.

  • തെക്ക് കിഴക്കേ മൂലയിൽ വടക്കു പടിഞ്ഞാറേ മൂലയിലേക്ക് കോൺ തിരിഞ്ഞിരിക്കുന്ന ദർശനമായിട്ടുള്ള ഗൃഹങ്ങൾ വച്ചു താമസിച്ചാൽ ഭയമാണ് അതിന്റെ ഫലം എന്നൊരു സൂചന പറയുന്നു.

  • തെക്കു പടിഞ്ഞാറ് കന്നിമൂല ഭാഗത്ത് വടക്ക് കിഴക്കോട്ട് മുഖമായിട്ട് കോൺ തിരിഞ്ഞിരിക്കുന്ന ഗൃഹങ്ങളാണെങ്കിൽ കലഹമാണ് ഫലം എന്നു പറയുന്നുണ്ട്.

  • വടക്കു പടിഞ്ഞാറേ മൂലയായിട്ടുള്ള വായുകോണിൽ തെക്കു കിഴക്കേ മൂലയായിട്ടുള്ള അഗ്നികോണിലേക്ക് മുഖമായിട്ടുള്ള രീതിയിൽ ഗൃഹങ്ങൾ വച്ചു താമസിച്ചാൽ ചപലതയാണ് അതിന്റെ ന്യൂനത എന്നു ശാസ്ത്രം പറയുന്നു. ചപലത എന്നു പറയുമ്പോൾ ഒന്നിലും ഉറച്ചു നിൽക്കാത്ത പ്രകൃതി മനഃചാഞ്ചല്യം എന്നു പറയുന്നുണ്ട്. അതും അത്ര നല്ലതല്ല.

  • ഈശാന കോൺ വടക്കു കിഴക്കേ മൂലയിൽ തെക്കു പടിഞ്ഞാറോട്ട് ദര്‍ശനമായിട്ട് കോൺ തിരിഞ്ഞിരിക്കുന്ന മുഖമാണെങ്കിൽ അങ്ങനെയുള്ള ഗൃഹങ്ങളിൽ കുലനാശമാണ് ഫലം എന്നൊരു സൂചനയും ശാസ്ത്രത്തിൽ പറയുന്നു.

ഇതിന്റെ ഒരു സയന്റിഫിക്കായിട്ടുള്ള സൈഡും കൂടി പറയാനാഗ്രഹിക്കുന്നു.

ഭൂമി ഒരു ദിവസത്തിൽ 24 മണിക്കൂറുകൊണ്ട് പടിഞ്ഞാറു നിന്ന് കിഴക്കോട്ട് ഒരു തവണ കറങ്ങി വരുന്നു. അതുപോലെ തന്നെ വർഷത്തിൽ ഒരിക്കൽ അത് സൂര്യനെ തെക്ക് വടക്ക് ദിശയിലും വലം വയ്ക്കുന്നു. ഇങ്ങനെയാണ് ഭൂമിയുടെ ഭ്രമണ പഥം. അഥവാ ഭൂമിയുടെ ചലന ദിശ. നമുക്കറിയാം ഭൂമി ചലിക്കുന്നുണ്ട് എന്ന്. നമുക്കത് അനുഭവപ്പെടുന്നില്ലെങ്കിലും ഭൂമിയുടെ ചലനദിശയ്ക്ക് സമാന്തരമായി ഗൃഹം വച്ചാൽ അങ്ങനെയുള്ള ഗൃഹങ്ങളിലാണ് നമുക്ക് കൂടുതൽ കാലം വസിക്കാൻ സാധിക്കുക.

അതിനൊരുകാരണം ഉദാഹരണസഹിതം പറഞ്ഞാൽ, നമ്മൾ ഒരു വാഹനത്തിൽ സഞ്ചരിക്കുകയാണെങ്കിൽ വാഹനം ഏതു ദിശയിലേക്ക് സഞ്ചരിക്കുന്നു, ആ ദിശയിലേക്ക് മുഖമായി ഇരുന്നു സഞ്ചരിക്കുമ്പോഴാണ് നമുക്ക് കൂടുതൽ നേരം കംഫർട്ടബിൾ ആയിട്ട് സഞ്ചരിക്കാൻ സാധിക്കുക. അതുകൊണ്ടു തന്നെ കാറായാലും ബസായാലും

വിമാനമായാലും ഏത് വാഹമായാലും വാഹനം ഏത് ദിശയിലേക്ക് സഞ്ചരിക്കുന്നു ആ ദിശയിലേക്ക് മുഖമായിരുന്നു സഞ്ചരിക്കുമ്പോഴാണ് നമുക്ക് കൂടുതൽ സുഖം കിട്ടുന്നത്.

എന്നു പറയുന്നതു പോലെ ഭൂമി എങ്ങനെയാണോ ചലിക്കുന്നത് ആ ചലനദിശയ്ക്ക് സമാന്തരമായി ഗൃഹം രൂപകല്‍പന ചെയ്താൽ അങ്ങനെയുള്ള ഗൃഹങ്ങളിൽ കൂടുതൽ കാലം നമുക്ക് വസിക്കാൻ സാധിക്കും എന്ന് ശാസ്ത്രത്തിന്റെ താരതമ്യപഠനത്തിൽ നിന്ന് മനസ്സിലായിട്ടുള്ളതാണ്.

വിശ്വാസപരമായി ദോഷവശങ്ങൾ പറയുന്നുണ്ടെങ്കിലും അതിന്റെ ശാസ്ത്രീയമായ വശങ്ങൾ പരിഗണിക്കുന്നതാണ് നല്ലത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com