വീട്ടിൽ 'ലാഫിങ് ബുദ്ധ' തെറ്റായി വയ്ക്കരുത്; ഗുണത്തേക്കാൾ ദോഷമാകാം

laughing-budha
SHARE

ഭവനത്തിൽ ഐശ്വര്യവും പോസിറ്റീവ് എനർജിയും നിറയ്ക്കാൻ ഫെങ്ങ്ഷുയി പ്രകാരം വിവിധരൂപങ്ങളുണ്ട്. അതിലൊന്നാണ് എല്ലാവരിലും ഊർജ്ജസ്വലതയും ആഹ്ലാദവും നിറയ്ക്കുന്ന 'ലാഫിങ് ബുദ്ധ' അഥവാ ചിരിക്കുന്ന ബുദ്ധൻ. ഭാണ്ഡക്കെട്ടും വലിയ കുടവയറുമുള്ള ഈ ബുദ്ധഭിക്ഷുവിന് ഹൈന്ദവ പുരാണങ്ങളിലെ കുബേരനുമായി അതീവ സാമ്യമുണ്ട്.അതിനാൽ ചിരിക്കുന്ന ബുദ്ധനെ സമ്പത്തിന്റെ ദേവനായി ഭാരതീയർ കരുതിപ്പോരുന്നു. നിഷ്കളങ്ക ചിരിയോടുകൂടിയ ഈ ബുദ്ധഭിക്ഷു കുടുംബത്തിലെ ദുഃഖ ദുരിതങ്ങളെല്ലാം നീക്കി ഐശ്വര്യവും സമ്പത്തും നിറയ്ക്കുമെന്നാണ് വിശ്വാസം. ഓഫീസിലും വ്യാപാരസ്ഥാപനത്തിലും ചിരിക്കുന്ന ബുദ്ധനെ സ്ഥാപിക്കുന്നത് ശത്രുദോഷം നീങ്ങാനും മാനസികപിരിമുറുക്കം കുറക്കാനും ഉത്തമമത്രേ. ഭവനത്തിലെ നെഗറ്റീവ് ഊർജത്തെ അകത്താക്കിയാണ് ലാഫിങ് ബുദ്ധ കുടവയര്‍ നിറയ്ക്കുന്നത് എന്നും വിശ്വാസമുണ്ട്. 

laughing-budha-fengshui

ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഭാഗ്യവസ്തുവായതിനാൽ  ‘ലാഫിങ് ബുദ്ധയെ' എങ്ങനെ പരിപാലിക്കണം ,എവിടെ വയ്ക്കണം എന്നിങ്ങനെ സംശയങ്ങൾ അനവധിയാണ്. ഇതിനു ചില ചിട്ടകൾ ഉണ്ട്. 

ഭവനത്തിൽ  പ്രധാന വാതിലിനെ അഭിമുഖമായി വേണം ലാഫിങ്ബുദ്ധ സ്ഥാപിക്കാൻ. ഒരു രൂപ നാണയത്തിനു പുറത്തു വയ്ക്കുന്നത് സാമ്പത്തിക സ്ഥിരതയ്ക്ക് ഉത്തമമാണ്.

പ്രധാന വാതിലിന് അഭിമുഖമായി വയ്ക്കാൻ സാധിച്ചില്ലെങ്കിൽ പ്രധാന വാതിലിൽ നിന്നാൽ കാണാൻ പാകത്തിൽ ഭിത്തിയുടെ മൂല ചേർത്ത് വയ്ക്കാവുന്നതാണ്.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ മുകളിൽ ഇവ വയ്ക്കാൻ പാടില്ല.

തറനിരപ്പിൽ നിന്ന് ഉയർന്നതും വൃത്തിയുമുള്ള ഭാഗത്തെ ലാഫിങ് ബുദ്ധയെ സ്ഥാപിക്കാവൂ.

ഊണുമുറി,അടുക്കള,കിടപ്പുമുറി എന്നിവിടങ്ങളിൽ ലാഫിങ് ബുദ്ധ വയ്ക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷത്തിനു കാരണമാകും.

സ്വീകരണ മുറിയിൽ കിഴക്കു ഭാഗത്തേക്ക് തിരിച്ച് വയ്ക്കുന്നത് കുടുംബാംഗങ്ങൾ  തമ്മിലുള്ള ഐക്യം വർദ്ധിപ്പിക്കാൻ ഉത്തമമാണ്. തെക്കു കിഴക്കു ദിശയിലേക്കു വയ്ക്കുന്നത് ഭാഗ്യവർധനവിന് ഉത്തമമത്രേ.

ഓഫീസിലും വ്യാപാരസ്ഥാപനത്തിലും ഇരിക്കുന്ന വ്യക്തിക്ക് അഭിമുഖമായി വയ്ക്കുന്നതാണ് ഫലപ്രാപ്തിക്ക് ഉത്തമം.

കുബേര ദിക്കായ  വടക്കു ഭാഗത്തേക്ക് തിരിച്ചുവച്ചാൽ  സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് വിശ്വാസം. ഒരിക്കലും തെക്കു ഭാഗത്തേക്ക് തിരിച്ചു വയ്ക്കരുത്.

English Summary- Laughing Budha inside House; Fengshui

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA