വീട്ടിൽത്തന്നെ നിർമിക്കാം ടയറിൽ വിരിയും പൂച്ചട്ടികൾ

HIGHLIGHTS
  • സ്കൂട്ടറിന്റെ മുതൽ ലോറിയുടെയും ബസിന്റെയും ടയർ വരെ ചട്ടിയുണ്ടാക്കാൻ ഉപയോഗിക്കാം
  • അടിഭാഗം അടയ്ക്കാൻ വലിയ ഷീറ്റ് ചെരുപ്പിന്റെ സോൾ ഉപയോഗിക്കാം
tyre-1
SHARE

വാഹനങ്ങളുടെ പഴയ ടയർ മാറി പുതിയത് ഇടുമ്പോൾ പലരും പഴയ ടയർ ആ ഷോപ്പിൽത്തന്നെ ഉപേക്ഷിക്കുകയാണ് പതിവ്. ഇങ്ങനെ ഒഴിവാക്കുന്നതിനു പകരം വീട്ടിലേക്ക് കൂട്ടിയാലോ... പൂന്തോട്ടം മനോഹരമാക്കാൻ ഇതിൽപ്പരം വേറൊന്നില്ല. ചെറിയ മീൻകുളങ്ങളായും പൂച്ചെട്ടികളായും പഴയ ടയറുകളെ മാറ്റിയെടുക്കാം. അൽപ്പം ബുദ്ധിമുട്ടണമെന്നു മാത്രം. 

ഉപയോഗശൂന്യമായ ടയറുകളെ എങ്ങനെ ഉപയോഗപ്രദമായ രൂപത്തിലേക്കു മാറ്റാം?

പുനരുപയോഗിക്കാൻ കഴിയുന്ന എന്തിനും ഇപ്പോൾ വലിയ ഡിമാൻഡ് ആണ്. ഉപയോഗമില്ലെന്നു കരുതി ഉപേക്ഷിക്കുന്നവയിൽനിന്ന് യഥാർഥ ഉൽപന്നത്തേക്കാൾ മികച്ചതുണ്ടാക്കുന്നത് മിടുക്കിന്റെ ലക്ഷണമാണെന്നു വേണമെങ്കിൽ പറയാം. 

സ്കൂട്ടറിന്റെ മുതൽ ലോറിയുടെയും ബസിന്റെയും ടയർ വരെ ചട്ടിയുണ്ടാക്കാൻ ഉപയോഗിക്കാം. വലിയ ടയറുകളാണ് ആമ്പൽകുളമായും മീൻകുളമായും ഉപയോഗിക്കാൻ അനുയോജ്യം.

അറ്റം പൂവിതളുപോലെ ആകൃതിവരുത്തിയശേഷം ടയറിന്റെ അകത്തേവശം പുറത്തേക്കാക്കി മടക്കണം. ചെരുപ്പിന്റെ സോൾ ഉപയോഗിച്ചാണ് അടിഭാഗം നിർമിക്കുന്നത്. ഇത് ആണി ഉപയോഗിച്ച് ടയറുമായി കൂട്ടിച്ചേർക്കുന്നു. സോളുകൊണ്ട് ഇതൾ ആകൃതി വെട്ടിയെടുത്ത് ഒട്ടിക്കുമ്പോൾ താമരയുടെ ആകൃതിയിലുള്ള ചെടിച്ചട്ടി റെഡി. ഇഷ്ടനിറം കൊടുക്കാം. വലുപ്പമനുസരിച്ച് ഓരോ ചട്ടിക്കും 200–1,100 രൂപ വില വരും.

tyre
picture courtesy: Prasanth Pm

നമുക്കും ടയർ പൂച്ചട്ടി നിർമിക്കാം

  • ടയറിന്റെ അറ്റം പൂവിതളിന്റെ ആകൃതിയിൽ മുറിച്ചെടുക്കണം. അൽപ്പം ശ്രമകരമായ കാര്യമാണ്. നല്ല മൂർച്ചയുള്ള ആയുധങ്ങൾ ഇതിനായി ഉപയോഗിക്കാം. അതല്ലെങ്കിൽ ഇലക്‌ട്രിക് മെഷീനുകളും ഉപകാരപ്പെടും. അതിനുശേഷം പുറം മറിച്ചിടണം.
  • ഇതളുകളുടെ വശങ്ങൾ ചെത്തി വൃത്തിയാക്കിയെടുക്കണം.
  • അടിഭാഗം അടയ്ക്കാൻ വലിയ ഷീറ്റ് ചെരുപ്പിന്റെ സോൾ ഉപയോഗിക്കാം. അതേസമയം, കട്ടിയുള്ള പ്ലാസ്റ്റിക് ഷീറ്റോ മറ്റും ലഭ്യമെങ്കിൽ അതും ഇതിനായി ഉപയോഗിക്കാം. ഇവ ആവശ്യമുള്ള വട്ടത്തിൽ മുറിച്ചടുക്കാം. 
  • അടിയിൽ സ്ഥാപിക്കാനുള്ള, പൂവിതളിന്റെ ആകൃതിയുള്ള കഷണം ടയറിൽനിന്നു മുറിച്ചെടുത്ത് സോളിൽ/കട്ടിയുള്ള പ്രാസ്റ്റിക്കിൽ ഉറപ്പിക്കണം.
  • ഇതിലേക്ക് ടയർ വച്ച് ആണിയടിച്ച് ഘടിപ്പിക്കാം. ചെടിച്ചട്ടിയാണ് ഉണ്ടാക്കുന്നതെങ്കിൽ അടിയിൽ ദ്വാരമിടണം. ആമ്പൽക്കുളമോ മീൻകുളമോ ആണെങ്കിൽ വെള്ളമിറങ്ങാത്ത രീതിയിൽ അടച്ചുറപ്പാക്കണം. ഇഷ്ടനിറം നൽകുന്നതോടെ ചട്ടി ഉപയോഗയോഗ്യമാകും.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WASTE MANAGEMENT