ADVERTISEMENT

പാളയെ ഏങ്ങനെ പ്രയോജനപ്പെടുത്താം എന്നു ചിന്തിച്ചാൽ ആദ്യം മനസിലെത്തുക പാളപ്പാത്രങ്ങളായിരിക്കും. എന്നാൽ അതിൽനിന്നു വ്യത്യസ്തമായി പാളയിൽ ചിത്രരചന നടത്തുകയാണ് കാസർകോട് മുന്നാട് സ്വദേശിയായ രാഘവൻ നായർ. കവുങ്ങ് കൃഷിയുള്ള രാഘവൻ നീരിക്ഷിച്ചത് പാളയുടെ  ഭംഗിയും അതിലൊളിഞ്ഞിരിക്കുന്ന പല രൂപങ്ങളുമാണ്. സ്കൂളിൽ പഠിക്കുന്ന മോൾക്ക് ഒരിക്കൽ പാളകൊണ്ട് പൂക്കൾ നിർമ്മിക്കേണ്ട ആവശ്യം വന്നതാണ് പാളകൊണ്ട് പൂക്കൾ നിർമിക്കാൻ രാഘവന് വഴിത്തിരിവായത്. പാള കൊണ്ടുള്ള പൂക്കൾ നിർമാണം ബുദ്ധിമുട്ടാണ്. അപ്പോഴാണ് അതിനു ബദലായി മറ്റൊരു രീതി ചിന്തിച്ചത്. അത് പാളച്ചിത്രങ്ങൾ നിർമിക്കുന്നതിലേക്ക് വഴിതെളിച്ചു. 

പാളയിലെ ചിത്രരചന  

ചിത്രരചനയോടുള്ള താൽപര്യം പാളയിൽ പ്രകടമായി. പ്രകൃതിദൃശ്യങ്ങളും അതിനോടുള്ള താൽപര്യവും പാളയിൽ ചിത്രങ്ങൾ കോറിയിടാൻ രാഘവനെ പ്രേരിപ്പിച്ചു. ഒരു ദിവസം മുതൽ മൂന്നു ദിവസം വരെ സമയമെടുത്താണ് പാളയിലെ ചിത്രരചന. കൂടുതൽ കാലം നിലനിൽക്കും എന്നതിനാൽ ചിത്രങ്ങൾ ഫ്രയിം ചെയ്യാറുണ്ട്. പക്ഷേ പൊതുവിൽ പ്രിയം ഫ്രയിം ചെയ്യാത്ത ചിത്രങ്ങൾക്കാണ്. ഇതുവരെ 500ലധികം ചിത്രങ്ങൾ ചെയതുകഴിഞ്ഞു. 

rakhavan-3

പാളയിൽ രൂപങ്ങൾ കൊത്തിയെടുത്ത് ചാർട്ട് പേപ്പറിൽ ഒട്ടിക്കുകയാണ് ചെയ്യുക. ചാർട്ടിനു പകരം  പാള പ്രതലവും പിന്നീട് ഉപയോഗിക്കാൻ തുടങ്ങി. പാളയിൽ തന്നെ രൂപങ്ങൾ വെട്ടി ഒട്ടിച്ചുണ്ടാക്കുന്ന ചിത്രങ്ങൾ പാളയുടെ സ്വഭാവിക ഭംഗി നിലനിർത്തി ചിത്രത്തെ കൂടുതൽ മിഴിവുറ്റതാക്കുന്നു. ആദ്യം പച്ചപ്പാളയിൽ ആവശ്യമുള്ള രൂപങ്ങൾ മുറിച്ചെടുത്ത് ഭാരമുള്ള പ്രതലത്തിനടിയിൽവച്ച് ഉണക്കി, നിവർത്തിയെടുക്കും. പിന്നീട് പശ ഉപയോഗിച്ച് ഒട്ടിക്കുന്നു. വാർണിഷ് ചെയ്ത ചിത്രങ്ങൾ കുറെക്കാലം നീണ്ടു നിൽക്കും.

രാഘവൻ നായരുടെ ചിത്രരചന കണ്ട് പലരും പ്രോത്സാഹനവുമായെത്തി. അതിനിടെ ഒരു കോളജിലെ കാർഷികമേളയിലും നാട്ടിലെ കലാമേളയിലും പങ്കെടുത്തു. കൃഷി വകുപ്പ് ഇതു ശ്രദ്ധിക്കുകയും ഇതിനെ മൂല്യവർധിത ഉൽപന്നമായി പരിഗണിച്ച് തിരുവന്തപുരത്തു നടന്ന വൈഗ മേളയിൽ പ്രദർശനത്തിന് അവസരം നൽകുകയും ചെയ്തു. അതിനുശേഷമാണ് പാളയിലെ ചിത്രരചന സ്ഥിരമായി വിപണനാടിസ്ഥാനത്തിൽ ചെയ്തു തുടങ്ങിയത്.

ചുവരിൽ തൂക്കിയിടാനുള്ള ചിത്രങ്ങൾ, വിശറികൾ, വീട്ടിൽ അരി മുതലായ ഉൽപന്നങ്ങൾ സൂക്ഷിക്കുന്നതിനുള്ള പാത്രങ്ങൾ മുതലായവ നിർമിക്കുന്ന രാഘവൻ വളം ഡിപ്പോ നടത്തുകയാണ്. അതിനോട ചേർന്നാണ് കരകൗശല വസ്തുക്കളുടെ വിൽപന. 

rakhavan-1

സാധ്യതയുണ്ട് 

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ചതിനാൽ പാളയിൽ വൻ സാധ്യതയാണ് രാഘവൻ കാണുന്നത്. വീട്ടിൽ നിത്യോപയോഗത്തിനുള്ള പാത്രങ്ങൾ പലതും പാളകൊണ്ട് നിർമിക്കാം. പച്ചക്കറി, അരി മുതലായവ പാള കൊണ്ടുള്ള വലിയ പാത്രങ്ങളിലാണ് മുൻകാലങ്ങളിൽ സൂക്ഷിച്ചിരുന്നത്. പാളത്തൊപ്പിക്ക് 10 വർഷം വരെ ഈടുനിൽക്കാറുണ്ട്. തെയ്യക്കോലങ്ങളു പാളകൊണ്ട് നിർമിക്കാറുണ്ട്. കുറെക്കാലം അത് നിലനിൽക്കാറുണ്ട്. സാധാരണ രീതിയിൽ നന്നായി സംരക്ഷിച്ചാൽ തന്നെ 10 വർഷം വരെ നിൽക്കാൻ ശേഷിയുള്ള പാളയെ വാർണിഷ് ചെയ്താൽ 25 വർഷം വരെ ഉപയോഗിക്കാൻ കഴിയുമെന്ന് രാഘവൻ പറയുന്നു.

ഫോൺ: 9446948757

English summary: Arecanut Leaf Craft

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com