വീടിനു ചുറ്റും ഈ വൃക്ഷങ്ങളുണ്ടോ? സൂക്ഷിക്കണം

trees-around-home
Representative Image
SHARE

ഉണ്ണിയെ കണ്ടാൽ അറിയാം ഉൗരിലെ പഞ്ഞം എന്ന് പഴമക്കാർ പറഞ്ഞത് വെറുതെയല്ല. ഒരു വസ്തുവിനെ സംബന്ധിക്കുന്ന കാര്യങ്ങൾ അതിലെ സസ്യലതാദികളെയും ജന്തുവൈവിധ്യത്തെയും നിരീക്ഷിച്ച് മനസ്സിലാക്കാവുന്നതേയുള്ളൂ. ഗൃഹനിർമാണം നടത്താൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ ഉർവരത, ജലസാമീപ്യം, ധാതുസമ്പത്ത്, മണ്ണിന്റെ ഘടന എന്നിവ പ്രത്യക്ഷമായിത്തന്നെ അവിടുത്തെ ജൈവവൈവിധ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

നാം വസിക്കുന്ന ഭൂമി നമുക്ക് എത്രത്തോളം അനുയോജ്യമാണ് എന്നതിനാധാരമാക്കുന്നത് പഞ്ചഭൂതാത്മകമായ ഭൂമിയുടെ ത്രിഗുണങ്ങളിൽ അധിഷ്ഠിതമായ സ്വഭാവവൈശിഷ്ട്യങ്ങളാണ്. ഇതേ തത്വത്തിന് ആധാരമായിക്കൊണ്ടാണ് കുടിയിരുപ്പ് ഭൂമിയിൽ വൃക്ഷസ്ഥാനങ്ങൾ നിർണയിക്കുന്നതും. മനുഷ്യനെയും ഭൂമിയേയുംപോലെ ഗുണാധിഷ്ഠിതമായി വൃക്ഷലതാദികളെയും തരംതിരിച്ചിട്ടുണ്ട്. ശാസ്ത്രവിശദീകര ണങ്ങൾക്കപ്പുറമായി സൂക്ഷ്മതലത്തിൽ മനുഷ്യന്റെ മനോഘടനയെ മാറ്റിമറിക്കാൻ കഴിവുള്ള സസ്യജാലങ്ങളുണ്ട്. ആയുർവേദത്തിൽ ഔഷധങ്ങളായി കണക്കാക്കപ്പെടുന്ന ഇവയിൽ പലതും നാം വസിക്കുന്ന ഗൃഹത്തിനു സമീപം ഉചിതമല്ല എന്നു പറയുന്നത് ഇതേ കാരണംകൊണ്ടാണ്.

ഒൗഷധങ്ങളായ വേപ്പ്, കാഞ്ഞിരം, താന്നി മുതലായവ വീടിനോടു ചേർന്നു നിൽക്കുന്നത് അത്ര നല്ലതല്ല എന്ന് ശാസ്ത്രം പറയുന്നു. കിഴക്കു ഭാഗത്ത് ഇലഞ്ഞി, പ്ലാവ്, പേരാൽ എന്നിവയും തെക്ക് അത്തി, കമുക്, പുളി എന്നിവയും പടിഞ്ഞാറ് അരയാൽ, ഏഴിലംപാല, തേക്ക് തുടങ്ങിയവയും വടക്ക് ഇത്തി, മാവ്, പുന്ന എന്നിവയും ഉണ്ടാകുന്നത് ശ്രേഷ്ഠതരമാണ്. വൃക്ഷത്തിന്റെ നിഴൽ ഗൃഹത്തിൽ തട്ടാത്ത വിധത്തിലാകണം ഇവ നട്ടുവളർത്തേണ്ടത് എന്നാണ് ശാസ്ത്രം പറയുന്നത്. വൃക്ഷങ്ങൾ മൂലമുള്ള നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാനും ഗൃഹത്തിലേക്കുള്ള സൂര്യപ്രകാശത്തിന്റെ ലഭ്യത തടയാതിരിക്കാനുമാണ് ഇങ്ങനെ സൂചിപ്പിക്കുന്നത്.

മേൽപ്പറഞ്ഞതിൽ നിന്ന് നമ്മുടെ ആധുനിക ശാസ്ത്രവിശാരദന്മാർ സമർഥിക്കുന്നതുപോലെ ഇലച്ചാർത്തിന്റെ വലുപ്പ വ്യതിയാനങ്ങൾ കൊണ്ട് സമശീതോഷ്ണാവസ്ഥ ക്രമീകരിക്കലല്ല വൃക്ഷസ്ഥാനനിർണയത്തിന്റെ ലക്ഷ്യം. മറിച്ച്, വൃക്ഷങ്ങൾ ഗൃഹത്തിൽ വസിക്കുന്നവരുടെ മനോമണ്ഡലത്തെയും സൂക്ഷമതലത്തെയുമാണ് സ്വാധീനിക്കുന്നത്. കുമിഴ്, കൂവളം, നെല്ലി, അശോകം, ചന്ദനം, വേങ്ങ, ചെമ്പകം, കരിങ്ങാലി, കൊന്ന , ദേവതാരം, പ്ലാശ് എന്നിവ ഗൃഹത്തിനിരുപുറവും പുറകിലുമായി വിന്യസിക്കാവുന്നതാണ്. വാഴ, പിച്ചകം, വെറ്റിലക്കൊടി മുതലായവ എല്ലാ സ്ഥലത്തും ആകാവുന്നതാണ്. ചേര്, വയ്യങ്കതവ്, നറുപുരി, ഉകം, കള്ളിപ്പാല, എരുമക്കള്ളി, പിശാചവൃക്ഷം, മുരിങ്ങ, മുള്ളുള്ള സസ്യങ്ങൾ എന്നിവ ഗൃഹപരിസരത്തുനിന്ന് ഒഴിവാക്കുന്നതാണ് ഉത്തമം.

ആധുനിക രൂപകൽപനാസമ്പ്രദായത്തിൽ അവലംബിക്കുന്ന ഇൻഡോർ പ്ലാന്റ്സ്, ബോൺസായ് എന്നിവയെക്കുറിച്ച് വാസ്തുശാസ്ത്രത്തിൽ പ്രത്യേകിച്ച് പരാമർശങ്ങൾ ഒന്നുംതന്നെയില്ല. എന്നാൽ സസ്യങ്ങൾക്ക് പ്രത്യേകം സ്ഥാനം കൃത്യമായി പറയുന്ന ഇൗ ശാസ്ത്രശാഖയ്ക്ക് വിരുദ്ധമായ രീതിയിലുള്ള സ്ഥാനങ്ങൾ ഗൃഹനിവാസികൾക്ക് ഹാനികരമാകുമെന്നുള്ള പരാമർശവുമുണ്ട്. ഇതിനാൽ മേൽപ്പറഞ്ഞ വിഭാഗത്തിൽ ഉള്ള സസ്യങ്ങളുടെ വിന്യാസം കഴിവതും ഒഴിവാക്കേണ്ടതാണ്. എന്നാൽ കാവുകളിലെ വൃക്ഷവിന്യാസം ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്.

English Summary- Trees Around House and Vasthu Effects

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA