അടിമാലി പഞ്ചായത്ത് പറയുന്നു: പ്ലാസ്റ്റിക് വെറുതെ കളയണ്ട, ഇങ്ങോട്ടു കൊണ്ടുപോരെ

HIGHLIGHTS
  • തരം തിരിച്ച് പ്ലാസ്റ്റിക് എത്ര വേണമെങ്കിലും സ്വീകരിക്കാൻ തയാറാണെന്ന് പഞ്ചായത്ത് പ്രസിഡന്റ്
waste
SHARE

മാലിന്യസംസ്കരണ സൗകര്യമില്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് തരം തിരിച്ച് എത്തിക്കുന്ന പ്ലാസ്റ്റിക് സ്വീകരിച്ച് ഇടുക്കി ജില്ലയിലെ അടിമാലി പഞ്ചായത്ത്. വിനോദ സഞ്ചാര മേഖലയായ മൂന്നാറിൽനിന്ന് അടുത്ത നാളിൽ മൂന്ന് ലോഡ് പ്ലാസ്റ്റിക് ആണ് അടിമാലി പഞ്ചായത്ത് ഓഫിസിന് സമീപം പ്രവർത്തിക്കുന്ന ഷ്രെഡിങ് യൂണിറ്റിൽ എത്തിച്ചത്. 

വെള്ളത്തൂവൽ പഞ്ചായത്തും തരം തിരിച്ച പ്ലാസ്റ്റിക് ഇവിടെയാണ് എത്തിക്കുന്നത്.

ഇതോടൊപ്പം മറ്റ് സ്ഥാപനങ്ങളിൽനിന്നും പ്ലാസ്റ്റിക്  എത്തിക്കുന്നു. ജില്ലയിലെ മറ്റു പഞ്ചായത്തുകളിൽനിന്നും മറ്റ് സ്ഥാപനങ്ങളിൽനിന്നും തരം തിരിച്ച് പ്ലാസ്റ്റിക് എത്ര വേണമെങ്കിലും സ്വീകരിക്കാൻ തയാറാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ്, സെക്രട്ടറി കെ.എൻ. സഹജൻ എന്നിവർ പറഞ്ഞു.

ഒന്നര വർഷം മുൻപാണ് അടിമാലി പഞ്ചായത്ത് മാലിന്യ സംസ്കരണത്തിന് ഭാഗമായി പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റ് ആരംഭിച്ചത്. ഇവിടെ ലഭിക്കുന്ന പ്ലാസ്റ്റിക് പൊടിച്ച് ടാറിങ്ങിന് ഉപയോഗിക്കാനാണ്. ഇതോടൊപ്പം പ്ലാസ്റ്റിക് തരിയായി പൊടിച്ച് പൈപ്പ്, ഹോസ് എന്നിവ നിർമിക്കുന്നതിന് ഫാക്ടറികൾക്കു നൽകുന്നുണ്ട്.

260 ക്വിന്റൽ വിറ്റു; 60 ക്വിന്റൽ സ്റ്റോക്ക്

കിലോ ഗ്രാമിന് 21 രൂപ പ്രകാരം  ഒന്നര വർഷത്തിനിടയിൽ 260 ക്വിന്റൽ ടാറിങ് മിശ്രിതം വിൽപന നടത്തി. കൊച്ചി കോർപറേഷൻ, പൊതുമരാമത്ത് വകുപ്പ് ഞാറക്കൽ, ശാന്തൻപാറ, പൈനാവ് എന്നിവിടങ്ങളിൽ നിന്നാണ് ആവശ്യക്കാർ കൂടുതലായി എത്തിയത്.

തരി മിശ്രിതത്തിന് വില കിലോഗ്രാമിന് 45 രൂപയാണ്. ടെൻഡർ നടപടികളിലൂടെയാണ് ഇത് വിറ്റഴിക്കുന്നത്. 5 ക്വിന്റൽ സ്റ്റോക്കുണ്ട്.

പ്ലാസ്റ്റിക് നിർമാർജന നടപടി വൈകുന്ന പഞ്ചായത്തുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും ഇവ ശേഖരിക്കാൻ പഞ്ചായത്ത് തയാറാണെന്നും ആവശ്യക്കാർ അടിമാലി പഞ്ചായത്തുമായി ബന്ധപ്പെടണമെന്നും അധിക‍ൃതർ അറിയിച്ചു. ഫോൺ ഓഫിസ് : 04864 222160, സെക്രട്ടറി: 9496045013.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WASTE MANAGEMENT
FROM ONMANORAMA