ADVERTISEMENT

‘ഇവിടെ മാലിന്യം നിക്ഷേപിക്കരുത്’ എന്നൊരു ബോർഡ് ഇല്ലാതായിരിക്കുന്നു ഇന്നു പഴയന്നൂരിൽ. മാലിന്യം ഉപേക്ഷിക്കാൻ ഒളിച്ചും പാത്തും നടക്കേണ്ട കാര്യവുമില്ല പഴയന്നൂരുകാർക്ക്. ഓരോ ദിവസത്തെയും ജൈവമാലിന്യമത്രയും സംഭരിച്ച്, അന്നന്ന് സംസ്കരിച്ച്, സമ്പുഷ്ടീകരിച്ച് ഒന്നാന്തരം ജൈവവളമാക്കി കുറഞ്ഞ നിരക്കിൽ കർഷകർക്കു കൈമാറുന്നു പഴയന്നൂർ പഞ്ചായത്ത്. മാലിന്യസംസ്കരണ പ്ലാന്റിന്റെ പരിസരത്തോ, ഉള്ളിലോ തെല്ലും മണമില്ലാതെ, പരിസരവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കാതെ തികച്ചും മാതൃകാപരമായ പ്രവർത്തനം. 

തൃശൂർ ജില്ലയിലെ കാർഷികഗ്രാമമായ പഴയന്നൂരിലെ കൃഷിക്കാർ വാണിജ്യ പച്ചക്കറിക്കൃഷിക്കുൾപ്പെടെ പ്രയോജനപ്പെടുത്തുന്നതും ഈ ‘കൃഷിമിത്ര’ ജൈവവളം തന്നെ. 

ഇനോക്കുലം ചേർത്ത്, തുമ്പൂർമുഴി രീതിയിൽ സംസ്കരിച്ച് സ്യൂഡോമോണാസ് ചേർത്ത് ഗുണമേന്മ വർധിപ്പിച്ച ജൈവവളം വാങ്ങാൻ കർഷകരുടെ തിരക്കാണ് പഞ്ചായത്തിൽ. ഹരിത കേരള മിഷൻ പദ്ധതിയുടെ ഭാഗമായി 2017–’18 വർഷം തുടങ്ങിയ മാലിന്യസംസ്കരണ യൂണിറ്റിൽനിന്ന് ഇതുവരെ വിറ്റഴിച്ചത് 30 ടണ്ണിനടുത്ത് ജൈവവളം. മാലിന്യത്തെക്കുറിച്ച് മൂക്കുപൊത്തി സംസാരിക്കുന്ന മറ്റു നാട്ടുകാർക്കു മുന്നിൽ ആശ്വാസത്തോടെ ശ്വാസമെടുത്ത് പഴയന്നൂർ മാതൃകയാവുന്നത് എങ്ങനെയെന്നു നോക്കാം.

waste-management
പഴയന്നൂർ മാലിന്യസംസ്കരണ കേന്ദ്രം

ക്ലീൻ, ഗ്രീൻ 

പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, കർഷകർ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, ഹരിത കർമസേന എന്നിവരെല്ലാം ഉൾക്കൊള്ളുന്ന ക്ലീൻ പഴയന്നൂർ ഗ്രീൻ പഴയന്നൂർ എന്ന സൊസൈറ്റിയുടെ രൂപീകരണമാണ് മാലിന്യസംസ്കരണ പദ്ധതിയിൽ നിർണായകമായതെന്ന് പഞ്ചായത്ത് പറയുന്നു. എല്ലാ തലങ്ങളിലുമുള്ള ബോധവൽക്കരണം എളുപ്പമായി മാറി സൊസൈറ്റി രൂപീകരണത്തിലൂടെ.

പഞ്ചായത്തിലെ ചെറു ടൗണുകളിലുള്ള ഹോട്ടലുകളിൽനിന്നും കടകളിൽനിന്നും സംഭരിക്കുന്ന ജൈവ–അജൈവ മാലിന്യങ്ങൾ രണ്ടേക്കർ വരുന്ന സ്ഥലത്ത് കുന്നുകൂട്ടിയിടുന്ന രീതിയായിരുന്നു മുൻപു പഴയന്നൂരിലും. മാലിന്യ സംസ്കരണം ശാസ്ത്രീയമാക്കാൻ തീരുമാനിച്ചതോടെ വീടുകളിലെ മാലിന്യം അതത് വീടുകളിൽത്തന്നെ സംസ്കരിക്കാൻ പോർട്ടബിൾ ബയോഗ്യാസ് യൂണിറ്റ് പോലുള്ള സൗകര്യങ്ങൾ ഒരുക്കി. ടൗണിലെ കടകളിൽനിന്നുള്ള മാലിന്യങ്ങൾ ജൈവം, അജൈവം എന്നിങ്ങനെ തരംതിരിച്ചു സൂക്ഷിക്കാൻ കടയുടമകൾക്കും നിർദേശം നൽകി.

ദിവസവും രാവിലെ പഞ്ചായത്തിന്റെ ട്രാക്ടർ ടൗണുകളിലെ കടകളിലെത്തും. ആദ്യഘട്ടത്തിൽ പച്ചക്കറി അവശിഷ്ടങ്ങൾ, ഭക്ഷ്യാവശിഷ്ടങ്ങൾ എന്നിവ ഉൾപ്പെടുന്ന ജൈവമാലിന്യങ്ങൾ സംഭരിച്ചു നേരെ പ്ലാന്റിലേക്ക്. രണ്ടാം വരവിൽ പ്ലാസ്റ്റിക് ഉൾപ്പെടുന്ന അജൈവ മാലിന്യങ്ങൾ സംഭരിക്കും. അജൈവ മാലിന്യങ്ങൾ തരംതിരിച്ച് വൃത്തിയാക്കി പഴയന്നൂർ ബ്ലോക് പഞ്ചായത്തിന്റെ കീഴിലുള്ള ഷ്റെഡർ യൂണിറ്റിലേക്ക് അയയ്ക്കുന്നു. ജൈവമാലിന്യങ്ങൾ വളമാക്കി മാറ്റുന്നു.

തുമ്പൂർമുഴി മോഡൽ

പ്ലാന്റിലെത്തിക്കുന്ന പഴം–പച്ചക്കറി–ഭക്ഷ്യാവാശിഷ്ടങ്ങൾ ഇനോക്കുലം ചേർത്ത് ഇളക്കുന്നതാണ് ആദ്യ ഘട്ടം. ജൈവമാലിന്യങ്ങൾ വിഘടിപ്പിച്ച് വളമാക്കാൻ കഴിയുന്ന സൂക്ഷ്മാണു കൂട്ടായ്മയാണ് കമ്പോസ്റ്റിങ് ഇനോക്കുലം. മുണ്ടൂർ ഐആർസിടിസിയിൽ നിന്നെത്തിക്കുന്ന, ചകിരിച്ചോറിൽ കലർത്തിയ ഇനോക്കുലമാണ് ഇതിനായി ഉപയോഗിക്കുന്നത്. ജൈവാവശിഷ്ടങ്ങളിലെ ഈർപ്പം വലിച്ചെടുക്കാൻ ചകിരിച്ചോർ സഹായിക്കും. ഇങ്ങനെ ഇനോക്കുലം കൂട്ടിയിളക്കിയ മാലിന്യം ഷ്റെഡർ യൂണിറ്റിൽ നുറുക്കിയെടുക്കുന്നു അടുത്ത ഘട്ടത്തിൽ. 

അടുത്തതായി, ഈ ജൈവമാലിന്യം തുമ്പൂർമുഴി അഴിക്കൂടുകളിൽ നിക്ഷേപിക്കുന്നു. തുറന്ന വേലിക്കൂടുകളിൽ വായു സമ്പർക്കത്തോടെ നടക്കുന്ന എയ്റോബിക് കമ്പോസ്റ്റിങ് രീതിയാണ് തുമ്പൂർമുഴി. (വളരെ വലിയ അളവിൽ ജൈവമാലിന്യം സംസ്കരിക്കേണ്ടി വരുന്ന പലയിടങ്ങളിലും വിൻഡ്റോ കമ്പോസ്റ്റിങ് രീതി അവലംബിക്കാറുണ്ട്. അതും എയ്റോബിക് രീതി തന്നെ. വാരങ്ങളായി കൂട്ടിയിട്ട് നിശ്ചിത ഇടവേളകളിൽ മാലിന്യം ഇളക്കിക്കൊടുക്കണം ഈ രീതിയിലുള്ള കമ്പോസ്റ്റിങ്ങിന്. എന്നാൽ ഈ മാർഗം അവലംബിക്കുന്ന മിക്കയിടങ്ങളിലും ഇളക്കലിൽ വരുന്ന പോരായ്മ മൂലം ദുർഗന്ധം നിറയുന്ന സ്ഥിതിയുണ്ട്). പ്രതിദിനം 400–450 കിലോ ജൈവവാശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്ന പഴയന്നൂർ സൗകര്യപ്രദമായി കണ്ടത് തുമ്പൂർമുഴി മാതൃകയാണ്.

കാർഷിക സർവകലാശാലയുടെ തുമ്പൂർമുഴിയിലുള്ള കാലിവളർത്തൽകേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത ഈ കമ്പോസ്റ്റിങ് രീതിയുടെ ഏറ്റവും പ്രധാന മെച്ചം ദുർഗന്ധരഹിത മാർഗമാണിത് എന്നതുതന്നെ. ഫെറോ സിമന്റ്കൊണ്ടു നിർമിച്ച അഴികൾ നിശ്ചിത അകലത്തിൽ ക്രമീകരിച്ചു തയാറാക്കുന്ന ഈ വേലിക്കൂടിനുള്ളിൽ ഏതാണ്ട് ഒരു മാസം കൊണ്ടുതന്നെ മാലിന്യം പൊടിഞ്ഞ് ജൈവവളമായി മാറും. അഴികൾക്കിടയിലൂടെയുള്ള വിടവുകൾ വായുസഞ്ചാരമാർഗമായി മാറും. ഇത്തരത്തിൽ ഒന്നിൽ ഒരു ടൺ മാലിന്യം നിക്ഷേപിക്കാവുന്ന 10 ടാങ്കുകളാണ് പഴയന്നൂരിലെ പ്ലാന്റിൽ പ്രവർത്തനക്ഷമമായുള്ളത്.

ഇനോക്കുലം ചേർത്ത മാലിന്യം അടുക്കുകളായാണ് തുമ്പൂർമുഴി ടാങ്കിൽ നിക്ഷേപിക്കുക. നിശ്ചിത ഇടവേളകളിൽ ഇളക്കിക്കൊടുക്കുകയും വേണം. മാലിന്യം ജൈവവളമായി മാറിക്കഴിഞ്ഞാൽ അടുത്ത പടിയായി അത് യന്ത്രസഹായത്തോടെ അരിച്ചെടുക്കുന്നു. പുട്ടുപൊടി പരുവത്തിൽ ലഭിക്കുന്ന ഈ ജൈവവളത്തിനു തെല്ലുമില്ല ദുർഗന്ധം. തുടർന്ന്, സ്യൂഡോമോണാസ് ജീവാണുമിശ്രിതം ചേർത്ത് സമ്പുഷ്ടീകരിച്ച ശേഷം പായ്ക്കിങ്.

പത്ത്, ഇരുപത്തഞ്ച് കിലോ പായ്ക്കുകളാക്കി കിലോ പത്തു രൂപ നിരക്കിലാണ് ജൈവവള വിതരണം. കാർഷികമേഖലയായ പഴയന്നൂരിലെ കർഷകർക്കിടയിൽ വളത്തിനു ലഭിക്കുന്നത് മികച്ച സ്വീകാര്യത. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പദ്ധതികളിൽപെടുത്തി സബ്സിഡി നിരക്കിലും കൃഷിമിത്ര ജൈവവളം കർഷകർക്കു നൽകാൻ കഴിയുന്നുവെന്ന് പഞ്ചായത്ത് അധികൃതൽ. ജൈവവാശിഷ്ടങ്ങൾ ചീഞ്ഞളിഞ്ഞു ദുർഗന്ധം വമിക്കുന്ന പല ഗ്രാമ–നഗരങ്ങൾക്കും പഴയന്നൂർ മാതൃക പിൻപറ്റാവുന്നതേയുള്ളൂ. പൊതുസമൂഹത്തിനു മാത്രമല്ല സാധാരണക്കാരായ കർഷകർക്കുമതു നേട്ടമാകും.

ഫോൺ: 9496046060 (പഞ്ചായത്ത് പ്രസിഡന്റ്)

English summary: Waste Management Practices of Pazhayannoor Village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com