ADVERTISEMENT

കർക്കിടകത്തിലെ ഉത്രട്ടാതി. മലയാളത്തിന്റെ പ്രിയകഥാകാരൻ എം.ടി.വാസുദേവൻനായരുടെ 87ാം പിറന്നാൾ. സാഹിത്യത്തിലും സിനിമയിലും ഒരേപോലെ പ്രതിഭ തെളിയിച്ച എംടിയുടെ പേനയിൽ നിന്നു പിറന്നുവീണ പഞ്ചാഗ്നി എന്ന സിനിമയും അതിലെ ഗാനങ്ങളും മലയാളികൾ എന്നുമോർക്കും. ഒഎൻവിയുടെ വരികൾക്കു ബോംബെ രവി ഈണം നൽകിയ  ‘‘സാഗരങ്ങളേ..’’ എന്നു തുടങ്ങുന്ന ഗാനം സ്ക്രീനിൽ തെളിയുമ്പോൾ മലയാളികൾ കണ്ടുപരിചയമില്ലാത്തൊരു മോഹൻലാൽ മുഖം. മീശയൊന്നുമില്ലാതെ കരുണനിറഞ്ഞൊരു ഭാവം. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു പഞ്ചാഗ്നിയിലെ റഷീദ്. എന്നാൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകനും തിരക്കഥാകൃത്തും മനസ്സിൽ കണ്ടിരുന്നത് മറ്റൊരു താരത്തെയായിരുന്നു. ബോളിവുഡ് നടൻ നസിറുദ്ദീൻഷാ. 

മലയാള സിനിമയിലെ ഒരു വഴിത്തിരിവായിരുന്നു എം.ടി.വാസുദേവൻനായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത പഞ്ചാഗ്നി എന്ന സിനിമ. 1986ൽ റിലീസ് ചെയ്ത ഈ സിനിമ നായികാപ്രാധാന്യമുള്ള ചിത്രമായിരുന്നു. ഗീത അവതരിപ്പിച്ച ഇന്ദിര എന്ന നക്സലൈറ്റിന്റെ ജീവിതം പറയുന്ന ചിത്രത്തിൽ നായകനായിരുന്ന മോഹൻലാൽ വ്യത്യസ്തമായൊരു ഗെറ്റപ്പിലാണ് എത്തുന്നത്. 

എന്നാൽ റഷീദ് എന്ന പത്രപ്രവർത്തകനായി മോഹൻലാലിനെയായിരുന്നില്ല സംവിധായകൻ മനസ്സിൽ കണ്ടിരുന്നത്. നസിറുദ്ദീൻ  ഷായെയായിരുന്നു. ബോളിവുഡ് താരം നസിറുദ്ദീൻ ഷായിൽ നിന്ന് റഷീദ് എങ്ങനെ മോഹൻലാലിലെത്തി എന്നതിനെക്കുറിച്ച് ഹരിഹരൻ ഒരിക്കൽ പറഞ്ഞതിങ്ങനെയായിരുന്നു. എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളാണ് 1986ൽ റിലീസ് ചെയ്തത്. പഞ്ചാഗ്നിയും നഖക്ഷതങ്ങളും. ആദ്യത്തേത് താരസമ്പന്നമായ ചിത്രമായിരുന്നെങ്കിൽ നഖക്ഷതങ്ങൾ പുതുമുഖങ്ങൾ നായകരായ ചിത്രമായിരുന്നു. 

നഖക്ഷതങ്ങളെ പോലെ പഞ്ചാഗ്നിയും  ഹരിഹരന്റെ നിർമാണ കമ്പനിയായ ഗായത്രി ഫിലിംസ് ആണ് നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നത്. അതിനുള്ള ഒരുക്കങ്ങൾക്കിടെയാണ് എം.ടി വിളിക്കുന്നത്. വിജയകുമാർ സെവൻ ആർട്സ് എന്ന നിർമാണ കമ്പനി തുടങ്ങുന്നു. ഒരു ചിത്രം അദ്ദേഹത്തിനു വേണം. പഞ്ചാഗ്നി വിജയകുമാറിനു നൽകാം.  നല്ല ചിത്രങ്ങളെ തിരിച്ചറിയാൻ കഴിയുന്ന നിർമാതാവായിരുന്നു വിജയകുമാർ.  

പഞ്ചാഗ്നിയുടെ കഥ പൂർത്തിയായപ്പോൾ എം.ടി പറഞ്ഞിരുന്നു  അതിലൊരു പത്രപ്രവർത്തകന്റെ വേഷമുണ്ടെന്ന്. ചെറിയ വേഷമാണ്. പതിവിൽ നിന്നു വ്യത്യസ്തമായി ആരെങ്കിലും ചെയ്യുകയാണു നല്ലതെന്ന് ഹരിഹരനും തോന്നി. എം.ടിയോടു പറഞ്ഞപ്പോൾ അദ്ദേഹത്തിനും സന്തോഷം. നഖക്ഷതങ്ങളുടെയും പഞ്ചാഗ്നിയുടെയും സംഗീതം ഏല്‍പ്പിക്കാന്‍ നൗഷാദിനെ കാണാൻ ബോംബെയിൽ പോയപ്പോൾ  നസിറുദ്ദീൻ ഷായെയും കണ്ടു അഡ്വാൻസും  കൊടുത്തു. വളരെ സന്തോഷത്തോടെയാണ് ഷാ മലയാളത്തില്‍ അഭിനയിക്കാൻ വരാമെന്നേറ്റത്. സിനിമയുടെ സംഗീതത്തിന്റെ ചുമതല  ബോംബെ രവിയെ  ഏൽപിച്ചു.

അങ്ങനെയിരിക്കെയാണ് നിർമാതാവ് വിജയകുമാർ വിളിക്കുന്നത്. മോഹൻലാലിന് എം.ടി-ഹരിഹരൻ ചിത്രത്തിൽ അഭിനയിക്കാൻ താല്‍പര്യമുണ്ടെന്ന്.  ഹരിഹരനെ  കാണാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞു. സിനിമയുടെ താരനിർണയം ഏകദേശം പൂർത്തിയായിരുന്നു. ഞാനിക്കാര്യം വിജയകുമാറിനോടു പറഞ്ഞു. അടുത്തദിവസം മോഹൻലാൽ  ഹരിഹരനെ വിളിച്ചു. മദ്രാസിൽ  കാണാൻ വരട്ടെയെന്നു ചോദിച്ചു. അങ്ങനെ ലാൽ വന്നു. എന്തുകൊണ്ട് ലാലിനൊരു വേഷം കൊടുത്തുകൂടാ എന്നു ഹരിഹരൻ ചിന്തിച്ചു. എം.ടിയോട് ഇക്കാര്യം സൂചിപ്പിച്ചു. പത്രപ്രവർത്തകന്റെ വേഷം നൽകാമെന്നു ഹരിഹരൻ പറഞ്ഞു. അത് ഷായെ ഏല്‍പ്പിച്ചതല്ലേയെന്ന് എം.ടി  ചോദിച്ചു.  ഷായ്ക്ക് അടുത്ത ഏതെങ്കിലും ചിത്രത്തിൽ  അവസരം നൽകാം. റഷീദായി മോഹൻലാലിനെ തീരുമാനിക്കാമെന്ന് അവർ ഉറപ്പിച്ചു. 

മോഹന്‍ലാലിന്റെ പതിവു വേഷത്തില്‍ നിന്നു എന്തെങ്കിലും വ്യത്യാസം വേണമെന്ന് ഹരിഹരൻ ചിന്തിച്ചു. അങ്ങനെയാണ് ലാലിനോട് മീശയെടുക്കാൻ പറഞ്ഞത്.  ലാലിനു സമ്മതം. കഥാപാത്രത്തിനു വേണ്ടി എന്തുത്യാഗവും സഹിക്കാന്‍ലാൽ ഒരുക്കമായിരുന്നു അങ്ങനെ ലാൽ പഞ്ചാഗ്നിയുടെ ഭാഗമായി. ആദ്യം എം.ടി ചെറിയ റോളായിരുന്നു എഴുതിയിരുന്നത്. പിന്നീടതു വികസിപ്പിച്ചു. മോഹൻലാൽ നായകനിരയിലേക്ക് ഉയർന്നു. 

1986 ഫെബ്രുവരി ഒന്നിനായിരുന്നു ചിത്രം റിലീസ് ചെയ്തത്. ഷാജി എൻ.കരുൺ ആയിരുന്നു കാമറാമാൻ. കലാസംവിധാനം എസ്. കൊന്നക്കാട്ടും. ഒ.എൻ.വിയുടെ എക്കാലത്തെയും മികച്ച ഗാനരചനയായിരുന്നു ഇതിലേത്. അതിന് അർഹിക്കുന്ന സംഗീതം തന്നെ ബോംബെ രവി നൽകി.   

തിലകന്റെ രാമേട്ടനും വളരെ വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു. മുംബൈ അധോലോകത്തെക്കുറിച്ചു നന്നായി പഠിച്ചൊരു പത്രപ്രവർത്തകനുണ്ടായിരുന്നു രാമചന്ദ്രൻ എന്ന മലയാളി. അധോലോകനായകന്മാരും ഭരണാധികാരികളും ഒരേപോലെ പേടിച്ചിരുന്ന ആളായിരുന്നു ഈ പത്രപ്രവർത്തകൻ. ഒരുഘട്ടത്തിൽ അദ്ദേഹം എല്ലാം ഉപേക്ഷിച്ച് മദ്യത്തിൽ അഭയം തേടി. ഒടുവിൽ മുംബൈയിലെ തെരുവിൽ ആരോരുമില്ലാതെ കിടന്നു മരിക്കാനായിരുന്നു അദ്ദേഹത്തിന്റെ യോഗം. ഒരിക്കൽ മുംബൈയിൽ വച്ച് എംടി അദ്ദേഹത്തെ പരിചയപ്പെട്ടിരുന്നു. ഇദ്ദേഹത്തെയാണ് എംടി പഞ്ചാഗ്നിയിലേക്കു കൊണ്ടുവരുന്നതും തിലകൻ ആ കഥാപാത്രത്തിനു ജീവൻ നൽകുന്നതും. 

നായികയായ ഗീതയുടെ അമ്മയായ സ്വാതന്ത്ര്യസമര സേനാനി ലക്ഷ്മിക്കുട്ടിയമ്മയെ അവതരിപ്പിച്ചത് ചെങ്കുളത്തു ലക്ഷ്മീദേവിയായിരുന്നു. റേഡിയോ ആർടിസ്റ്റായിരുന്ന അവർ ബെംഗളൂരുവിലായിരുന്നു താമസം. തിക്കോടിയന്റെ നാടകത്തിലൊക്കെ അഭിനയിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com