കിടപ്പുമുറിയിലെ നെഗറ്റീവ് എനർജി അകറ്റാം; വീട്ടിൽ സന്തോഷം നിറയ്ക്കാം!

bedroom-with-plants
Representative Image
SHARE

ഇന്നു കിടപ്പുമുറി എന്നാൽ കിടക്കാൻ മാത്രമുള്ള മുറിയല്ല. പഴയകാലത്ത് ഉറങ്ങാൻ വേണ്ടി കട്ടിലിടാൻ വേണ്ട വലുപ്പം മാത്രമുള്ള മുറികളാണ് അധികവും നിർമിച്ചിരുന്നത്.  ഇന്ന് എല്ലാ വീടിനകത്തും കിടപ്പുമുറിയോടൊപ്പം എന്തൊക്കെ സൗകര്യങ്ങളാണ്. നല്ല കിടപ്പുമുറിയിൽ സമാധാനവും സന്തോഷവും നിലനിൽക്കും. വീടിന്റെ ചുറ്റളവിനും മുറികളുടെ അളവിനും ഒക്കെ കാര്യം ഉണ്ട് എന്നു വാസ്തുശാസ്ത്രം പറയുന്നു.

വീടിന്റെ വടക്കുകിഴക്ക് ഭാഗത്തും മധ്യഭാഗത്തും കിടപ്പുമുറി പാടില്ല. ഗൃഹത്തിന്റെ വലതുഭാഗത്തും പിൻഭാഗത്തും കുടുംബനാഥന്റെ കിടപ്പുമുറി ഒരുക്കാം. വീടിന്റെ പിൻഭാഗത്തും വലതു ഭാഗത്തും പ്രധാന കിടപ്പുമുറി ആകുന്നതാണു നല്ലത്. ഇന്നു ബാത്റൂം അറ്റാച്ച്ഡ് അല്ലാത്ത കിടപ്പുമുറികൾ ഇല്ല എന്നു പറയാം. ബെഡ്റൂമിനോടു ചേർന്ന ടോയ്‌ലറ്റ് വടക്കോ പടിഞ്ഞാറോ ആണു വരേണ്ടത്.  ടോയ്‌ലറ്റിന്റെ കതക് എപ്പോഴും അടച്ചിടുകയും വേണം. ടാപ്പിൽ നിന്നു വെള്ളം ഇറ്റിറ്റു വീഴാതിരിക്കാനും കൂടി ശ്രദ്ധിക്കുക. 

കട്ടിലിന്റെ കണക്കിലും ചില കാര്യങ്ങളുണ്ട്. പ്രധാനമായി അതൊക്കെ നടപ്പാക്കാൻ ഇന്നു ബുദ്ധിമുട്ടാണ്. കിടക്കക്കമ്പനിക്കാർ നിർമിക്കുന്ന കിടക്കകൾ ഇടാൻ പാകത്തിനാണല്ലോ ഇപ്പോൾ കട്ടിൽ പണിയുന്നത്. പണ്ട് കട്ടിലിനു പാകത്തിലായിരുന്നു കിടക്ക തയ്ച്ചിരുന്നത്.കട്ടിലിനു ചന്ദനം, തേക്ക്, വേങ്ങ, മരുത്, കടമ്പ്, പതിമുകം എന്നീ മരങ്ങളാണ് ഉത്തമം. പ്ലാവും ആഞ്ഞിലിയും, അകിലും, തെങ്ങും ഒക്കെ മലയാളികൾ ധാരാളമായി കട്ടിലിന് ഇന്നുപയോഗിക്കുന്നു. അഞ്ചു തരം മരങ്ങൾ കൊണ്ടുണ്ടാക്കിയ കട്ടിലിൽ കിടക്കാൻ പാടില്ല. കിടപ്പുമുറിയിൽ ആവശ്യത്തിനു വായുസഞ്ചാരം ഉണ്ടാകണം എന്നതു വളരെ പ്രധാനപ്പെട്ട കാര്യം. കിടക്കുന്നയാളുടെ തല കിഴക്കുവശത്തോ തെക്കുവശത്തോ ആകാം. മറിച്ചാകരുത്. നോർത്ത് പോളും സൗത്ത് പോളും കാന്തികവലയത്തിന്റെ സ്വാധീനവും ഒക്കെ നമ്മുടെ പൂർവികർ മനസ്സിലാക്കിയിരുന്നു.

vasthu-room

ടിവിയും കംപ്യൂട്ടറുമൊക്കെ ഇന്ന് കിടപ്പുമുറിയുടെ ഭാഗമാണ്. ഇലക്ട്രോണിക് ഉപകരണങ്ങൾ കിടപ്പുമുറികളിൽ പാടില്ല എന്നാണു ഫെങ്‌ഷുയി പറയുന്നത്. െബഡ്റൂമിന്റെ വലുപ്പം, മുറിയുടെ ചുമരുകളിലെ ചായം, കട്ടിൽ ഇട്ടിരിക്കുന്നത് കിഴക്ക് പടിഞ്ഞാറാണോ, തെക്ക് വടക്കോ എന്നത്, കിടക്കവിരിയുടെ നിറം, ബെഡ്റൂം ലാംപിന്റെ നിറം ചുവരിലെ ചിത്രങ്ങൾ, അലമാരയുടെ കണ്ണാടി എന്നിവ ഒക്കെ നമ്മെ സ്വാധീനിക്കുന്നു. കിടന്നുകൊണ്ടു നോക്കിയാൽ കണ്ണാടിയിൽ കിടക്കുന്ന ആളുടെ പ്രതിബിംബം കാണാൻ പാടില്ല. 

കാലം മാറുന്നത് അനുസരിച്ചു പല കാര്യങ്ങളിലും മാറ്റം ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു. പഴയകാല സങ്കൽപങ്ങളിൽ നിന്നൊക്കെ ഒത്തിരി മാറ്റങ്ങളാണ് ആധുനിക ഗൃഹങ്ങൾക്കു വന്നുകൊണ്ടിരിക്കുന്നത്. വൈഫൈ സൗകര്യം ഇന്നു നാട്ടിൻപുറങ്ങളിൽ പോലും ആയിരിക്കുന്നു.ഇപ്പോൾ വാസ്തുശാസ്ത്രത്തിനു പ്രസക്തിയുണ്ടോ? വിദേശരാജ്യങ്ങളിൽ ഇതൊക്കെ നോക്കിയാണോ വീട് നിർമിക്കുന്നത് എന്നൊക്കെ ചിന്തിക്കുന്നവർ ഉണ്ടാകാം. പല നാട്ടിലും പല വിശ്വാസങ്ങളാണ്. ഭാരതീയമായ പല വിശ്വാസങ്ങളും മിക്കവരും ഏഷ്യൻ രാജ്യങ്ങളിലൊക്കെ ഉണ്ട്. നമുക്കു നമ്മുടെ വിശ്വാസങ്ങൾ പിന്തുടരാം, ഉപേക്ഷിക്കാം. അത് ഓരോരുത്തരുടെയും താൽപര്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA