ADVERTISEMENT

എത്ര ഞെക്കിയാലും ഞെരിച്ചാലും ഇനി ഒരു തരിപോലും തരില്ല എന്ന വാശിയിലെത്തിയ ടൂത്ത് പെയ്സ്റ്റ് ട്യൂബുമായി നിരാശയോടെ നിന്ന ചില പ്രഭാതങ്ങൾ എപ്പോഴെങ്കിലും നിങ്ങൾ നേരിട്ടിട്ടുണ്ടാവുമല്ലോ. ഉമിക്കരിയോ മാവിലയോ  ഉപയോഗിച്ച് പല്ലുതേച്ചിരുന്നവരുടെ പിൻതലമുറ ടൂത്ത് പേസ്റ്റില്ലെങ്കിൽ തോറ്റുപോകുന്ന സ്ഥിതി. ആരെങ്കിലും പ്രേമിക്കണമെങ്കിൽ, ആത്മവിശ്വാസം ലഭിക്കണമെങ്കിലൊക്കെ പ്രത്യേക കമ്പനിയുടെ ടൂത്ത് പെയ്സ്റ്റുകൊണ്ട് പല്ലുതേച്ചു പുറത്തിറങ്ങണം എന്ന പരസ്യം കണ്ടു വളർന്നവര്‍ പിന്നെന്തു ചെയ്യും അല്ലേ?

ഇങ്ങനെ ടൂത്ത് പെയ്സ്റ്റ് ഉപയോഗിച്ചു വളർന്ന തലമുറയുടെ പ്രതിനിധി തന്നെയാണ് കണ്ണൂർ അഴീക്കേട് സ്വദേശി സിജേഷും. പക്ഷേ സിജേഷ്  ഇന്ന് നാട്ടുകാർക്കു പല്ലു തേയ്ക്കാൻ നല്ല ഉമിക്കരി വിപണിയിലെത്തിക്കുന്നു. ഉപേക്ഷിക്കപ്പെട്ട രണ്ടു കാര്യങ്ങൾ ഉൾച്ചേർന്നിരിക്കുന്നു സിജേഷിന്റെ സംരംഭത്തിൽ. ആദ്യത്തേത് ഉമിക്കരി ഉപയോഗിച്ച് പല്ലു തേയ്ക്കുന്ന ശീലം. രണ്ടാമത്തേത് ഉമി. 

നെല്ലു കുത്തുമ്പോൾ ബാക്കിയാവുന്ന തവിട് പശുവിനും പന്നിക്കുമൊക്കെ ആഹാരമാക്കാറുണ്ടെ ങ്കിലും  ഉമി പാഴ്‌വസ്തുതന്നെ. ഉമിക്കരികൊണ്ടുള്ള പല്ലുതേപ്പ് തീർത്തും ഇല്ലാതായതോടെ അതിനു പോലും ഉമി വേണ്ടാതായി. ഇന്നിപ്പോൾ ഗ്രോബാഗിലേക്കുള്ള നടീൽമിശ്രിതത്തിൽ വേരോട്ടം വർധിപ്പിക്കാൻ  മണലിനു പകരം ഉമി ചിലരൊക്കെ ഉപയോഗിക്കുന്നുണ്ട്. നെല്ലു കുത്തി അരിയാക്കുന്ന വൻകിട ഉൽപാദകർ ബോയിലർ പ്രവർത്തിപ്പിക്കാനും ഒട്ടൊക്കെ ഉപയോഗിക്കും. ഏതായാലും കാര്യമായ പ്രയോജനമൊന്നമില്ലാതെ പാഴായിപ്പോകുന്ന ഉമിയിൽനിന്ന് ഒരു പങ്കെടുത്ത് പഴയൊരു ശീലത്തെ തിരികെക്കൊണ്ടു വരുന്നു സിജേഷ്.

ഉമിക്കരി തേടി

മെഡിക്കൽഷോപ്പു ജീവനക്കാരനായിരുന്ന സിജേഷ് ഇടയ്ക്കൊരു മൂന്നു വർഷം ഗൾഫിൽ ജോലി ചെയ്തിരുന്നു. സാമ്പത്തികമായി മെച്ചമായിരുന്നെങ്കിലും നാടുതന്നെ സുഖം എന്നു കണ്ട് പിന്നീടു  മടങ്ങുകയായിരുന്നു. ഏറിയ കാലംകൂടി നാട്ടിലെത്തിയപ്പോൾ തോന്നിയ ഒരു മോഹം; കുട്ടിക്കാലത്തേതുപോലെ ഉമിക്കരികൊണ്ടൊന്നു പല്ലു തേയ്ക്കണം. ആ മോഹമാണ് സിജേഷിനെ നാടറിയുന്ന സംരംഭകനാക്കിയത്. വിപണിയിൽനിന്ന് അന്നു വാങ്ങിയ ഉമിക്കരി പക്ഷേ സിജേഷിനു ബോധിച്ചില്ല. അതിൽ ഉമിയില്ല കരി മാത്രം. ഏതായാലും സമീപത്തെ മില്ലുകളിൽനിന്ന് അൽപം ഉമി ഒപ്പിച്ച് അതു കരിച്ച് അതിലൽപം ഉപ്പും കുരുമുളകും ഗ്രാമ്പുവും ചേർത്തു പല്ലുതേച്ചപ്പോൾ പണ്ടത്തെക്കാൾ രസം. 

സ്വന്തം ആവശ്യത്തിനു തയാറാക്കിയ ഉമിക്കരിയിലൊരു പങ്ക് ചെറിയ ബോട്ടിലിലാക്കി കണ്ണൂരിലെ ജൈവകൃഷി കൂട്ടായ്മയുടെ നാട്ടുചന്തയിൽ വച്ചപ്പോൾ നല്ല ചെലവ്. അതോടെയാണ് പ്രഫഷനൽ മികവോടെ ഉമിക്കരിക്കച്ചവടം തുടങ്ങാൻ നാലു കൊല്ലം മുൻപ് സിജേഷ് തീരുമാനിക്കുന്നത്. വ്യവസായ വകുപ്പിന്റെ റജിസ്ട്രേഷനോടെ, മുദ്രാവായ്പയുടെ ബലത്തിൽ തുടങ്ങിയ യൂണിറ്റിൽ ഉമി കരിക്കുന്നത് പഴയമട്ടിൽ ഇരുമ്പുചട്ടിയിൽത്തന്നെ. കുരുമുളകും ഗ്രാമ്പുവും പൊടിക്കാൻ യന്ത്ര സൗകര്യമുണ്ട്.

ഉമിക്കരിക്കായി ഉമി കിട്ടാനുള്ള കഷ്ടപ്പാടു ചെറുതായിരുന്നില്ലെന്നു സിജേഷ്. നെൽകൃഷി കുറഞ്ഞതോടെ നെല്ലുകുത്തും ഇല്ലാതായല്ലോ. പിന്നെയുള്ള ആശ്രയം കാലടിയിലും പെരുമ്പാവൂരുമൊക്കെയുള്ള വൻകിട അരിഫാക്ടറികൾ ആയിരുന്നു. അങ്ങനെ അവിടെനിന്ന് ഉമി വാങ്ങി വണ്ടി വിളിച്ച് അഴീക്കോടെത്തിച്ച് ഉമിക്കരിയുൽപാദനം തുടങ്ങി. 

കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങൾക്കിടയിൽ നെൽകൃഷിക്കുണ്ടായ ഉണർവ് പക്ഷേ സിജേഷിനു ഗുണമായി. കണ്ണൂരിലെ മയ്യിൽ റൈസ് ഉൾപ്പടെയുള്ള ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ നെൽ കൃഷിക്കും നെല്ലുകുത്തിനുമെല്ലാം പ്രോത്സാഹനം നൽകിത്തുടങ്ങിയതോടെ പ്രാദേശികമായിത്തന്നെ ഉമികിട്ടുന്ന സ്ഥിതി വന്നു. 

നിലവിൽ സിജേഷിന്റെ ‘ശാന്തീസ് ഉമിക്കരി’ക്ക് കണ്ണൂരും സമീപ ജില്ലകളിലുമെല്ലാം ആവശ്യക്കാരുണ്ട്. സ്വന്തം മെഡിക്കൽ ഷോപ്പുള്ള സിജേഷ് മുഖ്യമായും മെഡിക്കൽ ഷോപ്പുകൾ വഴിയാണ് ഉൽപന്നം ഉപഭോക്താക്കളിലെത്തിക്കുന്നത്.  സംരംഭത്തിനായി എടുത്ത മുദ്ര വായ്പ കൃത്യമായി തിരിച്ചടച്ചവരെ പ്രധാനമന്ത്രി നേരിട്ട് അനുമോദിച്ചപ്പോൾ അതിനും അർഹനായി സിജേഷ്.

മലയാളികൾ മൊത്തം ഉമിക്കരികൊണ്ടു പല്ലുതേയ്ക്കുന്ന ഉമിക്കരിക്കാലം തിരികെ വരുമെന്നൊന്നും സിജേഷ് പ്രതീക്ഷിക്കുന്നില്ല. എന്നാൽ നാലു കോടിക്കടുത്തുള്ള മലയാളികളിൽ ചെറിയ ശതമാനമെങ്കിലും കൈവെള്ളയിലെടുത്ത ഉമിക്കരിയിൽ ടൂത്ത് ബ്രഷ് തൊട്ട് പല്ലുതേയ്ക്കുന്ന ശീലത്തിലേക്കു വരുന്നു എന്നതിൽ സന്തോഷമുണ്ട്.

ഫോൺ: 9567711688    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com