ADVERTISEMENT

വീടു പണിയുമ്പോൾ ഏതു ഭാഗത്ത് പൂജാമുറി വേണം എന്ന് ആദ്യം നിശ്ചയിക്കാവുന്നതേയുള്ളൂ. പൂജാമുറിയിൽ സാധാരണ കിഴക്കോട്ടോ പടിഞ്ഞാട്ടോ തിരിഞ്ഞാണ് ആരാധിക്കുക. പൂജാമുറി വീടിന്റെ കിഴക്കു വശത്താണെന്ന് കരുതുക. അപ്പോൾ അത് പടിഞ്ഞാട്ട് തിരിച്ചുവയ്ക്കണമെന്നു പറയും. എന്താണതിനു കാരണമെന്നു ചോദിച്ചാല്‍ ആ ചൈതന്യത്തിന്റെ സംരക്ഷണയിൽ നമ്മൾ കഴിയുന്നു എന്നാണ് സങ്കല്പം. ആ സംരക്ഷണത്തിലാണ് കഴിയുന്നതെങ്കിൽ ആ ദേവന്റെ മുൻപിലായിരിക്കണം നമ്മുടെ ഗൃഹം

ദേവന്റെ മുൻപിൽ ഗൃഹം ആയിരിക്കണമെന്നുണ്ടെങ്കിൽ നമ്മുടെ വീടിന്റെ പകുതിയിൽക്കൂടുതൽ സ്ഥലം ദേവന്റെ മുൻപിൽ വരണം. കിഴക്കു വശത്തുള്ള മുറികളിലാണെങ്കിൽ പടിഞ്ഞാറുവശത്തേക്കാണ് വയ്ക്കേണ്ടത്. പടിഞ്ഞാറു വശത്താണെങ്കിൽ നേരേ കിഴക്കോട്ടു തിരിച്ചും വയ്ക്കണം.

ടോയ്‍ലറ്റിനടുത്ത് പൂജാമുറി ആവാമോ എന്നു ചോദിച്ചിട്ടുള്ളവർ നിരവധിയാണ്. പൂജാമുറിക്ക് ടോയ്‍ലെറ്റുമായിട്ട് ഇത്ര അകലം വേണമെന്നും പറയാൻ പറ്റില്ല. തൊട്ടടുത്ത് വേണ്ടെന്നു മാത്രമേ ഇതുസംബന്ധിച്ച് പറയാൻ കഴിയൂ.


ഗോവണിയുടെ അടിയിൽ പൂജാമുറി വരരുത് എന്ന് ചിലർ നിഷ്കർഷിക്കാറുണ്ട്. ശാസ്ത്രത്തിൽ അങ്ങനെയൊന്നും പരാമർശമില്ല എന്നേ ഇതിനു മറുപടിയുള്ളൂ. ഗോവണിക്കടിയിൽ പാടില്ല എന്നു പറയുന്നതിന്റെ യുക്തിയെന്താണ്? ഈശ്വരന്റെ ചൈതന്യത്തിനു മുകളിലൂടെ നമ്മൾ നടന്നു കയറരുത് എന്നതല്ലേ? ശരി. അങ്ങനെയാണെങ്കിൽ രണ്ടു നില വീടു പണിയുമ്പോൾ താഴെ പൂജാമുറി വന്നാൽ മുകളിലത്തെ നില നമ്മൾ ഉപയോഗിക്കാറില്ലേ? അതൊരു കിടപ്പുമുറിയോ മണിയറയോ ആണെങ്കിലോ? അതൊന്നും സാധാരണ സംഭവിക്കാത്തതല്ലല്ലോ?

ഗോവണിയുടെ ലാൻഡിങ്ങിന്റെ ചുവട്ടിൽ വയ്യ എന്നാണ് ചിലരുടെ വാദം. വാസ്തവത്തിൽ അങ്ങനെയൊന്നും പറയാൻ പറ്റില്ല. കാരണം നിലനിരപ്പിലുള്ള മച്ച് ആവാമെങ്കിൽ ചെരി ഞ്ഞ മച്ചും ആവാമല്ലോ. ഗോവണിയെ ചെരിഞ്ഞ മച്ച് ആയി കണക്കാക്കിയാൽ മതി. അപ്പോൾ ചെരിഞ്ഞ മച്ചിൽ ചവിട്ടുന്നതും രണ്ടാം നിലയിൽ ചവിട്ടുന്നതും തമ്മിൽ വ്യത്യാസമില്ല. രണ്ടും മുകളിൽ ചവിട്ടുന്നു എന്നേ വരൂ. അതേസമയം ചെരിഞ്ഞ മച്ചുള്ള മുറിയുടെ കീഴെ ഇരിക്കുമ്പോൾ നമുക്കൊരു സുഖക്കുറവ് തോന്നാറുണ്ടല്ലോ. അതുകൊണ്ട് ചെരിഞ്ഞാണ് മച്ച് (അഥവാ സ്റ്റെയർകെയ്സിന്റെ അടിഭാഗം) എങ്കിൽ പൂജാമുറിക്കും ഒഴിവാക്കുന്നതാണ് നല്ലത്.

പണ്ട് പടിഞ്ഞാറ്റിയുടെ മച്ചിൽ പൂജാമുറിയുണ്ടായിരുന്നു. നായർ ഗൃഹങ്ങളിലാണധികവുമിങ്ങനെയുണ്ടാവുക. പക്ഷേ അതിന്റെ പിന്നാമ്പുറത്ത് ഓവറ ഉണ്ടാകും. അതിനു കാരണം ഒരു ആരൂഢം സങ്കല്പിച്ച് അതിന്റെ പുറത്താണതുവരിക.

പണ്ടത്തെ ചിട്ടപ്രകാരം പടിഞ്ഞാറ്റിയുടെ അകത്തല്ല, അതിന്റെ പുറത്തേക്ക് ഇറക്കിയിട്ടുള്ള ഇറയം അഥവാ കോലായകളിലായിരിക്കും ഓവറ ഉണ്ടാവുക. അത് പൂജാമുറിയുടെ പിന്നിൽ വരുന്നതായി കാണാറുണ്ട്. ആ തത്ത്വം മാത്രമേ നമ്മൾ കണക്കിലെടുക്കാറുള്ളൂ. അല്ലാതെ അതിൽ കൂടുതലായി നോക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.

പഴയ തറവാടുകളിലും മറ്റും മുറ്റത്ത് കുലദേവതാഗൃഹമുണ്ടാവാറുണ്ട്. അത് ഇന്ന സ്ഥാനത്ത് വയ്യ എന്നു പറയുന്നില്ല. വടക്കു കിഴക്കേ മൂല മുതൽ തെക്കു പടിഞ്ഞാറേ മൂല വരെ ഉണ്ടാക്കുന്ന കുലദേവതാ ഗൃഹങ്ങൾ (കുടുംബക്ഷേത്രം) പടിഞ്ഞാട്ട് ദർശനമായാണ് പ്രതിഷ്ഠിക്കേണ്ടത്. വടക്കു കിഴക്കാണെന്നു വച്ചാൽ അതു പടിഞ്ഞാട്ട് ദർശനമായിട്ടു പണിയണമെന്നാണ് പറയുക. അതായത് വീടിനഭിമുഖമായിട്ടു പണിയണമെന്നു സാരം.

നമ്മൾ നേരത്തെ ദേശക്ഷേത്രങ്ങളെപ്പറ്റി പറഞ്ഞു. പുതുതായി ഒരു ഗ്രാമമുണ്ടാക്കുകയാണെങ്കിൽ ആ ഗ്രാമത്തിന്റെ എവിടെ യായിരിക്കണം ക്ഷേത്രം പണിയേണ്ടത്? അത് മേൽപ്പറഞ്ഞ പ്രകാരം ഏതെങ്കിലും ദിക്കിലേക്ക് ദർശനമായിട്ടു പോരാ, ഏതു മൂർത്തിയുടെ ക്ഷേത്രമാണ് പണിയുന്നതെന്ന് അനുസരിച്ച് അതിന്റെ സ്ഥാനം, ദർശനം ഒക്കെ നിശ്ചയിക്കേണ്ടി വരും.

English Summary- Pooja Room Inside House; Vasthu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com