മാസം 12,000 രൂപയ്ക്ക് തേങ്ങ വാങ്ങിയാൽ ചിരട്ടയിലൂടെ മാത്രം വരുമാനം 30,000 രൂപ
Mail This Article
പറവൂർ മാർക്കറ്റിൽനിന്നു മാസം 12,000 രൂപയ്ക്കു തേങ്ങ വാങ്ങും എറണാകുളം വരാപ്പുഴ സ്വദേശി കുളങ്ങരപ്പറമ്പിൽ ദയാലു. ഭാര്യ സിന്ധുവത് ഉണക്കി കൊപ്രയാക്കി വെളിച്ചെണ്ണയെടുക്കും. ദയാലുവിന്റെ ശ്രദ്ധ പക്ഷേ വെളിച്ചെണ്ണ വിപണിയിലല്ല, നല്ല ആകൃതിയും വലുപ്പവുമുള്ള ചിരട്ടകളിലാണ്. മാസം പന്തീരായിരം രൂപയ്ക്കു തേങ്ങ വാങ്ങി അതിൽനിന്നു മാസം ശരാശരി മുപ്പതിനായിരം രൂപ വരുമാനം തരുന്ന ചിരട്ട ശിൽപങ്ങൾ നിർമിച്ചു വിപണിയിലെത്തിക്കുകയാണ് ദയാലു എന്ന കലാസംരംഭകൻ.
കൗതുകകലകളിൽ പണ്ടേയുണ്ട് കമ്പമെന്നു ദയാലു. ചിരട്ടകൊണ്ടുള്ള മോതിരങ്ങളും കളിമൺ ശിൽപനിർമാണവുമൊക്കെയായിരുന്നു കുട്ടിക്കാല താൽപര്യങ്ങൾ. കലാഭിരുചികൾ പിന്നീട് ഫോട്ടോഗ്രഫി ഉൾപ്പെടെ പലതിലൂടെ നീങ്ങി. ഗൾഫിൽ ഫാബ്രിക്കേഷൻ രംഗത്തു ജോലി ചെയ്യുന്ന കാലത്താണു ചിരട്ട വീണ്ടും ചിത്രത്തിലെത്തുന്നത്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൽ ഇന്തൊനീഷ്യൻ സംരംഭകരുടെ സ്റ്റാളിൽ പ്രദർശിപ്പിച്ചിരുന്ന ചിരട്ട വിസ്മയങ്ങൾ മോഹിപ്പിക്കുന്നവ ആയിരുന്നെന്നു ദയാലു, കേവലം കൗതുകങ്ങൾ എന്നതിലുപരി ലാംപുകളും അകത്തളച്ചെടികൾക്കു യോജിച്ച പ്ലാന്റർ ബോക്സുകളുംപോലെ നിത്യജീവിതത്തോടു ചേർന്നുനിൽക്കുന്ന ഒട്ടേറെ ചിരട്ടയുൽപന്നങ്ങൾ.
കാണാനഴകുള്ള കരകൗശലവസ്തുക്കൾ ചിരട്ടകൊണ്ടു നിർമിക്കുന്ന പലരും നമ്മുടെ നാട്ടിലു ണ്ടെങ്കിലും ഗൃഹോപകരണമായി വിപണിയിലെത്തുന്നത് ചിരട്ടത്തവിപോലെ ചിലതുമാത്രമാണ്. ബെഡ് ലാംപുകളും മറ്റ് അലങ്കാര ലാംപുകളും പ്ലാന്റർ ബോക്സുകളുമെല്ലാം വിപണിയിൽ ഇടം പിടിക്കുമെന്നു തോന്നിയതോടെ ഗൾഫിലെ ഫാബ്രിക്കേഷൻ ജോലി വിട്ട് ഇഷ്ട സംരംഭത്തിനു നാട്ടിൽ തുടക്കമിട്ടു ദയാലു.
വിപണി വിദേശത്തും
ലാംപുകളും പ്ലാന്റർ ബോക്സുകളും നിർമിക്കാനുപയോഗിക്കുന്ന ചിരട്ടയ്ക്ക് നല്ല വലുപ്പം ആവശ്യമാണ്. പറവൂർ ഭാഗത്തു വിളയുന്ന തേങ്ങയുടെ ചിരട്ടതന്നെ ഈയാവശ്യത്തിലേക്കു മികച്ചതെന്നു ദയാലു. 1.2 കിലോ വരെ തൂക്കമുള്ള വലിയ തേങ്ങകൾ ഇവിടെ സുലഭം. ചെറുകിട കച്ചവടക്കാരിൽനിന്നാണു തേങ്ങ വാങ്ങുക. ചിരട്ടയിൽ ശ്രദ്ധാപൂർവം ദ്വാരമുണ്ടാക്കി കാമ്പു പുറത്തെടുക്കും. ചിരട്ടയിൽനിന്നു മുഖ്യ വരുമാനം വരുമ്പോൾ വെളിച്ചെണ്ണയിലൂടെ അധിക വരുമാനവും വന്നു ചേരും.
വിവിധ വലുപ്പത്തിലുള്ള ചിരട്ടകൾ ഡ്രമ്മുകളിൽ വേർതിരിച്ചു സൂക്ഷിക്കും. ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് തുളകൾ വീഴ്ത്തുമ്പോൾ പൊട്ടിപ്പോകാതെ കിട്ടണം. ചിരട്ടയുടെ കനം നോക്കി കൂടുതൽ യോജിച്ചവ തിരഞ്ഞെടുക്കും. തുളയ്ക്കാനും വ്യത്യസ്ത പ്രതലഭംഗികളിൽ പോളിഷ് ചെയ്തെടുക്കാനുമെല്ലാം ചെറു യന്ത്രങ്ങളുണ്ട്. വിവിധ രൂപങ്ങളിലുള്ള ലാംപുകൾക്കാണ് ആവശ്യക്കാരേറെയും. വിപണി മൂല്യം വർധിച്ചു വരുന്ന മറ്റൊന്ന് അകത്തളച്ചെടികൾ പരിപാലിക്കാവുന്ന പ്ലാന്റർ ബോക്സുകളാണ്. ചെറു കപ്പുകളിൽ നടീൽമിശ്രിതം നിറച്ച് ചെടി നട്ടശേഷം ചിരട്ടപ്പാത്രത്തിനുള്ളിൽ ഇറക്കി വയ്ക്കുന്നു.
യൂറോപ്പും യു.എസും ഉൾപ്പെടെയുള്ള വിദേശ വിപണിയിലേക്ക് ദയാലുവിന്റെ ലാംപുകളെത്തിക്കുന്നു കൊച്ചിയിലുള്ള സംരംഭകർ. ഒറ്റ വിദേശ ഒാർഡറിൽ മൂന്നര ലക്ഷം രൂപയുടെ ചിരട്ടയുൽപന്നങ്ങൾ ഇങ്ങനെ അയച്ചിട്ടുണ്ടെന്നു ദയാലു. ഉൽപന്നത്തിന്റെ തികവും മികവും തന്നെയാണ് ആവശ്യകത വർധിച്ചുവരുന്നതിന്റെ കാരണവും.
ചിരട്ടശിൽപരംഗത്തു മാത്രമല്ല ജ്വല്ലറികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പരസ്യ ചിത്രീകര ണങ്ങളിലെ സ്ൈറ്റലിസ്റ്റ് എന്ന നിലയിലും വിവിധ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളുടെ കലാസംവിധായകനായും ശ്രദ്ധേയനാണു ദയാലു. നൂൽ നൂൽക്കുന്ന ഗാന്ധിയും ഗണപതി ശിൽപവും ഉൾപ്പെടെ ചിരട്ടയിൽ ദയാലു തീർത്ത വിസ്മയങ്ങൾ പലതും ദേശീയ, സംസ്ഥാന തലങ്ങളിൽ പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
ഫോൺ: 9895646870