ADVERTISEMENT

കാലമെത്ര കഴിഞ്ഞിട്ടും കടലെത്ര ക്ഷോഭിച്ചിട്ടും ആ പ്രതിമ അവിടെത്തന്നെ നിന്നു. നിരന്തരമായി ഉപ്പുകാറ്റടിച്ച് അവന് കാലാന്തരത്തിൽ ക്ലാവു പിടിച്ചു. അവന്റെ നോട്ടം ചെന്നുമുട്ടിയയിടത്ത്, തള്ളി നിൽക്കുന്ന മനസിന്റെ ഭാഗത്തെ കടലിൽ, അവനെ ഒരുനോക്കു കാണാൻ ആർത്തിമൂത്ത്, ഇടയ്ക്കിടെ ജലകന്യകമാർ തലപൊന്തിക്കുമായിരിക്കും.: പ്രതിമയും രാജകുമാരിയും

 

വളർച്ചയിലേക്കുള്ള പ്രയാണത്തിന്റെ ഒരു ഘട്ടം മരണമായിരിക്കും. അല്ലെങ്കിൽ ആരംഭം എന്നു പറയുന്നത് മൃത്യുവിന്റെ മരവിപ്പായിരിക്കും. : പുകക്കണ്ണട

 

അനശ്വരപ്രണയകഥകളുടെ രചയിതാവായ ഗന്ധർവന്റെ എഴുപതാം ജന്മവാർഷികമാണിന്ന്.  നിഗൂഢത നിറഞ്ഞു നിൽക്കുന്ന കഥകൾ വളരെ ലളിതമായി ഒരു മുത്തശ്ശി പറയുന്നത് പോലെ നമുക്കു മുമ്പിൽ അവതരിപ്പിച്ചിരുന്ന ഒരേയൊരാൾ പത്മരാജൻ മാത്രമാണ്. മനുഷ്യമനസിന്റെ സൂക്ഷ്മതകളിലേക്കിറങ്ങിച്ചെന്ന് അവിശ്വസനീയമെന്ന് തോന്നുന്ന പലതും നമുക്കു മുന്നിൽ കൊണ്ടുവരികയും, കഥയിലെ ഓരോ കഥാപാത്രങ്ങൾക്കും അതിന്റെതായ പ്രാധാന്യം നൽകുവാനും പത്മരാജനോളം ആരുമില്ലായെന്ന് തന്നെ പറയാം. മലയാളത്തിന്റെ എക്കാലത്തേയും കരുത്തുറ്റ കഥാകൃത്തായിരുന്നു പത്മരാജൻ. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ജനഹൃദയങ്ങളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു. പത്മരാജന്റെ സിനിമകളിൽ  നിറഞ്ഞു നിന്നത് പ്രധാനമായും അദ്ദേഹത്തിന്റെ ഗ്രാമത്തിലേയും ജീവിതത്തിൽ കണ്ടു മുട്ടിയിട്ടുള്ള കഥാപാത്രങ്ങളേയുമാണ്. കുഞ്ഞുനാളിൽ കേട്ടിട്ടുള്ള,  മുത്തശ്ശി കഥകളിൽ മാത്രം കണ്ടു പരിചയമുള്ള ദേവലോകത്ത് നിന്നും ശാപം കിട്ടിയ ഗന്ധർവ്വനെ ഭൂമിയിൽ കൊണ്ടു വന്നപ്പോൾ നമ്മളും ആ യാഥാർത്ഥ്യത്തെ തിരിച്ചറിയുകയാണ്, പത്മരാജൻ ഒരു ഗന്ധർവ്വനാണെന്ന്. 

padmarajan-koodevide

 

1945 മേയ് 23 ന് ആലപ്പുഴയിലെ മുതകുളത്ത് ഞവരയ്ക്കൽ തറവാട്ടിലായിരുന്നു പത്മരാജൻ ജനിച്ചത്. ചേപ്പാട് ഞവരയ്ക്കൽ അനന്തപത്മനാഭ പിളളയായിരുന്നു പിതാവ്. ദേവകിയമ്മ മാതാവും.പ്രാഥമിക വിദ്യാഭ്യാസം നാട്ടിൽ തന്നെയായിരുന്നു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ തിരുവനന്തപുരം മഹാത്മഗാന്ധി കോളജിൽ പ്രീ യൂണിവേഴ്സ്റ്റിക്കു ചേർന്നു. തുടർന്ന് യൂണിവേഴ്സിറ്റി കോളജിൽ നിന്നു രസതന്ത്രത്തിൽ ബിരുദവും നേടി. കോളജിൽ പഠിക്കുന്ന കാലത്താണ് ശ്രദ്ധ കഥകളിലേക്കുതിരിഞ്ഞത്.. പത്മരാജന്റെ ആദ്യം എഴുതിയ കഥ  ‘ലോല മിസ് ഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ്’ ആണ്. 

 

അദ്ദേഹത്തിന്റെ നോവലുകളിലെല്ലാം പ്രധാനമായും  പ്രണയം, വിപ്ലവം. നിഗൂഡത, അസുയ, വിമർശനം, തുടങ്ങിയമനുഷ്യ സഹജമായ സ്വഭാവങ്ങൾ മുൻനിർത്തിയാണ്.  എല്ലാ നോവലുകളിലും സ്ത്രീപുരുഷ ബന്ധങ്ങളുടെ സങ്കീർണ്ണതകൾ ഉൾക്കൊള്ളുന്നവയാണ്. അപരൻ, പ്രഹേളിക, പുക, കണ്ണട, തുടങ്ങിയ കൃതികൾ അക്കാലത്ത് പ്രശസ്തങ്ങളായവയാണ്. പിന്നീട് നോവൽ രചനയിലേക്ക് കടന്നു.1971 ൽ എഴുതിയ നക്ഷത്രങ്ങളേ കാവൽ എന്ന നോവൽ വളരെ പ്രശസ്തമായിരുന്നു. ആ വർഷത്തെ കുങ്കുമം അവാർഡും, മികച്ച നോവലിനുള്ള സാഹിത്യ അക്കാദമി അവാർഡും ആ നോവലിനു ലഭിച്ചു. പ്രയാണം എന്ന ആദ്യ തിരക്കഥയെഴുതി. തുടർന്ന്  വാടകയ്ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി, തുടങ്ങി പതിനഞ്ചോളം നോവലുകളും, മുപ്പതോളം തിരക്കഥകളും എഴുതി.

 

തന്റെ സ്വന്തം തിരക്കഥയായ പെരുവഴിയമ്പലം എന്ന നോവൽ സംവിധാനം ചെയ്തുകൊണ്ടാണ് സംവിധാന രംഗത്തേക്ക് കടന്നു വന്നത്. രചനയിലെന്നപോലെ സംവിധാന രംഗത്തും ശോഭിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.കള്ളൻ പവിത്രൻ, ഒരിടത്തൊരു ഫയൽവാൻ,അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ,  നവംബറിന്റെ നഷ്ടം, നൊമ്പരത്തിപ്പൂവ്, തൂവാനത്തുമ്പികൾ, അപരൻ, ‘മൂന്നാം പക്കം, ഇന്നലെ, ഞാൻ ഗന്ധർവൻ എന്ന ചിത്രങ്ങളെല്ലാം തന്നെ അദ്ദേഹത്തിന്റെ കഴിവ് തെളിയിച്ച പടങ്ങളാണ്. പതിനെട്ടൊളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

 

ഇതാ ഇവിടെവരെ, രതിനിർവേദം, വാടകയ്ക്ക് ഒരു ഹൃദയം, സത്രത്തിൽ ഒരു രാത്രി, രാപ്പാടികളുടെ ഗാഥ, നക്ഷത്രങ്ങളെ കാവൽ, തകര, കൊച്ചു കൊച്ചു തെറ്റുകൾ, ശാലിനി എന്റെ കൂട്ടുകാരി, ലോറി, കരിമ്പിൻ പൂവിന്നക്കരെ, ഒഴിവുകാലം, ഇൗ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങിയവ  മറ്റു സംവിധായകർക്കായി പത്മരാജൻ എഴുതിയ തിരക്കഥകളാണ്.

 

രാപ്പാടികളുടെ ഗാഥയ്ക്ക് 1978 ലെയും പെരുവഴിയമ്പലത്തിന് 1979 ലെയും കാണാമറയത്തിന് 1984 ലെയും അപരന് 1988 ലെയും മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് അദ്ദേഹത്തിനു ലഭിച്ചു. ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും തുടങ്ങിയ നോവലുകൾ ചലച്ചിത്രരംഗത്ത് പ്രസിദ്ധനായതിനുശേഷം രചിച്ചതായിരുന്നു.

 

പരിഹാരം എളുപ്പമല്ലാത്ത പ്രമേയങ്ങളോടായിരുന്നു എന്നും പി. പത്മരാജന്റെ ഇഷ്ടം. കഥയിലായാലും നോവലിലായാലും സിനിമയിലായാലും അദ്ദേഹത്തിന്റെ പ്രമേയങ്ങളിൽ അങ്ങനെയൊരു നിഗൂഢത കൈവന്നു. അതേസമയം, പത്മരാജനിൽ എന്നും ഒരു അനായാസ കഥപറച്ചിൽകാരനും ഉണ്ടായിരുന്നു. തണുത്ത രാത്രിയിൽ തീകാഞ്ഞിരിക്കുന്ന ചെറുകൂട്ടത്തിനു മുന്നിൽ ഭ്രമാത്മകമായ മുത്തശ്ശിക്കഥ പറയുന്ന ഒരാൾ... കഥയുടെയും കഥ പറച്ചിലിന്റെയും ഈ സൗന്ദര്യം പത്മരാജൻ എന്നും കാത്തുസൂക്ഷിച്ചു.

 

പതിനഞ്ചു നോവലുകൾക്കും 35 തിരക്കഥകൾക്കും പുറമേ ഏറെ ചെറുകഥകളും എഴുതി. കേരള സാഹിത്യ അക്കാദമി അവാർഡും സിനിമയിൽ ദേശീയ  രാജ്യാന്തര പുരസ്കാരങ്ങളും നേടി. പിന്നെ, ഒരു കഥ പാതിയിൽ പറഞ്ഞുനിർത്തുമ്പോലെ 1991 ജനുവരിയിൽ നാൽപ്പത്തിയാറാം വയസ്സിൽ അവസാനിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com