ADVERTISEMENT

ഗൃഹത്തിന്റെ അഥവാ ഭൂമിയുടെ വടക്ക് കിഴക്കേ മൂലയ്ക്കാണ് മീനം രാശി എന്നു പറയുന്നത്. മീനം രാശിയില്‍ വരുന്ന സ്ഥാനമാണ് കിണറിന് ഏറ്റവും ഉത്തമം എന്ന് ശാസ്ത്രം സൂചിപ്പിക്കുന്നു. പിന്നെ കിഴക്കു ഭാഗത്ത് മധ്യസ്ഥാനത്ത് കിണറിന് സ്ഥാനമുണ്ട്. വടക്കു ഭാഗത്ത് മധ്യസ്ഥാനത്തും കിണറിന് സ്ഥാനമുണ്ട്. കിണറിനെ സംബന്ധിച്ചിടത്തോളം ചെറിയ ഭൂമിയിലാണ് ഗൃഹം നിൽക്കുന്നത് എങ്കിൽ കിണറിന്റെ സ്ഥാനം വടക്കോ കിഴക്കോ വശങ്ങളിൽ അഥവാ വടക്കു കിഴക്കേ മൂലയിൽ തന്നെയാണ് വേണ്ടത് എന്ന് ശാസ്ത്ര സൂചനകളിൽ പറയുന്നു. എന്നാൽ കുറച്ച് വലിയ ഭൂമിയാണെങ്കിൽ ഗൃഹത്തിന്റെ തെക്ക് പടിഞ്ഞാറേ മൂലയിൽ ഇന്ദ്രജിത്ത് പദം എന്നു പറയുന്ന സ്ഥലത്ത് കിണറിന് സ്ഥാനമുണ്ട്.

ചില ഭൂമികളുടെ കിടപ്പനുസരിച്ച് വയൽ തോട് തുടങ്ങിയ ജലാശയങ്ങളുടെ സാമീപ്യം എന്നിവ കണക്കിലെടുക്കുമ്പോൾ ചിലപ്പോൾ വടക്കു കിഴക്കേ മൂലയിൽ തന്നെ ജലത്തിന്റെ സ്രോതസ്സിന്റെ സാമീപ്യം അനുസരിച്ചുള്ള സ്ഥാനം കിട്ടിക്കൊള്ളണമെന്നില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിൽ തെക്കു വശത്തോ പടിഞ്ഞാറു വശത്തോ ചെയ്യേണ്ടതായിട്ടുള്ള സാഹചര്യം ഉണ്ടെങ്കിൽ, കുറച്ചു വലിയ പ്ലോട്ടുകളാണെങ്കിൽ, പ്രത്യേകമായി വാസ്തു തിരിച്ച് ആ ഗൃഹത്തിനെ വേർതിരിക്കുകയും ആ വാസ്തുവിന് പുറത്തു വരുന്ന വിധത്തിൽ വെള്ളത്തിന്റെ ലഭ്യത ഉറപ്പു വരുത്തുന്ന സ്ഥലങ്ങളിൽ നമുക്ക് കിണറുകൾ കുഴിക്കുകയും ചെയ്യാം.

ഇനി ചില സ്ഥലങ്ങളിൽ തെക്കോ പടിഞ്ഞാറോ വശങ്ങളിൽ ആണെങ്കിൽ അവിടെ ഈ ഇന്ദ്രജിത്ത് പദം എന്നു പറയുന്ന സ്ഥാനവും കൂടുതൽ ഭൂമിയുള്ള സ്ഥലങ്ങളിൽ അങ്ങനെ സ്വീകരിക്കാൻ സാധിക്കും. പക്ഷേ 5 സെന്റിലും താഴെയുള്ള ചെറിയ ഭൂമികളിൽ വടക്കു കിഴക്കേ മൂല മാത്രമേ നമുക്ക് അനുവദനീയമായിട്ട് പറയാൻ സാധിക്കുകയുള്ളൂ.

ഓപ്പൺ വെൽ എന്നതിൽ നിന്ന് വ്യത്യാസപ്പെട്ട് ബോർവെലിന്റെ കാര്യത്തിൽ പറഞ്ഞാൽ അതിന് നമുക്ക് ശാസ്ത്ര പ്രകാരം വലിയൊരു നിർബന്ധങ്ങൾ പാലിക്കേണ്ട കാര്യമില്ല. അത് ഗൃഹത്തിന്റെ ഏത് ഭാഗത്തായാലും ദോഷകര മായി ബാധിക്കുന്നില്ല. കാരണം ഒരു നാലോ അഞ്ചോ ഇഞ്ച് പൈപ്പ് ഭൂമിക്കടിയിലേക്ക് ഇറക്കുന്നു മോട്ടർ വച്ച് എടുക്കുന്നു അതൊരു നൂതന സമ്പ്രദായം ആയതുകൊണ്ട് അത് എങ്ങനെ വേണമെങ്കിലും ക്രമീകരിക്കാം.

അതുപോലെ വടക്കുവശത്ത് കിണർ വരികയാണെങ്കിൽ ഗൃഹത്തിൽ നിന്ന് കോരുമ്പോഴായാലും ഗൃഹത്തിന്റെ പുറത്ത് ഇറങ്ങി നിന്നു കോരുമ്പോഴായാലും വടക്കോട്ട് തിരിഞ്ഞ് നിന്ന് കോരി എടുക്കുന്നത് ശാസ്ത്രപ്രകാരം ഉപദേശയോഗ്യമാണ്.

ജലത്തിന്റെ ഒരു ലഭ്യത കണക്കിലെടുത്താണ് പഴയ ഗൃഹങ്ങ ളിൽ കിണർ വടക്ക് കിഴക്കേ മൂലയിൽ വയ്ക്കുകയും ശേഷം ആ കിണറിൽ നിന്നുള്ള ജലത്തിന്റെ ലഭ്യത അടുക്കളയിലേക്ക് ഉറപ്പുവരുത്തുന്നതിന് ജലത്തിന്റെ മൂലയായിട്ടുള്ള വടക്കു കിഴക്കേ മൂലയിൽ തന്നെ ഗൃഹത്തിനകത്ത് അടുക്കള ക്രമീകരിക്കുകയും ചെയ്തിരുന്നത്.

ശാസ്ത്രപ്രകാരം കിണറിനും അടുക്കളയ്ക്കും തമ്മിൽ ബന്ധമുണ്ട്. പണ്ടത്തെ അടുക്കളയിൽ നിന്നു തന്നെ കോരി ഉപയോഗിക്കുന്ന വിധത്തിലാണ് കിണറുകൾ പലതും കാണാറുള്ളത്. വടക്കുകിഴക്കേ മൂല കിണറിനും സ്ഥാനമാണ്. കൂട്ടത്തിൽ തന്നെ അടുക്കളയ്ക്കും സ്ഥാനമവിടെ ക്രമീകരിക്കാം.

കിണർ പാടില്ലാത്ത സ്ഥാനങ്ങൾ

ഗൃഹത്തിന്റെ വടക്കു പടിഞ്ഞാറേ മൂലയായിട്ടുള്ള വായു കോണിൽ ഗൃഹത്തിനോട് ചേർന്ന് കിണർ വരുന്നത് ഉത്തമമല്ല. ഗൃഹത്തിന്റെ അഗ്നികോണായ തെക്ക് കിഴക്കേ മൂലയിൽ ഗൃഹത്തിനോട് ചേർന്ന് വരുന്നതും ഉത്തമമല്ല. ഗൃഹത്തിനോട് ചേർന്ന് കിണറു വരുന്നത് വടക്കു പടിഞ്ഞാ മൂലയും തെക്കു ‌കിഴക്കേ മൂലയും ഒഴിവാക്കണം. തെക്ക് പടിഞ്ഞാറേ മൂലയിൽ വരുകയാണെങ്കിൽ തന്നെ അത് കൂടുതൽ പടിഞ്ഞാറോട്ട് മാറി ഇന്ദ്രജിത്ത് പദം എന്ന സ്ഥാനത്തു വരുന്ന രീതിയിലായിരിക്കണം.

ഇന്ന് ചില ചെറിയ ഭൂമിയിൽ അടുത്തുള്ള പ്ലോട്ടിലുള്ള വീടിന്റെ സെപ്റ്റിക് ടാങ്ക് പലപ്പോഴും കിണറിനോട് അടുത്തു വരാൻ പാടില്ലാത്തതു കൊണ്ടു തന്നെ കിണർ ചിലപ്പോഴൊക്കെ വടക്കു കിഴക്കേ മൂലയിൽ പറ്റാത്ത സാഹച ര്യങ്ങളും ഉണ്ട്. അതുകൊണ്ടാണ് തെക്ക് പടിഞ്ഞാറേ മൂലയിലും സ്ഥാനമുണ്ട് എന്നാൽ അത് വലിയ ഭൂമികളിൽ മാത്രമേ പ്രായോഗികമാക്കാൻ സാധിക്കുകയുള്ളൂ എന്നു കൂടി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com