പകരം വയ്ക്കാൻ ഒന്നുമില്ല എന്നു കരുതിയിരുന്ന സ്ട്രോയ്ക്ക് വരെ പകരം നിൽക്കാൻ പുതിയ ഉൽപന്നങ്ങൾ വന്നു. ഒന്നും രണ്ടുമല്ല ഒട്ടേറെ. തൂണിലും തുരുമ്പിലും എന്നൊക്കെ പറയുന്നതു പോലെ പുല്ലിലും കടലാസിലും വരെ സ്ട്രോകളുണ്ടായി.
കേരളത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിക്കുന്നതിന് മുൻപു തന്നെ സ്ട്രോയ്ക്ക് പകരം വയ്ക്കാനുള്ള ഉൽപന്നം തേടിയതാണ് എംജി സർവകലാശാലയിലെ രണ്ടാം വർഷ എൻവയോൺമെന്റൽ സയൻസ് വിദ്യാർഥിയായ ഷിജോ ജോയ്. അതും തികച്ചും പ്രകൃതിദത്തം. കാരണം വളരെ ലളിതം, പ്രകൃതി സ്നേഹം തന്നെ. സ്ട്രോ നിർമാണത്തിന് ഷിജോ തിരഞ്ഞെടുത്തത് പാഴ്ച്ചെടിയായി പരിഗണക്കപ്പെടുന്ന പോത്തയെയാണ്. പലപ്പോഴും അതിന്റെ തണ്ടുകൾ കൂട്ടിയിട്ട് കത്തിക്കുന്നത് കണ്ടതിൽനിന്നാണ് അത് ഉപയോഗപ്രദമാക്കാനുള്ള ആശയത്തിന്റെ തുടക്കം.
എന്തുകൊണ്ട് മറ്റൊന്നും ഉപയോഗിക്കാൻ തോന്നിയില്ല എന്ന ചോദ്യത്തിന് ഷിജോയുടെ കൈയ്യിൽ വ്യക്തമായ മറുപടിയുണ്ട്. മുള കൊണ്ടുള്ള സ്ട്രോ നിർമാണം ഒരു പരിധി കഴിഞ്ഞാൽ മുളയ്ക്കു തന്നെ അപകടം വരുത്തും. അതുതന്നെയാണ് കടലാസ് സ്ട്രോകളുടെയും അവസ്ഥ. അതൊരിക്കലും പ്രകൃതി സൗഹൃദമാകില്ലല്ലോ.
നിർമാണം
പോത്തയുടെ തണ്ടാണ് നിർമാണത്തിന് ഉപയോഗിച്ചത്. വളരെ ലളിതമാണ് ഇതിന്റെ നിർമാണം. പോത്തയുടെ തണ്ട് സ്ട്രോയുടെ വലുപ്പത്തിൽ മുറിച്ച് തണ്ടിനുള്ളിലെ മൃദുവായ ഭാഗം മാറ്റി കഴുകിയതിനു ശേഷം തിളപ്പിക്കും. ഈ പ്രക്രിയ ഷിജോ തന്റെ ലാബിലെ ഓട്ടോക്ലേവ് എന്ന ഉപകരണത്തിലാണ് ചെയ്തത്. അതിൽ 121 ഡിഗ്രി സെൽഷ്യസിൽ ഒരു മണിക്കൂർ നേരം തിളപ്പിച്ചു. അതിനു ശേഷം വെയിലത്ത് ഉണക്കിയെടുത്തു. കീടാണുക്കളെ ചെറുക്കാൻ ഇത്തരം പ്രക്രിയകളിലൂടെ കഴിയും. നന്നായി സൂക്ഷിച്ചാൽ 8 മാസത്തിൽ കൂടുതൽ ഈ പ്രകൃതിദത്ത സ്ട്രോയ്ക്ക് കാലാവധിയുണ്ടെന്ന് ഷിജോ പറയുന്നു.
ഷിജോയുടെ ഈ പ്രകൃതിസൗഹൃദ സ്ട്രോ നിർമാണത്തിന് പിന്തുണയുമായി കൂടെയുള്ളത് യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസർ സൈലസാണ്. സുഹൃത്തുക്കളായ അജിത്ത്, അഭിജിത്ത് എന്നിവരെക്കൂടി പങ്കാളിക്കളാക്കി ഒരു സ്റ്റാർട്ടപ്പ് തുടങ്ങാനാണ് ഷിജോ ആഗ്രഹിക്കുന്നത്. കോളജിലെ ഒരു പ്രദർശനത്തിനു വച്ച സ്ട്രോയെക്കുറിച്ചറിയാൻ വിദേശികളടക്കമുള്ളവർ ഇപ്പോഴും ഷിജോയെ സമീപിക്കാറുണ്ട്.
ട്രാൻ മിൻ ടെൻ എന്ന വിയറ്റ്നാമീസ് യുവാവ് വിയറ്റ്നാമിലെ പ്ലാസ്റ്റിക് മലിനീകരണത്തിന് താൽകാലിക പരിഹാരം കണ്ടെത്തിയത് അവിടെ വളരുന്ന ഒരു പുൽചെടിയുടെ തണ്ടിനെ സ്ട്രോ ആക്കി മാറ്റിക്കൊണ്ടായിരുന്നു. കോ ബാഗ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഡൽറ്റാ പ്രദേശത്ത് വളരുന്ന പുൽച്ചെടിയിൽനിന്നാണ് സ്ട്രോകൾ നിർമിക്കപ്പെട്ടിരിക്കുന്നത്. ഈ പുല്ലിന്റെ അകം പൊള്ളയാണ്. ഇത് വൃത്തിയാക്കിശേഷമാണ് ഉപയോഗിക്കുക.
ഒരിനം പുല്ലിൽ നിന്ന് മികച്ച സ്ട്രോ ഉണ്ടാക്കിയതാണ് ‘അവർ റൂട്ട്സ്’ എന്ന ഉഗാണ്ടൻ സ്ഥാപനം ലോകശ്രദ്ധ പിടിച്ചു പറ്റിയത്. ഈ പുല്ലിന്റെ തണ്ടുപയോഗിച്ചാണ് മുൻതലമുറയിലുള്ളവർ അവരുടെ ഒരു പ്രാദേശിക പാനീയം കുടിച്ചിരുന്നത്. ഈ അറിവാണ് പിന്നീടിതിനെ സ്ട്രോ ആക്കി മാറ്റാൻ ഇവിടത്തെ പുതു തലമുറയ്ക്ക് പ്രചോദനമായത്. ഇതിനെ മികച്ച സംരംഭകമാക്കി മാറ്റാൻ കഴിഞ്ഞു എന്നതാണ് ശ്രദ്ധേയമായ കാര്യം.
English summary: Best Alternative to plastic straws