ADVERTISEMENT

തദ്ദേശഭരണസ്ഥാപനങ്ങൾ ഏറെയും ചീത്തപ്പേരു കേൾക്കുന്നത് മാലിന്യനീക്കത്തിന്റെ പേരിലാണ്. മൂക്കു പൊത്താതെയും മാലിന്യത്തിൽ ചവിട്ടാതെയും നടക്കാവുന്ന നഗരസഭകളും കോർപറേഷനുകളും എണ്ണത്തിൽ കുറയും. പാലക്കാട് ജില്ലയിലെ ചിറ്റൂർ–തത്തമംഗലം നഗരസഭ പക്ഷേ ഇക്കാര്യത്തിൽ വ്യത്യസ്തം. ജൈവമാലിന്യങ്ങൾ കമ്പോസ്റ്റിങ്ങിലൂടെ ജൈവവളമാക്കി സബ്സിഡി നിരക്കിൽ കൃഷിക്കാർക്കു നൽകുന്നു നഗരസഭ. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ വേർതിരിച്ച് അതിലൊരു പങ്ക് ഷ്റെഡർ യന്ത്രത്തിൽ പൊടിച്ച് ബിറ്റുമിനൊപ്പം ചേർത്ത് റോഡ് ടാറിങ്ങിനും  ഉപയോഗിക്കുന്നു. 

വീടുകൾ, ഹോട്ടലുകൾ, വിവാഹമണ്ഡപങ്ങൾ, ചന്തകൾ എന്നിവിടങ്ങളിൽനിന്നുള്ള ഭക്ഷ്യാവശിഷ്ടങ്ങൾ സംഭരിക്കാനായി നഗരസഭ വർഷങ്ങൾക്കു മുമ്പുതന്നെ സമീപപ്രദേശമായ പാറക്കളത്ത് ആൾത്താമസമില്ലാത്ത ഭാഗത്തു ഡമ്പിങ് യാർഡ് നിർമിച്ചിരുന്നു. നഗരസഭയെങ്കിലും പൊതുവേ ഗ്രാമീണ സ്വഭാവമുണ്ട് ചിറ്റൂർ–തത്തമംഗലത്തിന്. നഗരസഭാ പരിധിയിൽത്തന്നെ കൃഷിയും കൃഷിക്കാരുമുണ്ട്. അതുകൊണ്ടുതന്നെ മുൻകാലങ്ങളിൽ മാലിന്യം അത്ര വലിയ പ്രശ്നവുമായിരുന്നില്ല.

ഇന്നു പക്ഷേ സ്ഥിതി വ്യത്യസ്തമെന്ന് നഗരസഭാ ചെയർമാൻ കെ. മധു. ജീവിത സാഹചര്യങ്ങൾ മാറിയതോടെ ഗ്രാമ, നഗരഭേദമില്ലാതെ മാലിന്യമല ഉയരുന്നുണ്ട് എവിടെയും. പ്ലാസ്റ്റിക് മാലിന്യങ്ങൾകൊണ്ട് കൃഷിയിടങ്ങൾ മലിനമാവുന്ന സ്ഥിതി. പാറക്കളത്തെ യാർഡ് ഖരമാലിന്യ പ്ലാന്റാക്കി മാറ്റി മാലിന്യം ശാസ്ത്രീയമായി  സംസ്കരിക്കുന്ന പദ്ധതിയിലേക്കു  നഗരസഭ തിരിഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. 

കൃഷിയും വളവും  

ദിവസം ശരാശരി 1200 കിലോ ഭക്ഷ്യാവശിഷ്ടങ്ങളാണ് നഗരസഭാപരിധിയിൽനിന്നു സംഭരിക്കേണ്ടിവരുന്നത്. വിൻട്രോ (windrow) കമ്പോസ്റ്റിങ് മാർഗമാണ് വളംനിർമാണത്തിനു സ്വീകരിച്ചിരിക്കുന്നത്. വലിയ അളവു ജൈവാവശിഷ്ടങ്ങൾ സംസ്കരിക്കാൻ ഗുണകരമായ രീതിയാണു വിൻട്രോ കമ്പോസ്റ്റിങ്. പാറക്കളത്തെ പ്ലാന്റിൽ എത്തിച്ച് ചാണകവും ചകിരിച്ചോറും ചേർത്തിളക്കി ടാർപ്പായകൊണ്ട് പൊതിഞ്ഞിടുന്നതാണ് ആദ്യഘട്ടം. മാലിന്യസംസ്കരണത്തിനു പല രീതികളും ഇന്നു പ്രചാരത്തിലുണ്ടെങ്കിലും മികച്ചത് ചാണകം തന്നെയെന്ന് മധു. വളം നിർമാണം ലക്ഷ്യമിടുന്നതുകൊണ്ട് കൂടുതൽ  യോജ്യവും ചാണകം തന്നെ. ഭക്ഷ്യാവശിഷ്ടങ്ങളിലെ ഈർപ്പം വലിച്ചെടുക്കാൻ ചകിരിച്ചോർ സഹായിക്കും.

municipality-2
അമൃതകം ജൈവവളവുമായി നഗരസഭാ ചെയർമാൻ കെ. മധുവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.എസ്. സജുവും.

ടാർപ്പായകൊണ്ടു മൂടിയിടുന്ന കമ്പോസ്റ്റ് വേനൽക്കാലത്ത് 40 ദിവസംകൊണ്ടും വർഷകാലത്ത് 60–65 ദിവസംകൊണ്ടും മികച്ച ജൈവവളമായി മാറും. യന്ത്രസഹായത്തോടെ ഇളക്കി, അരിച്ചെടുക്കുമ്പോളത് ചായ പ്പൊടിപോലെ നേർത്ത തരികളായാണ് ലഭിക്കുക. നിറമോ മണമോ ഇല്ലാത്ത ശുദ്ധ ജൈവവളമായി മാലിന്യം മാറുന്നത് ചെറിയ നേട്ടമല്ലെന്നു മധു പറയുന്നു, മാസം ശരാശരി 3000 കിലോ വളം ഈ രീതിയിൽ ഉൽപാദിപ്പിക്കുന്നുണ്ടിപ്പോൾ.

കിലോയ്ക്കു പത്തു രൂപ വിലയിട്ടിരിക്കുന്ന ഈ ‘അമൃതകം’ ജൈവവളം 25 കിലോ വീതമുള്ള ചാക്കിൽ പായ്ക്ക് ചെയ്ത് 75 ശതമാനം സബ്സിഡിയോടെയാണ് കൃഷിക്കാർക്കു നല്‍കുന്നത്. തെങ്ങിനും നെല്ലിനും പച്ചക്കറികൾക്കുമായി വളത്തിനാവശ്യക്കാരേറെ. കൃഷിവകുപ്പുമായി സഹകരിച്ച് പച്ചക്കറിത്തൈ നഴ്സറിയും സ്ഥാപിച്ചിട്ടുണ്ട് നഗരസഭ. അടുക്കളത്തോട്ടമൊരുക്കുന്നവർ ഗ്രോബാഗുകളും പച്ചക്കറിത്തൈകളും തേടിയെത്തുമ്പോൾ ജൈവ പച്ചക്കറിക്കൃഷിക്കായി അമൃതകം ജൈവവളവും വാങ്ങുന്നു. ഫലത്തിൽ, മാലിന്യം കുറയുന്നു, കൃഷി വളരുന്നു. നഗരസഭയിലെ 29 ഡിവിഷനുകളിലും മാലിന്യം സംഭരിക്കാനായി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയ നഗര സഭ, പത്തു വർഷം മുമ്പുതന്നെ പ്ലാസ്റ്റിക് ക്യാരിബാഗുകളും നിരോധിച്ചിരുന്നു. കടകളിൽനിന്നു സാധനം വാങ്ങാനായി എല്ലാ വീടുകളിലും രണ്ടു തുണിസഞ്ചി സൗജന്യമായി നൽകിയിട്ടുണ്ട്. 

നഗരസഭയിലെ പ്ലാസ്റ്റിക്, ഇ–വേസ്റ്റ് സംഭരിക്കുന്നതും വേർതിരിക്കുന്നതും ഹരിത കർമസേനയാണ്.   റീ സൈക്കിളിങ്ങിന് യോജ്യമല്ലാത്ത പ്ലാസ്റ്റിക് വേസ്റ്റാണ് പൊടിച്ച് ടാറിങ്ങിനു പ്രയോജനപ്പെടുത്തുന്നത്. മാലിന്യസംസ്കരണത്തിൽ  സമീപത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെക്കൂടി പങ്കാളികളാക്കാനുള്ള ശ്രമത്തിലാണ്  നഗരസഭ.

ഫോൺ: 0492 3222343, 9446340429 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com