ADVERTISEMENT

1942 november 26 - The film Casablanca, starring Humphrey Bogart and Ingrid Bergman, has its world premiere at the Hollywood Theatre in New York. 

എനിക്കറിയില്ല , എന്തുകൊണ്ട് ഈ സിനിമയിലേക്കിങ്ങനെ  നിരന്തരം തിരിച്ചുപോകുന്നുവെന്ന്? അങ്ങനെയെത്രയോ പേർ... എഴുപത്തിയെട്ടു വർഷത്തിലെത്തിയ ആ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയ്ക്ക് ഭൂഖണ്ഡങ്ങളെ, പല തലമുറകളിലെ കാഴ്ചക്കാരെ  ഇങ്ങനെ അനുസ്യൂതം, അവിരാമം തിരശ്ശീലയ്ക്കു മുന്നിലെത്തിക്കാൻ കഴിയുന്നതെന്തുകൊണ്ട്? 

കാലാതീതമായ ഇന്ദ്രജാലം? കവിത? ജീവിതം? ഖസാക്കിന്റെ ഇതിഹാസത്തെപ്പറ്റിയുള്ള  ഒരു പിൽക്കാലക്കുറിപ്പിൽ ഒ.വി. വിജയൻ വിശദീകരണം കണ്ടെത്തി സ്വയം സമാശ്വസിപ്പിക്കുന്നതുപോലെ: – ഇതെല്ലാമായിരിക്കും! 

വീണ്ടുംകാണലിലെപ്പോഴോ  കസാ‍ബ്ലാങ്ക  ഒരു മദ്യപന്റെ ആത്മകഥയാണെന്നു മനസ്സിലായി. രണ്ടാം ലോകയുദ്ധത്തിന്റെ ആയിരം ആകുലതയ്ക്കിടയിൽ മൊറോക്കൻ നഗരമായ കസാ‍ബ്ലാങ്കയിൽ നൈറ്റ് ക്ളബ് നടത്തുന്ന റിക്കിന്റെ, മദ്യം കൊണ്ടെഴുതിയ പ്രണയാമ്ലകഥ 

പ്രണയത്തിന്റെയും ധർമബോധത്തിന്റെയും  സംഘർഷമനുഭവിക്കുന്ന  നായകനാണ് അയാൾ. എന്തിനാണു താൻ മദ്യപിക്കുന്നതെന്നു റിക്കിനു നന്നായി അറിയാം. അതുകൊണ്ടാണ്, നിങ്ങൾ ഏതു രാജ്യക്കാരനാണെന്നു  ചോദിക്കുന്ന ജർമൻകാരനോട്  അയാൾ ഇങ്ങനെ മറുപടി പറയുന്നത്: ‘ഞാനൊരു മദ്യപനാണ്...’ എത്ര വ്യത്യസ്തവും ഉറപ്പുള്ളതുമായ മറുപടി! 

ഒരിക്കൽ പ്രണയം കുടിച്ചുകൊണ്ടിരുന്നയാളാണ് അയാളും. ദാഹം മാറിയിരുന്നില്ല. എന്നിട്ടും, അയാളുടെ ജീവിതത്തിൽനിന്നും ഇറങ്ങിപ്പോയി അവൾ.  കുറേ കാത്തിരുന്നുകാണും, റിക്ക്. തിരിച്ചുവരില്ലെന്ന് ഉറപ്പുകിട്ടിയിട്ടും  കാത്തിരിപ്പു വേണ്ടെന്നുവച്ചും കാണില്ല.  ഒരിക്കൽ നിനച്ചിരിയാതെ  തിരിച്ചുവരികയാണവൾ. ഒപ്പം, ഭർത്താവുമുണ്ടെന്നു മാത്രം. തന്നിലെ അനുരാഗം അപ്പോഴും ആളിക്കത്തുന്നുണ്ടെന്നു റിക്ക് തിരിച്ചറിയുന്നു. കാരണം, മറക്കാൻമാത്രം ലോലമായൊരു പ്രണയമായിരുന്നില്ലല്ലോ, അത്. പിന്നെയോ? – Of all the gin joints in all of the towns in all the world, she walks into mine… (സിനിമ ഉച്ചരിച്ച ഏറ്റവും മികച്ച പ്രണയവാചകം!) 

നാസികൾക്കെതിരെ  പൊരുതാൻ സ്വയം സമർപ്പിച്ച അവളുടെ ഭർത്താവിനെ കസാ‍ബ്ലാങ്കയിൽനിന്നു രക്ഷപ്പെടുത്തി, കാമുകിക്കു തിരിച്ചുകൊടുക്കുന്നതിന്റെ  ത്യാഗാനന്ദം റിക്ക് അനുഭവിക്കുന്നു.

ഇനിയൊരിക്കലും കാണില്ലെന്ന ഉറപ്പോടെതന്നെ, അവരെ സുരക്ഷിതത്വത്തിലേക്കു  യാത്രയാക്കിയശേഷം,  ഏകാന്തമായൊരു സാമാജ്യത്തിന്റെ ഒടുവിലത്തെ ചക്രവർത്തിയുടെ ഗർവോടെ റിക്ക് സ്വയം ചിയേഴ്സ് പറഞ്ഞിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. 

കസാ‍ബ്ലാങ്ക അതിസുന്ദരമായൊരു  പ്രണയത്തിന്റെ അമ്ലസൗന്ദര്യമാണ്.  മദ്യം കൊണ്ടെഴുതിയത്.  പൊള്ളിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com