ADVERTISEMENT

ഹരിത കർമ്മസേന എന്ന വാക്കിന്റെ അർഥം പൊളിച്ചെഴുതുകയാണ് വടകരയുടെ 'ഹരിയാലി' പേരുകൊണ്ട്  മാത്രമല്ല പ്രവർത്തനം കൊണ്ടും കേരളത്തിലെ മറ്റു ഹരിതകർമ്മ സേനകളിൽ‌‌നിന്നും വ്യത്യസ്തമാവുകയാണ്. ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുന്ന ഒരു  ടീം തന്നെ ഇതിനു പിന്നിലുണ്ട്. ഒരു തദ്ദേശഭരണ സ്ഥാപനം എങ്ങനെയാണ് മാലിന്യനിർമ്മാർജനവുമായി  ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് സുസ്ഥിരമായ ഒരു വരുമാനമാർഗം ഉണ്ടാക്കിക്കൊടുത്തത് എന്നതിൻറെ മികവുറ്റ ഉദാഹരണമാണ് 'ഹരിയാലി'. മികച്ച വരുമാനം മാത്രമല്ല സമൂഹത്തിൽ മാന്യമായ സ്ഥാനവും നൽകി മാതൃകയായ ഇവിടെ ജീവനക്കാരുടെ എണ്ണം  52ൽനിന്ന് 64 ആയി ഉയർന്നിരിക്കുന്നു. ഒരു മാസം ശരാശരി 10000 രൂപയാണ് ഒരാളുടെ വരുമാനം.  ഹരിതകർമ്മസേന എന്ന ആശയം കേരളത്തിൽ എത്തുന്നതിനു മുമ്പേ കുടുംബശ്രീയെ ഉപയോഗിച്ച് വിജയകരമായി നടപ്പാക്കിയ ഹരിയാലിയിൽ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ പഠിക്കുന്നതിന് കേരളത്തിൻറെ  വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേരാണ് എത്തുന്നത്.  

വെറുതെയല്ല, ഇന്റർവ്യൂ കടക്കണം  

മാലിന്യം  ശേഖരിക്കാൻ പോകുന്ന ഹരിതകർമ്മസേനാംഗങ്ങളെ തിരഞ്ഞെടുത്തത് ഇൻർവ്യൂ വഴിയാണ് എന്നു പറയുമ്പോൾ തന്നെ കാര്യം നിസാരമല്ല എന്ന് മനസിലായില്ലേ. ഇൻറർവ്യൂ വെറുതെ പേരിനൊരു ചടങ്ങായിരുന്നില്ല, പകരം വ്യക്തികളുടെ കഴിവും ഈ മേഖലയോടുള്ള ആത്മാർഥതയും പരിശോധിച്ച് സമൂഹത്തിൽ ഒരു പൊതുബോധമുണ്ടാക്കാൻ സഹകരിക്കുന്നവരെ മാത്രം തിരഞ്ഞെടുക്കുകയായിരുന്നു. അതിന്റെ ഫലം  ഹരിയായിലിൽ പോയാൽ കാണാം. മാലിന്യസംസ്കരണത്തെക്കുറിച്ച്  ഇവിടെ ജോലി ചെയ്യുന്ന ഓരോരുത്തരും തികഞ്ഞ ഉത്തരവാദിത്വത്തോടെയായിരിക്കും സംസാരിക്കുക. 

തുടക്കത്തിൽ പരിശീലനം

ഇന്റർവ്യൂ കഴിഞ്ഞ് ഒരു മാസം പരിശീലനകാലമായിരുന്നു. സംഘാങ്ങൾക്ക് ആത്മവിശ്വാസം നൽകാനും വിവിധ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോവാനുമായിരുന്നു പരിശീലനം. കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാർ, ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, കൗൺസിലമാർ എന്നിങ്ങനെ  സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ടവർ ഇവർക്ക്  ക്ലാസുകളെടുത്തു. പരിസ്ഥിതി പ്രവർത്തനത്തെക്കുറിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാടുണ്ടാക്കാനും മാലിന്യസംസ്കരണത്തെക്കുറിച്ച് ഏങ്ങനെ പൊതുജനങ്ങളുമായി സംവദിക്കണം  എന്നും ഈ പരിശീലന പരിപാടിയിലൂടെ അവർക്ക് മനസിലാക്കാൻ കഴിഞ്ഞു. 

തിരുവനന്തപുരം ജില്ലാ കലക്ടറായിരുന്ന വാസുകി  മാലിന്യശേഖരണം സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കണമെന്നുള്ള ഉത്തരവ് ഈ സമയത്താണ് ഇറക്കിയത്. നഗരസഭാ ചെയർമാൻ ഹരിതകർമ്മ‌സേനാംഗങ്ങളെക്കുറിച്ച് പറയുകയും കുടുംബശ്രീയെക്കൂടി ഇതിലുൾപ്പെടുത്തണമെന്ന്  നിർദ്ദേശിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്  അവരെയും മാലിന്യ ശേഖരണത്തിലുൾപ്പെടുത്തി വീണ്ടും ഉത്തരവിറക്കിയത്.

മാറ്റിയെടുത്ത മനോഭാവം 

സ്വഭാവികമായും തുടക്കത്തിൽ എളുപ്പമായിരുന്നില്ല പ്രവർത്തനം. പരിഹാസവും അവഹേളനുമായിരുന്നു  മാലിന്യമെടുക്കാൻ ചെന്നവർക്ക് വീടുകളിൽനിന്നും കിട്ടിയത്. എന്നാലിന്ന്, ആ മനോഭാവം മാറിയിരിക്കുന്നു. എല്ലാവർക്കും പ്രിയപ്പെട്ടവരാണ് ഇന്ന് ഹരിതകർമ്മ സേനാംഗങ്ങൾ.

പ്രവർത്തനം ഇങ്ങനെ 

വീടുകൾ,  സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം ശേഖരിച്ച് വയ്ക്കേണ്ടതെങ്ങനെയെന്ന  ലഘുലേഖ വിതരണം ചെയ്തു. മാലിന്യം ശേഖരിച്ച് വയ്ക്കാൻ പ്രത്യേക കവറുകൾ നഗരസഭ കൊടുത്തില്ല പകരം അവരുടെ കൈയിലുള്ള പഴയ തുണികളോ മറ്റോ ഉപയോഗിച്ച്  സഞ്ചി നിർമിച്ച് അതിൽ തരം തിരിച്ച് നിക്ഷേപിക്കാനാണ് നിർദ്ദേശിച്ചത്.  പഴയ മാക്സികളുടെ അടിഭാഗം തയ്ച്ച് വലിയ സഞ്ചികളാക്കി മാറ്റി.  ‘മാക്സി ബാഗ്’ എന്ന പുതു  ആശയം ഉടലെടുക്കുന്നിതിങ്ങനെയാണ്. ബനിയനുകകൾ, പെറ്റിക്കോട്ടുകകൾ  തുടങ്ങിയവയെല്ലാം പിന്നീട് ബാഗുകളായി മാറി. എല്ലാ മാസവും എല്ലാത്തരം മാലിന്യങ്ങളും ഇവർ ശേഖരിക്കാറില്ല. പകരം ഏതൊക്കെ തരം മാലിന്യങ്ങളാണ് ഒരോ മാസവും ശേഖരിക്കേണ്ടത് എന്നതിന് ഒരു ചാർട്ടുണ്ട്. ഒരു വർഷത്തെ 6 മാസം ദൈർഘ്യമുള്ള രണ്ട് ഭാഗങ്ങളാക്കിയാണ് ചാർട്ട് തയ്യാറാക്കിയിരിക്കുന്നത്. ആറ് വ്യത്യസ്ത തരം സാധനങ്ങളായിരിക്കും ആദ്യത്തെ ആറ് മാസം ശേഖരിക്കുക. പിന്നിടത് അടുത്ത ആറ് മാസവും തുടരും. പ്ലാസ്റ്റിക്  സഞ്ചികളാണ് ഒരു മാസം ശേഖരിക്കുന്നതെങ്കിൽ അടുത്തമാസം  കടലാസുകളായിരിക്കും. അതിനടുത്ത മാസം പ്ലാസ്റ്റിക് കുപ്പികൾ. പിന്നെ  തുണികൾ... 

മുന്നൊരുക്കങ്ങൾ ആസൂത്രണങ്ങൾ 

hariyali
സംസ്കരിക്കുന്നതിനായി മാലിന്യം സൂക്ഷിച്ചിരിക്കുന്നു

ഓരോ വാർഡുകളിലേയും  വീടുകളെ  50 വീടുകൾ അടങ്ങുന്ന ക്ലസ്റ്ററാക്കി. ഓരോ ക്ലസ്റ്ററിനും ഒരു ക്ലസ്റ്റർ ലീഡറുമുണ്ടാകും. ക്ലസ്റ്റർ ലീഡറെ സഹായിക്കാൻ വാർഡ് കൺസിലർ,  ഗ്രീൻ വാർഡ് ലീഡർ എന്നിവരുണ്ട്. വീടുകളിൽനിന്നു ശേഖരിക്കുന്ന മാലിന്യങ്ങൾ വാർഡിൽത്തന്നെയുള്ള താൽകാലിക  മിനി എംസിഎഫിൽ സൂക്ഷിക്കും പിന്നീട്  അവിടെനിന്ന്  മുനിസിപ്പാലിറ്റിയുടെ നഗരമധ്യത്തിലുള്ള  എംആർഎഫിൽ എത്തിക്കും. 

ബദലുകൾ പിറക്കുന്ന വഴികൾ 

ഹരിതകർമ്മസേനാംഗങ്ങളുടെ വരുമാനം വർധിപ്പിക്കാൻ അച്ചാറും സ്ക്വാഷും നിർമിച്ച് പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ  ബദൽ ഉൽപന്നങ്ങളുടെയും  ദീർഘവീക്ഷണത്തോടെയുള്ള  സാധ്യതകളുടെയും വ്യത്യസ്ത വഴികളാണ്  'ഹരിയാലി' തുറന്നിടുന്നത്. ഹരിത കർമ്മസേനയിൽ പ്രവർത്തിക്കുന്നവരെ അവരുടെ കഴിവനും താൽപര്യത്തിനുമനുസരിച്ച് പല വിഭാഗങ്ങളായി തിരിച്ചാണ് ബദൽ ഉൽപന്ന നിർമാണ വിഭാഗം പ്രവർത്തിക്കുന്നത്. അഞ്ചു പേർ വീതമാണ്  ഈ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നത്. ഇവിടെ ജോലി ചെയ്യുന്നവർക്കെല്ലാം അതാതിടങ്ങളിൽനിന്നു തന്നെ വരുമാനം ലഭ്യമാകുന്നു എന്നത് തന്നെ ഇവരുടെ ഉദ്യമങ്ങൾ വിജയകരമായി മാറിയതിൻറെ തെളിവാണ്. 

  1. ഗ്രീൻ ഷോപ്പ്  - വിവിധതരം തുണി സഞ്ചി കളുൾപ്പെടയുള്ള പരിസ്ഥിതി സഹൃദ ഉൽപന്നങ്ങൾ നിർമിക്കുന്നു. 
  2. റിപ്പയർ ഷോപ്പ് – ഇ–വേസ്റ്റുകളിൽനിന്നു പുനരുപയോഗ സാധ്യതയുള്ളവയെ കണ്ടെത്തി  വീണ്ടും ഉപയുക്തമാക്കുന്നു. വടകര പോളിടെക്നിക്കിലെ വിദ്യാർഥികളാണ് ഹരിയാലിയിലെ അംഗങ്ങൾക്ക് റിപ്പയർ ചെയ്യാനാവശ്യമായ പരിശീലനം നൽകുന്നത്. 
  3. സ്വാപ്പ് ഷോപ്പ് – വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ വാങ്ങാനും വിൽക്കാനുമുള്ള ഇടം.
  4. റെന്റ് ഷോപ്പ്- ആഘോഷങ്ങൾക്കും മറ്റും ഡിസ്പോസിബിൾ പാത്രങ്ങൾക്ക് പകരം സ്റ്റീൽ പ്ലേറ്റ് , ഗ്ലാസ് എന്നിവ വാടകയ്ക്ക് കൊടുക്കുന്നു. 
  5. ക്ലീൻലൈൻസ് സെന്റർ - ജൈവമാലിന്യ  സംസ്കരണ ഉപകരണങ്ങളും അനുബന്ധസാധനങ്ങളും  വിൽക്കുന്നു. 

തീർന്നില്ല...

ഹരിതകർമ്മസേനയെ നാടിൻറെ വിവിധങ്ങളായ പരിസ്ഥിതി , ഊർജസംരക്ഷണ പ്രവർത്തനങ്ങൾക്കുതകും വിധം മാറ്റിയെടുക്കുകയാണ് ഇനി  ‘ഹരിയാലി ‘ ലക്ഷ്യമിടുന്നത്. 

ഗ്രീൻ ടെക്നോളജി സെൻറർ

വടകരയെ കാർബൺ ന്യൂട്രൽ മുനിസിപ്പാലിറ്റിയാക്കുകയാണ് ലക്ഷ്യം. മാലിന്യ സംസ്കരണരംഗത്തെ പരിശീലന പരിപാടികളും വിവിധ മാലിന്യസംസ്കരണ സംവിധാനങ്ങളും സംയോജിപ്പിച്ചതാണിത്. ഊർജസംരക്ഷണവുമായി ബന്ധപ്പെട്ട എനർജി ക്ലിനിക്കുകൾ, കാർഷിക മേഖലയിലെ ഇടപെടലിന് അഗ്രി ക്ലിനിക്, ജലസംരക്ഷണത്തിന് വാട്ടർ ക്ലിനിക്, ഉപയോഗശൂന്യമായ വസ്തുക്കളെ  പുനരുപയോഗിക്കാൻ കഴിയുന്ന അപ്-സൈക്ലിങ് ക്ലിനിക്  എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കോർത്തിണക്കിയ ഗ്രീൻ ടെക്നോളജി സെന്റർ ഈ വരുന്ന  മാർച്ചിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും എന്നാണ് കണക്കാക്കുന്നത്. 

കുടിനീരിനായും ഒരു സേന 

വേനൽക്കാലത്ത് വെള്ളം വറ്റിപ്പോകുന്ന സ്ഥലങ്ങൾ കണ്ടെത്തി ഒരു വരൾച്ചാ ഭൂപടം തയ്യാറാക്കും. അവിടങ്ങളിൽ മഴവെള്ള സംഭരണി. കിണർ റീച്ചാർജിംഗ്, ഗ്രൗണ്ട്  റീച്ചാർജിംഗ്   മുതലായവ ഉപയോഗപ്പെടുത്തും. ഹരിയാലിയിലെ 5 പേർക്ക് ഇതിനുള്ള സാങ്കേതിക പരിശീലനം നൽകും. കൂടാതെ  തൊഴിലുറപ്പ്  തൊഴിലാളികളെ കൂടി ഇതിൽ ഉൾപ്പെടുത്തും.

തരിശുരഹിത വാർഡുകൾ 

കാർഷിക മേഖലയിലൂടെ തരിശുരഹിത വാർഡുകൾ എന്ന ലക്ഷ്യം പൂർത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് 'ഹരിയാലി'. തിരഞ്ഞെടുത്ത 5 പേർക്ക് കാർഷിക മേഖലയുമായി ബന്ധപ്പെട്ട പരിശീലനം നൽകിക്കഴിഞ്ഞു. 

കരയിൽ മാത്രമല്ല പിടി

ഹരിതകർമ്മ സേനയുടെ പ്രവർത്തനം കരയിൽ മാത്രമൊതുങ്ങുന്നില്ല. മാലിന്യം അടിഞ്ഞുകൂടിയ കുളങ്ങൾ, തോടുകൾ, പുഴകൾ, എന്നിവിടങ്ങളിലെ ഖരമാലിന്യങ്ങൾ  വൃത്തിയാക്കുന്നുണ്ട്. ഇതിനായി ഹരിയാലിക്ക് സ്വന്തമായി ഒരു ബോട്ടുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com