ADVERTISEMENT

കോര്‍പറേഷനെയോ പരിസരവാസികളെയോ തെല്ലും ബുദ്ധിമുട്ടിക്കാതെ നഗരമധ്യത്തില്‍ താമസിക്കുന്ന 70 കുടുംബങ്ങള്‍ അവരുടെ ഗാര്‍ഹികാവശിഷ്ടങ്ങള്‍ മുഴുവനും സംസ്കരിച്ച് ജൈവവളമാക്കി മാറ്റുന്നു. തിരുവനന്തപുരം വഴയിലയിലുള്ള എസ്എഫ്എസ് അവന്യൂ എന്ന ഫ്ളാറ്റിലാണ് ഈ മാതൃകാസംരംഭം. അടുക്കള അവശിഷ്ടങ്ങള്‍ മാത്രമല്ല, ഫ്‌ളാറ്റിന്റെ മുന്നിലുള്ള പൂന്തോട്ടത്തിലെ കരിയിലയും കളകളും പോലും കൃത്യമായി തരംതിരിച്ച് കംപോസ്റ്റാക്കുന്നുണ്ട് ഈ കുടുംബ കൂട്ടായ്മ.

waste-management-1
കംപോസ്റ്റിങ് യൂണിറ്റ്

ജൈവവാശിഷ്ടങ്ങള്‍ കംപോസ്റ്റാക്കാന്‍ ബൊക്കാഷി-ബര്‍ക്‌ലി രീതിയാണ് ഇവര്‍ അവലംബിക്കുന്നത്. മത്സ്യ–മാംസങ്ങളും പുളിപ്പുള്ള വസ്തുക്കളും പാലുല്‍പന്നങ്ങളും മുട്ടത്തോടും ഉള്‍പ്പെടെ എല്ലാ ജൈവാവശിഷ്ടങ്ങളും കംപോസ്റ്റാക്കാന്‍ കഴിയുന്ന ജാപ്പനീസ് സംസ്കരണ രീതിയാണ് ബൊക്കാഷി. അണുകുടുംബങ്ങള്‍ക്കു പ്രയോജനപ്പെടുന്ന ബൊക്കാഷി ബക്കറ്റുകള്‍ ഇന്നു പ്രചാരത്തിലുണ്ടല്ലോ. ലാക്ടോബാ സിലസ് ബാക്ടീരിയകളെ ഉപയോഗിച്ച് മാലിന്യം പുളിപ്പിക്കുന്ന അനെയ്റോബിക് രീതിയാണിത്. ഈ രീതിയിൽ സംസ്കരിക്കുമ്പോൾ മാലിന്യം അഴുകുന്ന ഗന്ധമുണ്ടാകില്ല. പകരം അച്ചാറിട്ടതിനു സമാനമായ ചെറിയൊരു മണം മാത്രമാണുണ്ടാവുക. 70 കുടുംബങ്ങളിൽനിന്ന് ദിവസം ശരാശരി 50-60 കിലോ അടുക്കളയവശിഷ്ടങ്ങളാണ് ടെറസ്സിലെത്തിച്ചു സംസ്‌കരിക്കുന്നത്. മാലിന്യം  ശാസ്ത്രീയമായി തരംതിരിച്ചാണ്   ഒരോ കുടുംബവും കൈമാറുന്നത്. 

waste-management-2
കംപോസ്റ്റ് ചാക്കിൽ സൂക്ഷിച്ചിരിക്കുന്നു

വീടുകളില്‍, ബക്കറ്റുകളിലെ ചെറിയ അളവിലുള്ള മാലിന്യം കൈകാര്യം ചെയ്യുമ്പോള്‍ ബൊക്കാഷി രീതി എളുപ്പമാണെങ്കിലും വലിയ അളവില്‍ മാലിന്യം സംസ്കരിക്കേണ്ടി വരുമ്പോള്‍ ബുദ്ധിമുട്ടുകളുണ്ട്. ബർക്‌‌ലി കംപോസ്റ്റിങ് ഇതിനോടു കൂട്ടിച്ചേർത്തത് സംസ്കരണം കൂടുതൽ എളുപ്പമാക്കാനാണ്. കാലിഫോര്‍ണിയ സര്‍വകലാശാല വികസിപ്പിച്ചെടുന്ന കംപോസ്റ്റിങ് രീതിയാണ് ബർക്‌ലി. സൂര്യതാപം സ്വീകരിച്ച് കംപോസ്റ്റിങ് വേഗം കൂട്ടുന്ന രീതിയാണിത്. അസുഖകരമായ ഗന്ധമില്ലാതെയും വേഗത്തിലും കംപോസ്റ്റിങ് പ്രക്രിയ പൂര്‍ത്തിയാകാന്‍ ഈ രീതി പ്രയോജനപ്പെടുന്നുവെന്ന് ഫ്‌ളാറ്റിലെ താമസക്കാരില്‍ ഒരാളും ഐടി കണ്‍സല്‍റ്റന്റുമായ റിനോഷ് ജേക്കബ് കുര്യന്‍ പറയുന്നു. ശാസ്ത്രീയ മാലിന്യസംസ്കരണരീതികളില്‍ റിനോഷിനുള്ള താല്‍പര്യമാണ് ഇങ്ങനെയൊരു രീതി നടപ്പാക്കാൻ ഇടയാക്കിയതും. മാലിന്യസംസ്കരണത്തിനു മാത്രമായി ഫ്‌ളാറ്റില്‍ ജീവനക്കാരുള്ളതിനാല്‍ എല്ലാ കാര്യങ്ങളും ചിട്ടയായി നടക്കും. പൂന്തോട്ടത്തിലെ അവശിഷ്ടങ്ങള്‍ നുറുക്കിപ്പൊടിക്കാന്‍ ചെറിയൊരു ഷ്റെഡിങ് യന്ത്രവും സജ്ജം.  ഇങ്ങനെ പൊടിച്ചെടുക്കുന്നതും കംപോസ്റ്റിങ്ങിന്റെ ഭാഗമാക്കും. നിർമിക്കുന്ന കംപോസ്റ്റിൽ നല്ല പങ്കും പൂന്തോട്ടത്തിലെ ചെടികൾക്കും പൂമരങ്ങൾക്കും വളമാക്കും. ഫ്ലാറ്റിലെ തന്നെ താമസക്കാരില്‍ സ്ഥ ലവും കൃഷിയുമുള്ളവരുമുണ്ട്. ആവശ്യമെങ്കില്‍ അവര്‍ക്കും കൈമാറും

ഫോണ്‍: 7994777945

waste-management-3
ഉദ്യാനാവശിഷ്ടങ്ങൾ പൊടിക്കുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com